"ആ മൂന്ന് പന്തുകളും മികച്ചതായിരുന്നു; സൂര്യകുമാർ യാദവിന്റെ പ്രതിഭ ഇവിടെ തന്നെയുണ്ടാകും", പിന്തുണച്ച് രോഹിത് ശർമ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd March 2023 04:49 PM  |  

Last Updated: 23rd March 2023 04:49 PM  |   A+A-   |  

suryakumar_rohit

ഇന്നലെ നടന്ന ഇന്ത്യ-ഓസ്ട്രേലിയ മത്സരത്തിൽ സൂര്യകുമാർ യാദവ് പുറത്തായപ്പോൾ, കളിക്കിടെ രോഹിത് ശർമ്മ/ ചിത്രം: എഎൻഐ

 

ചെന്നൈ: സൂര്യകുമാർ യാദവ് കരിയറിലെ മോശം ഘട്ടത്തിലൂടെയാണു കടന്നുപോകുന്നതെന്നു നായകൻ രോഹിത് ശർമ. ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലും താരം പൂജ്യത്തിനു പുറത്തായതിനു പിന്നാലെയാണ് രോഹിത് ശർമ്മ പിന്തുണയുമായി എത്തിയത്. താരത്തിന്റെ പ്രതിഭ എന്നത് എപ്പോഴും ഉണ്ടാകുമെന്നും താൻ സൂര്യയ്ക്കൊപ്പമാണെന്നും രോഹിത് പറഞ്ഞു. 

‘‘മൂന്ന് മത്സരങ്ങളിൽ മൂന്ന് പന്തുകൾ മാത്രമേ അദ്ദേഹം നേരിട്ടിട്ടുള്ളൂ. സത്യം പറഞ്ഞാൽ ആ മൂന്നു പന്തുകളും വളരെ മികച്ചതായിരുന്നു. മൂന്നാം ഏകദിനത്തിൽ അത്തരമൊരു മികച്ച പന്തല്ല ലഭിച്ചതെങ്കിൽ അദ്ദേഹം മുന്നോട്ടു പോകുമായിരുന്നു’’, മത്സരത്തിനു ശേഷം രോഹിത് പറഞ്ഞു. ഒരു രാജ്യാന്തര ഏകദിന പരമ്പരയിലെ എല്ലാ മത്സരത്തിലും ഗോൾഡൻ ഡക്കാകുന്ന ആദ്യ ബാറ്ററെന്ന വിശേഷണമാണ് ഇപ്പോൾ സൂര്യക്ക്. എന്നാൽ ഇങ്ങനെയുള്ള കാര്യങ്ങൾ ആർക്കും സംഭവിക്കാവുന്നതാണെന്നും സൂര്യയുടെ പ്രതിഭ എന്നത് എപ്പോഴും ഇവിടെ തന്നെയുണ്ടാകുമെന്നും രോഹിത് പറഞ്ഞു. 

‘‘കുറച്ചു വർഷങ്ങളായി ഞങ്ങൾ സൂര്യകുമാറിന്റെ പ്രകടനങ്ങൾ കാണുന്നതാണ്. യാദവ് സ്പിൻ ബോളിങ്ങിനെതിരെ നന്നായി കളിക്കും. മികച്ചത് എന്താണെന്ന് അദ്ദേഹത്തിന് അറിയാം. അതുകൊണ്ടാണ് അദ്ദേഹത്തെ ടീമിലെടുത്തത്. എന്നാൽ ദൗർഭാഗ്യം കാരണം അദ്ദേഹത്തിന് ആകെ മൂന്നു പന്തു മാത്രമേ നേരിടാൻ സാധിച്ചുള്ളൂ‌’’, രോഹിത് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ബാറ്റിങ്ങോ ബൗളിങ്ങോ എന്നറിഞ്ഞിട്ട് മതി ഇനി ടീം പട്ടിക; ഐപിഎല്ലിന് പുതിയ നിയമങ്ങൾ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ