ന്യൂയോര്‍ക്ക്: അമേരിക്കയില്‍ അരങ്ങേറാനിരിക്കുന്ന മേജര്‍ ലീഗ് ക്രിക്കറ്റ് (എംഎല്‍സി) പോരാട്ടത്തില്‍ ടീമിനെ സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്. മറ്റ് ഐപിഎല്‍ ഫ്രാഞ്ചൈസികളായ ഡല്‍ഹി ക്യാപിറ്റല്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമുകളും ടൂര്‍ണമെന്റിലെ ഫ്രാഞ്ചൈസി സ്വന്തമാക്കിയിട്ടുണ്ട്. പിന്നാലെയാണ് മുംബൈ ഇന്ത്യന്‍സും അമേരിക്കയിലെ പുതിയ ക്രിക്കറ്റ് വിപ്ലവത്തില്‍ കൈകോര്‍ക്കുന്നത്.
ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ടീമിനെയാണ് മുംബൈ സ്വന്തമാക്കിയിരിക്കുന്നത്. മുംബൈ ഇന്ത്യന്‍സ് ന്യൂയോര്‍ക്ക് എന്നാണ് ടീമിന്റെ പേര്.
മേജര്‍ ലീഗ് ക്രിക്കറ്റ് പോരാട്ടത്തിന്റെ പ്രഥമ പതിപ്പില്‍ മത്സരിക്കുമെന്ന് മുംബൈ ഇന്ത്യന്‍സ് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രവര്‍ത്തനങ്ങളെല്ലാം പൂര്‍ത്തിയായെന്നും ടീം ഇറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.
സിയാറ്റില്‍ ഓര്‍ക്കാസ് ടീമിനെയാണ് ഡല്‍ഹി രംഗത്തിറക്കുന്നത്. മൈക്രോസോഫ്റ്റ് സിഇഒ സത്യ നദല്ലെയടക്കമുള്ളവര്‍ ടീമില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. ടെക്‌സസ് കേന്ദ്രമാക്കിയുള്ള ഫ്രാഞ്ചൈസിയാണ് ചെന്നൈയുടേത്.
വളരെ ആവേശകരമായി മുംബൈ ഇന്ത്യന്‍സ് ഫാമിലിയിലേക്ക് ന്യൂയോര്‍ക്ക് ഫ്രാഞ്ചൈസിയെ സ്വാഗതം ചെയ്യുകയാണെന്ന് ഉടമ നിത അംബാനി പറഞ്ഞു. യുഎസിലെ ആദ്യ ക്രിക്കറ്റ് ലീഗിലേക്കുള്ള വരവോടെ ഭയരഹിതവും വിനോദപ്രദവുമായി ക്രിക്കറ്റിന്റെ ആഗോള വക്താക്കളായി മുംബൈ ഇന്ത്യന്‍സിനെ മാറ്റാനാകുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നതായി അവര്‍ പറഞ്ഞു. മുംബൈ ഇന്ത്യന്‍സിന്റെ ഈ പുതിയ തുടക്കത്തെ ആവേശത്തോടെയാണ് നോക്കി കാണുന്നതെന്നും അവര്‍ വ്യക്തമാക്കി.
മുംബൈ ഇന്ത്യന്‍സ് ലോകത്തെ മറ്റ് ലീഗുകളിലും ടീമിനെ ഇറക്കിയിട്ടുണ്ട്. ഐപിഎല്‍ കൂടാതെ സൗത്ത് ആഫ്രിക്ക ടി20യില്‍ മുംബൈ ഇന്ത്യന്‍ കേപ് ടൗണ്‍, ഐഎല്‍ടി20യില്‍ മുംബൈ ഇന്ത്യന്‍സ് എമിറേറ്റ്‌സ്, വനിതാ പ്രീമിയര്‍ ലീഗിലെ ടീം എന്നിവയിലാണ് നിലവില്‍ ഫ്രാഞ്ചൈസിയുള്ളത്. മൂന്ന് വ്യത്യസ്ത ഭൂഖണ്ഡങ്ങള്‍, നാല് വ്യത്യസ്ത രാജ്യങ്ങളിലായി അഞ്ച് വ്യത്യസ്ത ലീഗുകളില്‍ മുംബൈ ഇന്ത്യന്‍സ് ടീം കളിക്കുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates