'ശരിക്കും സമ്മർദ്ദമുണ്ട്, അമ്പരപ്പിക്കുന്ന പ്രകടനമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്'- സഞ്ജു സാംസൺ

പരിശീലകൻ കുമാർ സം​ഗക്കാരയുടെ സാന്നിധ്യം ടീമിന് നൽകുന്ന പ്രചോദനം ചെറുതല്ലെന്ന് സഞ്ജു പറയുന്നു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ജയ്പുർ: ഐപിഎൽ പടിവാതിൽക്കൽ നിൽക്കെ കഴിഞ്ഞ സീസണിലെ രണ്ടാം സ്ഥാനക്കാരെന്ന ലേബൽ വലിയ സമ്മർദ്ദമുണ്ടാക്കുന്നുണ്ടെന്ന് തുറന്നു സമ്മതിച്ച് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനും മലയാളിയുമായ സഞ്ജു സാംസൺ. കഴിഞ്ഞ സീസണിൽ ഫൈനലിൽ കടന്നതിനാൽ ടീമിനെ മുൻനിർത്തി ആരാധകർ വൻ പ്രതീക്ഷയിലാണെന്നും സഞ്ജു പറയുന്നു. ടീമിന്റെ പുതിയ ജേഴ്സി പുറത്തിറക്കിയ ചടങ്ങിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്. 

'18 വയസുള്ളപ്പോഴാണ് ഞാൻ രാജസ്ഥാൻ റോയൽസിൽ എത്തുന്നത്. എനിക്കിപ്പോൾ 28 വയസുണ്ട്. ഈ യാത്ര ശ്രദ്ധേയമായിരുന്നു. ഇക്കാലമത്രയും ആവേശവും ഏറെ വെല്ലുവിളികളും നേരിട്ടു. എന്റെ ടീം മികവ് പുലർത്തണം എന്നാണ് എല്ലായ്പ്പോഴും ഞാൻ ആ​ഗ്രഹിക്കുന്നത്. കഴിഞ്ഞ സീസണുമായി താരതമ്യം ചെയ്യുന്നതിന്റെ സമ്മർദ്ദമുണ്ട്. കഴിഞ്ഞ തവണ ഫൈനലിലെത്തിയതിനാൽ തന്നെ ഇത്തവണയും ടീം അമ്പരപ്പിക്കുന്ന മുന്നേറ്റം നടത്തുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു. മികച്ച പ്രകടനം പുറത്തെടുക്കുകയല്ലാതെ മറ്റൊരു മാർ​ഗവുമില്ല.' 

പരിശീലകൻ കുമാർ സം​ഗക്കാരയുടെ സാന്നിധ്യം ടീമിന് നൽകുന്ന പ്രചോദനം ചെറുതല്ലെന്ന് സഞ്ജു പറയുന്നു. അദ്ദേഹം ടീമിന് വിലപ്പെട്ട സംഭാവനകളാണ് നൽകുന്നതെന്നും സഞ്ജു പറഞ്ഞു. 

'അദ്ദേഹത്തിന്റെ കോച്ചിങ് ഞങ്ങളുടെ ഭാ​ഗ്യമാണ്. ഇതിഹാസ താരമായ അദ്ദേഹത്തിന്റെ ഡ്രസിങ് റൂമിലേയും ​ഗ്രൗണ്ടിലേയും സാന്നിധ്യം ഞങ്ങൾക്ക് വലിയ ഉത്തേജനമാണ് തരുന്നത്. നീണ്ട കാലം കളിച്ചതിന്റെ അനുഭവങ്ങളുള്ള അദ്ദേഹം പകർന്നു തരുന്ന പാഠങ്ങൾ ഉൾക്കൊണ്ട് സ്വയം മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് ഞങ്ങൾ. ടീമിന് മികച്ച നേട്ടങ്ങൾ സമ്മാനിക്കാനുള്ള തന്ത്രങ്ങളെക്കുറിച്ച് അദ്ദേഹം നിരന്തരം ചിന്തിക്കുന്നു'- സഞ്ജു വ്യക്തമാക്കി. 

ഐപിഎല്ലിന്റെ ആദ്യ അധ്യായത്തിൽ ഫൈനലിലെത്തുകയും കിരീടം സ്വന്തമാക്കുകയും ചെയ്ത രാജസ്ഥാൻ അതിന് ശേഷം കഴിഞ്ഞ സീസണിലാണ് ഒരിക്കൽ കൂടി ഫൈനൽ കണ്ടത്. എന്നാൽ ഐപിഎല്ലിലെ കന്നിക്കാരായ ​ഗുജറാത്ത് ടൈറ്റൻസിന് മുന്നിൽ കിരീടം അടിയറവ് വച്ചു. ഏഴ് വിക്കറ്റിനായിരുന്നു ടീമിന്റെ തോൽവി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com