'പന്തല്ല, കൊണ്ടത് ​ഗ്ലൗ'- രോഹിതിനെ സഞ്ജു ചതിച്ചു വീഴ്ത്തി? ഒരു വിഭാ​ഗം ആരാധകർ രം​ഗത്ത് (വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st May 2023 01:18 PM  |  

Last Updated: 01st May 2023 01:18 PM  |   A+A-   |  

out

വീഡിയോ സ്‌ക്രീന്‍ഷോട്ട്

 

മുംബൈ: രാജസ്ഥാൻ റോയൽസിനെതിരെ ത്രില്ലർ പോരാട്ടം വിജയിച്ചതിന്റെ ആവേശത്തിലാണ് മുംബൈ ഇന്ത്യൻസ് ആരാധകർ. മുംബൈ നായകൻ രോഹിത് ശർമയ്ക്ക് മത്സരത്തിൽ തിളങ്ങാനായില്ല. മൂന്ന് റൺസിൽ നായകൻ പുറത്തായി. 36ാം പിറന്നാൾ ദിനത്തിൽ രോ​ഹിതിന് നിരാശനായി മടങ്ങേണ്ടി വന്നു. 

എന്നാൽ രോഹിതിന്റെ ഔട്ട് അംപയറുടെ തെറ്റായ തീരുമാനമാണെന്ന് വാദിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് ചില ആരാധകർ. രോഹിതിനെ രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ ചതിച്ചു വീഴ്ത്തിയെന്നാണ് ഇക്കൂട്ടർ വാദിക്കുന്നത്. 

സന്ദീപ് ശർമ എറിഞ്ഞ രണ്ടാം ഓവറിൽ ബൗൾഡായാണ് രോഹിത് പുറത്തായത്. പന്ത് കൊണ്ടല്ല ബെയ്ൽ ഇളകി ലൈറ്റ് കത്തിയതെന്നും സഞ്ജുവിന്റെ ​ഗ്ലൗ തട്ടിയാണ് ഇത് സംഭവിച്ചതെന്നും അംപയർ ഇതൊന്നും നോക്കാതെ ഔട്ട് വിളിക്കുകയായിരുന്നു എന്നുമാണ് ഇവരുടെ വാദം. നേരിട്ടുള്ള വീഡിയോ കാണുമ്പോൾ ഈ വാദം ശരിയാണെന്ന് ന്യായമായും സംശയം ഉയരും. നേരെയുള്ള വീഡിയോ ആം​ഗിളിൽ പന്ത് ബെയ്ൽസിൽ തട്ടുന്നതായി കാണുന്നില്ല. പകരം സഞ്ജുവിന്റെ ​ഗ്ലൗസിന്റെ അറ്റം കൊണ്ട് ബെയ്ൽ ഇളകുന്നതും ലൈറ്റ് തെളിയുന്നതും കാണാം. 

എന്നാൽ സൈഡ് ആം​ഗിളിൽ നിന്നു നോക്കുമ്പോൾ സഞ്ജുവും സ്റ്റംപും തമ്മിലുള്ള അകലം വൃക്തമായി കാണാം. എല്ലാ ആം​ഗിളിൽ നിന്നും പരിശോധിക്കാതെ ഔട്ട് വിളിച്ച അംപയറുടെ തീരുമാനവും വിമർശിക്കപ്പെടുന്നു. 

ആവേശപ്പോരാട്ടമാണ് വാംഖഡെ സ്റ്റേഡിയത്തിൽ കണ്ടത്. രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സ് അടിച്ചെടുത്തപ്പോള്‍ മുംബൈ 19.3 ഓവറില്‍ നാല് വിക്കറ്റുകള്‍ മാത്രം നഷ്ടത്തില്‍ 214 റണ്‍സ് കണ്ടെത്തിയാണ് വിജയം പിടിച്ചത്. സൂര്യ കുമാര്‍ യാദവും ടിം ഡേവിഡിന്റെ വെടിക്കെട്ട് ബാറ്റിങുമാണ് മുംബൈ ജയം അനായാസമാക്കിയത്. 

യശസ്വി ജയ്‌സ്വാള്‍ 62 പന്തില്‍ 16 ഫോറും എട്ട് സിക്‌സും സഹിതം 124 റണ്‍സ് വാരിയാണ് രാജസ്ഥാന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ജയത്തോടെ മുംബൈ എട്ട് പോയിന്റുമായി ഏഴാം സ്ഥാനത്ത്. രാജസ്ഥാന്‍ 10 പോയിന്റുമായി മൂന്നാമത്.

ഈ വാര്‍ത്ത കൂടി വായിക്കൂ  

58 വർഷത്തെ കാത്തിരിപ്പിന് 'സുവർണ വിരാമം'- ചരിത്രമെഴുതി ഇന്ത്യൻ സഖ്യം; ഏഷ്യ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്സിൽ സ്വർണം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ