'പാൽ വിറ്റാണ് രോഹിത് ശർമ അന്ന് ക്രിക്കറ്റ് കിറ്റ് വാങ്ങിയത്'- വെളിപ്പെടുത്തി മുൻ ഇന്ത്യൻ താരം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th March 2023 04:42 PM  |  

Last Updated: 28th March 2023 04:42 PM  |   A+A-   |  

rohit

ഫോട്ടോ: ട്വിറ്റർ

 

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ രോ​ഹിത് ശർമ പരിമിത ഓവർ ക്രിക്കറ്റിലെ ലോകത്തെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളാണ്. പിന്നീട് ടെസ്റ്റിലും തന്റെ മികവ് അടയാളപ്പെടുത്താൻ രോഹിതിന് സാധിച്ചു. ഇപ്പോൾ രോഹിതിന്റെ തുടക്ക കാലത്തെ കുറിച്ച് പറയുകയാണ് മുൻ ഇന്ത്യൻ താരം പ്ര​ഗ്യാൻ ഓജ. 

രോഹിത് ഇടത്തരം കുടുംബത്തിൽ നിന്നാണ് ക്രിക്കറ്റ് കളിക്കാൻ എത്തിയത്. പാൽ വിതരണം നടത്തി അതിൽ നിന്നു ലഭിച്ച വരുമാനം കൊണ്ടാണ് രോഹിത് ആദ്യമായി ക്രിക്കറ്റ് കിറ്റ് വാങ്ങിയതെന്നും ഓജ വെളിപ്പെടുത്തി. 

'ഇന്ത്യയുടെ അണ്ടർ 15 ടീമിന്റെ ക്യാംപിൽ വച്ചാണ് ഞാൻ ആദ്യമായി രോഹിതിനെ പരിചയപ്പെട്ടത്. അന്ന് എല്ലാവരും രോഹിതിനെപ്പറ്റി പറഞ്ഞത് സവിശേഷമായ താരം എന്നാണ്. ഒരു സാധാരണ മുംബൈക്കാരനായിരുന്നു രോഹിത്. അധികം ആരോടും സംസാരിക്കാറില്ല. എന്നാൽ ബാറ്റ് ചെയ്യുമ്പോൾ വളരെ അ​ഗ്രസീവാണ്. അന്ന് പരസ്പരം അറിയുമായിരുന്നില്ല. എന്നിട്ടും എനിക്കെതിരെ കടന്നാക്രമണമാണ് ബാറ്റ് കൊണ്ടു രോഹിത് നടത്തിയത്. അതെന്നെ അത്ഭുതപ്പെടുത്തി. അതിനു ശേഷം ഞങ്ങൾ തമ്മിലുള്ള സൗഹൃദവും വളർന്നു.' 

'ഒരു ഇടത്തരം മധ്യവർ​ഗ കുടുംബത്തിൽ നിന്നാണ് അദ്ദേഹം വരുന്നത്. ക്രിക്കറ്റ് കിറ്റ് വാങ്ങാൻ പണം തികയാതെ വന്നതിനെക്കുറിച്ച് ഏറെ വൈകാരികമായാണ് രോഹിത് പ്രതികരിച്ചത്. പണം കണ്ടെത്തിയത് പാൽ പായ്ക്കറ്റുകൾ വിതരണം ചെയ്തായിരുന്നു. അതിൽ നിന്നു കിട്ടുന്ന വരുമാനം കൊണ്ടാണ് ക്രിക്കറ്റ് കിറ്റ് വാങ്ങിയത്. ഇതൊക്കെ പഴയ കാര്യങ്ങളാണ്. ഇപ്പോൾ ആലോചിക്കുമ്പോൾ രോഹിതിന്റെ ഇന്നത്തെ വളർച്ചയിൽ അഭിമാനം തോന്നുന്നു'- ഓജ വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

'ഇപ്പോള്‍ മദ്യപിക്കാറില്ല, രണ്ടെണ്ണം കഴിച്ചാല്‍ ഡാന്‍സ് വേദി കീഴടക്കും'- വെളിപ്പെടുത്തി കോഹ്‌ലി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ