

അഹമ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 16ാം സീസണിന് ഇന്ന് കർട്ടൻ ഉയരുമ്പോൾ ഇത്തവണ മുതൽ കളി മാറും. ശ്രദ്ധേയമായ ചില മാറ്റങ്ങളുമായാണ് ഇത്തവണ ഐപിഎൽ പോര് അരങ്ങേറാനൊരുങ്ങുന്നത്. 2019ന് ശേഷം ഹോം- എവേ ഫോർമാറ്റിലേക്ക് മത്സരം മാറുന്നുവെന്ന സവിശേഷതയും ഇത്തവണയുണ്ട്.
ഇത്തവണത്തെ ഏറ്റവും വലിയ സവിശേഷത ടീമുകൾക്ക് ഒരു ഇംപാക്റ്റ് പ്ലെയറെ കളിപ്പിക്കാം എന്നതാണ്. കളിയുടെ ഗതി അനുസരിച്ച് ഒരു കളിക്കാരനെ പകരം ഇറക്കാൻ അനുവദിക്കുന്നതാണ് പുതിയ നിയമം. നേരത്തെ ഓസ്ട്രേലിയയിലെ ബിഗ് ബാഷ് ലീഗിലും ഇന്ത്യയിൽ മുഷ്താഖ് അലി ട്രോഫി പോരാട്ടത്തിലും ഇത് പരീക്ഷിച്ചിരുന്നു. പിന്നാലെയാണ് ഐപിഎല്ലിലും സമാന നിയമം വരുന്നത്.
ഫുട്‌ബോൾ, റഗ്ബി, ബാസ്‌ക്കറ്റ് ബോൾ, ബേസ്‌ബോൾ തുടങ്ങിയ കായിക ഇനങ്ങളിൽ പകരം കളിക്കാരനെ അനുവദിക്കുന്ന രീതിയുണ്ട്. സമാന രീതിയിലാണ് ഐപിഎല്ലിലും ഇംപാക്റ്റ് പ്ലെയർ സംവിധാനം അതരിപ്പിക്കുന്നത്.
ഓരോ കളിയിലും ഒരു ടീമിന് ഒരു ഇംപാക്റ്റ് പ്ലെയറെ കളിപ്പിക്കാം. ടോസിന്റെ സമയത്ത് ടീം ലിസ്റ്റ് കൈമാറുമ്പോൾ ഇംപാക്റ്റ് പ്ലെയർ സ്ഥാനത്തേക്ക് നിശ്ചയിച്ചിരിക്കുന്ന നാല് കളിക്കാരുടെ പേരുകളും നൽകണം. കളിക്കിടെ ഇതിൽ ഒരാളെ മാത്രം ടീമിന് അവരുടെ സൗകര്യമനുസരിച്ച് നിലവിലെ പ്ലെയിങ് ഇലവനിലെ ഒരു താരത്തിന് പകരം കളിക്കാനിറക്കാം. ഇംപാക്റ്റ് പ്ലെയറെ ഉപയോഗിക്കണോ വേണ്ടയോ എന്നത് അതത് ടീമുകളുടെ തീരുമാനമാണ്.
രണ്ടിന്നിങ്സുകളിലെയും 14 ഓവറുകൾക്കുള്ളിലായിരിക്കണം ഇംപാക്റ്റ് പ്ലെയറെ ഇറക്കേണ്ടത്. അതിന് ശേഷം സാധിക്കില്ല. ഈ നിയമത്തോടെ മത്സരത്തിനിടെ ഒരു ബാറ്റർക്കോ ബൗളർക്കോ പരിക്കേൽക്കുകയാണെങ്കിൽ ആ താരത്തിന് പകരം ടീമുകൾക്ക് ഇംപാക്റ്റ് പ്ലെയറായി മറ്റൊരു താരത്തെ കളിപ്പിക്കാം. ഒരു കളിക്കാരന് പകരം ഇംപാക്റ്റ് പ്ലെയറെ ഇറക്കിയാൽ പിന്നീട് ആ മത്സരത്തിൽ മുൻ താരത്തിന് കളിക്കാനാകില്ല.
കളിയുടെ ഏതെങ്കിലും ഘട്ടത്തിൽ ഇംപാക്റ്റ് പ്ലെയറെ ഇറക്കാൻ ടീം ആലോചിക്കുകയാണെങ്കിൽ വിക്കറ്റ് വീഴുന്ന സമയത്തോ ഓവറിനിടയിലെ ഇടവേളയിലോ നാലാം അമ്പയറെ അറിയിക്കാം. ഒരു ടീമിന്റെ ആദ്യ ഇലവനിൽ നാല് വിദേശ താരങ്ങളെ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ, അവർക്ക് പിന്നീട് ഇംപാക്റ്റ് പ്ലെയറായി ഒരു ഇന്ത്യൻ താരത്തെ മാത്രമേ കളത്തിലിറക്കാനാകൂ.
ഇതിനൊപ്പം തന്നെ ഇത്തവണ മുതൽ വൈഡ്, നോബോൾ എന്നിവയിൽ സംശയം വന്നാൽ ഡിആർഎസ് ഉപയോഗിക്കാമെന്നതും സവിശേഷതയാണ്. ഇന്ന് ആദ്യ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്ത് ടൈറ്റൻസ് മുൻ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിങ്സുമായി ഏറ്റുമുട്ടും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates