വിജയമാഘോഷിക്കുന്ന കൊൽക്കത്ത താരങ്ങൾ/ പിടിഐ
വിജയമാഘോഷിക്കുന്ന കൊൽക്കത്ത താരങ്ങൾ/ പിടിഐ

വരുണിന്റെ സ്പിന്നിൽ കുരുങ്ങി ഹൈദരാബാദ് വീണു; കൊൽക്കത്തയ്ക്ക് നാടകീയ ജയം

30 പന്തിൽ 38 റൺസ് മാത്രം വിജയത്തിലേക്ക് വേണ്ടിയിരുന്ന അവർ അഞ്ച് റൺസിനാണ് പടിക്കൽ കലമുടച്ചത്
Published on

ഹൈദരാബാദ്: അവസാന പന്തു വരെ ആവേശം നീണ്ടു നിന്ന പോരിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് വിജയ വഴിയിൽ. മറുഭാ​ഗത്ത് കൈയിലിരുന്ന മത്സരം ഭാവനാശൂന്യത കൊണ്ടു തകർത്ത ഹൈദരാബാദിന് സ്വയം പഴിക്കാം. 30 പന്തിൽ 38 റൺസ് മാത്രം വിജയത്തിലേക്ക് വേണ്ടിയിരുന്ന അവർ അഞ്ച് റൺസിനാണ് പടിക്കൽ കലമുടച്ചത്. 

ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നിശ്ചിത ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 171 റൺസ് നേടിയപ്പോൾ ഹൈദരാബാദിന്റെ പോരാട്ടം എട്ട് വിക്കറ്റ് നഷ്ടത്തിൽ 166 റൺസിൽ അവസാനിച്ചു. അവസാന ഓവറിൽ ഒൻപത് റൺസായിരുന്നു ഹൈദരാബാദിന് വേണ്ടിയിരുന്നത്. എന്നാൽ അവസാന ഓവർ സ്പിന്നറെ കൊണ്ടു എറിയിച്ച് നിതീഷ് റാണ ഹൈദരാബാദിനെ കുരുക്കി. ഈ ഓവർ എറിഞ്ഞ വരുൺ ചക്രവർത്തി മൂന്ന് റൺസ് മാത്രമാണ് വിട്ടുകൊടുത്ത് കൊൽക്കത്തയ്ക്ക് അവിശ്വസനീയ വിജയം സമ്മാനിക്കുകയായിരുന്നു. 

172 റൺസ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഹൈദരാബാദിന് മൂന്നാം ഓവറിൽ മായങ്ക് അ​ഗർവാളിനെ നഷ്ടമായി. താരം 11 പന്തിൽ 18 റൺസാണ് എടുത്തത്. തൊട്ടടുത്ത ഓവറിൽ അഭിഷേക് ശർമയും മടങ്ങി. ഒൻപത് റൺസായിരുന്നു സമ്പാദ്യം. മൂന്നാമനായി ഇംപാക്ട് പ്ലയറായി എത്തിയ രാഹുൽ ത്രിപാഠി കൂറ്റനടികളോടെ തുടങ്ങിയെങ്കിലും അധികം നീണ്ടില്ല. ആന്ദ്രെ റസ്സലിന്റെ ഓവറിൽ ഒരു സിക്സും രണ്ട് ഫോറും അടിച്ച ത്രിപാഠി പിന്നാലെ അതേ ഓവറിൽ തന്നെ ക്യാച്ച് നൽകി മടങ്ങി. ഒരു സിക്സും മൂന്ന് ഫോറും സഹിതം താരം 20 റൺസ് കണ്ടെത്തി. തൊട്ടു പിന്നാലെ ഹാരി ബ്രൂക് സംപൂജ്യനായി മടങ്ങിയതോടെ ഹൈദരാബാദ് പ്രതിരോധത്തിലായി. 

അഞ്ചാം വിക്കറ്റിൽ ക്യാപ്റ്റൻ എയ്ഡൻ മാർക്രത്തിനൊപ്പം എൻ‌റിച് ക്ലാസൻ സഖ്യം ഹൈദരാബാദിനെ മത്സരത്തിലേക്ക് മടക്കിയെത്തിച്ചു. ഇരുവരും ചേർന്ന് 70 റൺസ് ബോർഡിൽ ചേർത്തു. ശാർദുൽ ഠാക്കൂർ ഈ കൂട്ടുകെട്ട് പൊളിച്ചത് കളിയിൽ കൊൽക്കത്തയ്ക്ക് പിടിവള്ളിയായി. 20 പന്തിൽ മൂന്ന് സിക്സും ഒരു ഫോറും സഹിതം 36 റൺസെടുത്ത് ക്ലാസൻ മടങ്ങി. 

പിന്നാലെ മാർക്രവും പുറത്തായി. താരം 40 പന്തിൽ 41 റൺസാണ് എടുത്തത്. ഇതോടെ ഹൈദരാബാദ് പതറി. 18 പന്തിൽ 21 റൺസുമായി അബ്ദുൽ സമദ് പ്രതീക്ഷ നൽകിയെങ്കിലും അതും നീണ്ടില്ല. അവസാന ഓവറിലെ മൂന്നാമ പന്തിൽ താരത്തെ വരുൺ ചക്രവർത്തി മടക്കിയതോടെ ഹൈദരാബാദിന്റെ പോരാട്ടവും അവസാനിച്ചു. 

കൊൽക്കത്തയ്ക്കായി വൈഭവ് അറോറ, ശാർ​ദുൽ ഠാക്കൂർ എന്നിവർ രണ്ട് വീതം വിക്കറ്റകൾ വീഴ്ത്തി. വരുൺ ചക്രവർത്തി നാലോവറിൽ 20 റൺസ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റെടുത്തു. 

ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത 20 ഓവറില്‍ ഒൻപത് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സാണ് ബോർഡിൽ ചേർത്തത്. ക്യാപ്റ്റന്‍ നിതീഷ് റാണ (31 പന്തില്‍ 42), റിങ്കു സിങ് (35 പന്തില്‍ 46), ആന്ദ്രെ റസ്സല്‍ (15 പന്തില്‍ 24), ജേസണ്‍ റോയ് (19 പന്തില്‍ 20) എന്നിവരുടെ ഇന്നിങ്‌സുകളാണ് കൊല്‍ക്കത്തയ്ക്ക് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്.

റഹ്‌മാനുള്ള ഗുര്‍ബാസ് (0), വെങ്കടേഷ് അയ്യര്‍ (7), സുനില്‍ നരെയ്ന്‍ (1) എന്നിവർ നിരാശപ്പെടുത്തി. ഹൈദരാബാദിനായി മാർക്കോ ജെൻസൻ, ടി നടരാജൻ എന്നിവർ രണ്ട് വിക്കറ്റുകൾ സ്വന്തമാക്കി. ഭുവനേശ്വർ കുമാർ, മാർക്രം, കാർത്തിക് ത്യാ​ഗി, മായങ്ക് മാർക്കണ്ഡെ എന്നിവർ ഓരോ വിക്കറ്റെടുത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com