നാഗല്‍സ്മാനെ പുറത്താക്കി; ബയേണില്‍ ഇനി ടുക്കല്‍ കാലം

പരിശീലകനെ പുറത്താക്കിയത് ക്ലബ് ഔദ്യോഗികമായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല
നാ​ഗൽസ്മാൻ, ടുക്കൽ/ ട്വിറ്റർ
നാ​ഗൽസ്മാൻ, ടുക്കൽ/ ട്വിറ്റർ

മ്യൂണിക്ക്: ജര്‍മന്‍ ബുണ്ടസ് ലീഗ വമ്പന്‍മാരായ ബയേണ്‍ മ്യൂണിക്ക് പരിശീലകന്‍ ജൂലിയന്‍ നാഗല്‍സ്മാനെ പുറത്താക്കി. ബയര്‍ ലെവര്‍കൂസനെതിരായ മത്സരത്തില്‍ ബയേണ്‍ 2-1ന് പരാജയപ്പെട്ടിരുന്നു. പിന്നാലെയാണ് ക്ലബ് യുവ പരിശീലകനെ പുറത്താക്കിയത്. മുന്‍ ബൊറൂസിയ ഡോര്‍ട്മുണ്ട് പരിശീലകനും ചെല്‍സിയെ ചാമ്പ്യന്‍സ് ലീഗ് കിരീടത്തിലേക്ക് നയിക്കുകയും ചെയ്ത തോമസ് ടുക്കലാണ് പകരക്കാരനായി ബയേണ്‍ പരിശീലകന്റെ ഹോട്ട് സീറ്റിലേക്കെത്തുന്നത്. 

പരിശീലകനെ പുറത്താക്കിയത് ക്ലബ് ഔദ്യോഗികമായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പ്രമുഖ സ്‌പോര്‍ട്‌സ് ലേഖകന്‍ ഫാബ്രിസിയോ റൊമാനോയാണ് വാര്‍ത്ത ആദ്യമായി പുറത്തുവിട്ടത്. 

ലെവര്‍കൂസനോട് തോറ്റതോടെ ബദ്ധവൈരികളായ ബൊറൂസിയ ഡോര്‍ട്മുണ്ടിനേക്കാള്‍ ഒരു പോയിന്റ് പിന്നിലായി ബയേണ്‍ രണ്ടാം സ്ഥാനത്തേക്ക് ഇറങ്ങിയിരുന്നു. അടുത്ത മത്സരത്തില്‍ ബൊറൂസിയയെ നേരിടാനിരിക്കെയാണ് നാഗല്‍സ്മാന്റെ അപ്രതീക്ഷിത പുറത്താകല്‍. ബൊറൂസിയ ഡോര്‍ട്മുണ്ടിനെതിരായ മത്സരത്തിന് പിന്നാലെ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുമായി ക്വാര്‍ട്ടര്‍ പോരാട്ടവും ബയേണിന് മുന്നിലുണ്ട്. വമ്പന്‍ പോരാട്ടങ്ങള്‍ മുന്നില്‍ നില്‍ക്കെയാണ് ക്ലബിന്റെ അടിയന്തര നീക്കം എന്നതും ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ചു. 

സ്ഥാനമേറ്റ് 18 മാസങ്ങള്‍ക്ക് പിന്നാലെയാണ് സൂപ്പര്‍ പരിശീലകന്‍ പുറത്തേക്കുള്ള വഴി കണ്ടത്. ദീര്‍ഘകാല പദ്ധതിയെന്ന നിലയില്‍ വമ്പന്‍ പ്രതിഫലം നല്‍കിയാണ് ആര്‍ബി ലെയ്പ്‌സിഗിന്റെ പരിശീലക സ്ഥാനത്ത് നിന്ന് നാഗല്‍സ്മാനെ ബയേണ്‍ കൊണ്ടു വന്നത്. ബയേണിനൊപ്പം കഴിഞ്ഞ സീസണില്‍ ബുണ്ടസ് ലീഗ കിരീടവും നാഗല്‍സ്മാന്‍ സ്വന്തമാക്കിയിരുന്നു. 

ചെല്‍സി പുറത്താക്കിയതിന് ശേഷം 49കാരനായ ടുക്കല്‍ നിലവില്‍ ഒരു ടീമിനേയും പരിശീലിപ്പിക്കുന്നില്ല. നേരത്തെ പാരിസ് സെന്റ് ജെര്‍മെയ്‌നേയും ടുക്കല്‍ പരിശീലിപ്പിച്ചിട്ടുണ്ട്. റാല്‍ഫ് റാഗ്നിക്കിന്റെ ഗഗന്‍ പ്രസിങ് അടക്കമുള്ള ഫുട്‌ബോളിലെ നൂതന ആശയങ്ങളുടെ വക്താവ് കൂടിയാണ് ടുക്കല്‍ എന്നതും ബുണ്ടസ് ലീഗയില്‍ നേരത്തെ തന്നെ ടീമിനെ പരിശീലിപ്പിച്ചതും അദ്ദേഹത്തിന് കാര്യങ്ങള്‍ എളുപ്പമാക്കുമെന്നാണ് ബയേണ്‍ കണക്കുകൂട്ടുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com