ഡല്‍ഹി, മുംബൈ, യുപി; വനിതാ പ്രീമിയര്‍ ലീഗ് ഫൈനലിലേക്ക് ആരൊക്കെ? ഇന്ന് ജീവന്‍മരണ പോരാട്ടങ്ങള്‍

ഏഴ് മത്സരങ്ങളില്‍ നിന്ന് അഞ്ച് വിജയവും രണ്ട് തോല്‍വിയുമായി പത്ത് പോയിന്റോടെ ഡല്‍ഹി, മുംബൈ ടീമുകള്‍ ഒന്നും രണ്ടും സ്ഥാനത്തും നില്‍ക്കുന്നു
മുംബൈ ക്യാപ്റ്റൻ ഹർമൻപ്രീതും ഡൽഹി താരം മെ​ഗ് ലാന്നിങും മത്സര ശേഷം/ പിടിഐ
മുംബൈ ക്യാപ്റ്റൻ ഹർമൻപ്രീതും ഡൽഹി താരം മെ​ഗ് ലാന്നിങും മത്സര ശേഷം/ പിടിഐ

മുംബൈ: പ്രഥമ വനിതാ പ്രീമിയര്‍ ലീഗ് പോരാട്ടത്തിന്റെ ലീഗ് ഘട്ടത്തിലെ അവസാന മത്സരങ്ങള്‍ ഇന്ന് നടക്കും. ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് മുംബൈ ഇന്ത്യന്‍സുമായി യുപി വാരിയേഴ്‌സ് ഡല്‍ഹി ക്യാപിറ്റല്‍സുമായും ഏറ്റുമുട്ടും. ഫൈനലിലേക്ക് യോഗ്യത ഉറപ്പിക്കാനുള്ള നിര്‍ണായക പോരാട്ടമാണ് ഇന്ന് മുംബൈക്കും ഡല്‍ഹിക്കും യുപിയ്ക്കും. പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ടീമിന് ഫൈനലിലേക്ക് നേരിട്ട് യോഗ്യത ഉറപ്പിക്കാം. ശേഷിക്കുന്ന സ്ഥാനത്തേക്ക് എത്താന്‍ രണ്ട് ടീമുകള്‍ക്ക് എലിമിനേറ്റര്‍ പോരാട്ടം കളിക്കേണ്ടി വരും. 

ഏഴ് മത്സരങ്ങളില്‍ നിന്ന് അഞ്ച് വിജയവും രണ്ട് തോല്‍വിയുമായി പത്ത് പോയിന്റോടെ ഡല്‍ഹി, മുംബൈ ടീമുകള്‍ ഒന്നും രണ്ടും സ്ഥാനത്തും നില്‍ക്കുന്നു. ഗുജറാത്ത് ജയ്ന്റ്‌സ് പുറത്തായി കഴിഞ്ഞു. റോയല്‍ ചലഞ്ചേഴ്‌സിന് ഇന്ന് ജയിച്ചാലും കാര്യമില്ല. ഫലത്തില്‍ അവരും പുറത്തായി.

ഡല്‍ഹിയുടെ സാധ്യതകള്‍

ഡല്‍ഹി ക്യാപിറ്റല്‍സാണ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. ഇന്ന് യുപിയെ നേരിടുന്ന അവര്‍ വിജയം സ്വന്തമാക്കിയാല്‍ നേരിട്ട് ഫൈനലിലെത്തും. തോറ്റാല്‍ എലിമിനേറ്റര്‍ കളിക്കേണ്ടി വരും. ഇന്ന് മുംബൈ റോയല്‍ ചലഞ്ചേഴ്‌സുമായി കളിക്കുന്നുണ്ട്. ഡല്‍ഹി വിജയം സ്വന്തമാക്കുകയും അതേസമയം തന്നെ രണ്ടാമതുള്ള മുംബൈ വന്‍ മാര്‍ജിനില്‍ റോയല്‍ ചലഞ്ചേഴ്‌സിനെ തോല്‍പ്പിച്ചാലും മാത്രമേ ഡല്‍ഹിയുടെ നേരിട്ടുള്ള ഫൈനല്‍ പ്രവേശത്തില്‍ നിഴല്‍ വീഴു. 

മുംബൈയുടെ സാധ്യതകള്‍

ടൂര്‍ണമെന്റിന്റെ തുടക്കം മുതല്‍ തുടര്‍ വിജയങ്ങളുമായി മന്നേറിയ മുബൈയ്ക്ക് കഴിഞ്ഞ രണ്ട് മത്സരങ്ങളിലെ തോല്‍വി തിരിച്ചടിയായി മാറി. അല്ലെങ്കില്‍ അവര്‍ക്ക് നേരത്തെ തന്നെ ഫൈനല്‍ ഉറപ്പിക്കാമായിരുന്നു. ഇന്നലെ നടന്ന പോരാട്ടത്തില്‍ ഡല്‍ഹി ഒന്‍പത് വിക്കറ്റിന് മുംബൈയെ വീഴ്ത്തി ഒന്നാം സ്ഥാനം പിടിച്ചെടുത്തു. ഇതോടെ ഇന്നത്തെ മത്സരം മുംബൈയ്ക്ക് നിര്‍ണായകമായി. ഇന്ന് വന്‍ മാര്‍ജിനില്‍ ജയിച്ചാല്‍ മാത്രമേ അവര്‍ക്ക് നേരിട്ട് ഫൈനലിലേക്ക് കടക്കാന്‍ സാധിക്കു. മുംബൈ, ഡല്‍ഹി ടീമുകള്‍ ജയിച്ചാല്‍ നെറ്റ് റണ്‍റേറ്റ് മുംബൈക്ക് വിലങ്ങായി നില്‍ക്കും. യുപി ഇന്ന് ഡല്‍ഹിയെ തോല്‍പിക്കുകയും മുംബൈ വിജയിക്കുകയും ചെയ്താല്‍ മുംബൈയ്ക്ക് നേരിട്ട് യോഗ്യത ഉറപ്പിക്കാം. 

യുപിയുടെ സാധ്യതകള്‍

യുപിക്ക് നാല് വിജയങ്ങളാണ് ഉള്ളത്. ഇന്ന് ഡല്‍ഹിയെ നേരിടുന്ന അവര്‍ക്ക് ജയിച്ചാല്‍ മാത്രം പോര. മറ്റ് ടീമുകളുടെ വിജയ മാര്‍ജിനും നിര്‍ണായകം. നേരിട്ട് യോഗ്യത നേടാന്‍ യുപി ഇന്ന് ഡല്‍ഹിയെ വന്‍ മാര്‍ജിനില്‍ തോല്‍പ്പിക്കണം. മാത്രമല്ല ബാംഗ്ലൂര്‍ വന്‍ മാര്‍ജിനില്‍ മുംബൈയെ വീഴ്ത്തുകയും വേണം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com