'കറങ്ങിത്തിരിഞ്ഞ്' ഷട്ടില്‍ കോക്കുകള്‍; ബഡ്മിന്റണിലെ പുതിയ തരംഗം 'സ്പിന്‍ സെര്‍വ്' (വീഡിയോ)

സെര്‍വ് ചെയ്യുന്ന താരത്തിന് ആധിപത്യം നല്‍കുന്നതാണ് ഈ രീതി. അതിനാല്‍ തന്നെ മത്സരം ഏകപക്ഷീയമായി മാറ്റുമെന്നാണ് ചില താരങ്ങള്‍ മുന്നോട്ടു വയ്ക്കുന്ന നിരീക്ഷണം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബാഡ്മിന്റണ്‍ ലോകത്ത് പുതിയ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിയൊരുക്കുകയാണ് ഷട്ടില്‍ സ്പിന്‍ ചെയ്യിച്ചുള്ള സെര്‍വുകള്‍. ക്രിക്കറ്റിലെ സ്പിന്‍ ബൗളിങ്, തന്ത്രത്തിന്റെ കൂടി ബലത്തിലാണ് നിലനില്‍ക്കുന്നത്. സമാനമായി ഷട്ടില്‍ സ്പിന്‍ ചെയ്യിച്ച് സെര്‍വ് ചെയ്യുന്നതും തന്ത്രത്തിന്റെ ഭാഗമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ താരങ്ങള്‍ രണ്ട് തട്ടിലാണ്. 

സെര്‍വ് ചെയ്യുന്ന താരത്തിന് ആധിപത്യം നല്‍കുന്നതാണ് ഈ രീതി. അതിനാല്‍ തന്നെ മത്സരം ഏകപക്ഷീയമായി മാറ്റുമെന്നാണ് ചില താരങ്ങള്‍ മുന്നോട്ടു വയ്ക്കുന്ന നിരീക്ഷണം. 

ഡെന്‍മാര്‍ക് ഡബിള്‍സ് താരം മാര്‍ക്കസ് റിന്‍ഷോയാണ് ഈ രീതി ആദ്യമായി പരീക്ഷിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ മാസം ടന്ന പോളിഷ് ഓപ്പണ്‍ പോരാട്ടത്തിലായിരുന്നു താരത്തിന്റെ ഈ രീതിയിലുള്ള സെര്‍വുകള്‍. ഇതിലൂടെ പോയിന്റുകള്‍ വാരിക്കൂട്ടാനും താരത്തിന് സാധിച്ചു. പിന്നാലെ പല താരങ്ങളും ഇതു പരീക്ഷിക്കാന്‍ മുതിര്‍ന്നു. 

'കുറേ ദിവസമായി ഞങ്ങള്‍ ഇത് പരീക്ഷിക്കുന്നുണ്ട്. എന്നാല്‍ അത് എങ്ങനെയാണ് ചെയ്യേണ്ടതെന്ന് ഇതുവരെ മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ല. ദുബൈയില്‍ നടക്കുന്ന ഏഷ്യാ ചാമ്പ്യന്‍ഷിപ്പിന് തൊട്ടുമുമ്പ് ഞങ്ങള്‍ സ്പിന്‍ സെര്‍വ് പരിശീലിക്കാന്‍ തുടങ്ങി. ദിവസവും 30 മുതല്‍ 40 മിനിറ്റ് വരെ പരിശീലിക്കാന്‍ കോച്ച് മത്യാസ് ബോ ഞങ്ങളോട് പറഞ്ഞു. എന്നാല്‍ എല്ലാവര്‍ക്കും അത് ബുദ്ധിമുട്ടായിരിക്കും. ഡെന്‍മാര്‍ക് താരമാണ് ഇതിന്റെ തുടക്കക്കാരന്‍. ഇപ്പോള്‍ പല യൂറോപ്യന്‍ താരങ്ങളും ഇതു പരീക്ഷിക്കുന്നുണ്ട്'- ഇന്ത്യന്‍ ഡബിള്‍സ് താരം സാത്വിക് സായ്‌രാജ് പറഞ്ഞു. 

അതേസമയം പരിശീലിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയെങ്കിലും സാത്വിക് അടക്കമുള്ള താരങ്ങള്‍ ഇത്തരം സെര്‍വിനെ അനുകൂലിക്കുന്നില്ല. കളിയുടെ മനോഹാരിത നശിപ്പിക്കും. തികച്ചും ഏകപക്ഷീയമായി മത്സരങ്ങള്‍ മാറും. എതിരാളി നിരന്തരം ഇത്തരം സെര്‍വുകള്‍ ചെയ്യുമ്പോള്‍ എത്ര പരിചയ സമ്പത്തുള്ള താരങ്ങളും തുടക്കക്കാരനെ പോലെ പരുങ്ങും. കളിയെ ഇത് ബോറടിപ്പിക്കുമെന്നും സാത്വിക് ചൂണ്ടിക്കാട്ടുന്നു. 

സ്പിന്‍ സെര്‍വുകള്‍ ഇപ്പോള്‍ പല താരങ്ങളും പരീക്ഷിക്കുന്നുണ്ടെങ്കിലും കളിയിലെ ഇതിന്റെ നിയമ സാധുത സംബന്ധിച്ച് തീരുമാനം വന്നിട്ടില്ല. ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന്‍ (ബിഡബ്ല്യുഎഫ്) നിലവില്‍ ഇതിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ല. 

നേരത്തെയും സെര്‍വില്‍ പല പരീക്ഷണങ്ങളും നടന്നിട്ടുണ്ട്. കോര്‍ക്കിന് പകരം തൂവലില്‍ തട്ടി സെര്‍വ് ചെയ്യുന്നതും കോര്‍ക്കിന്റെ അടിഭാഗം സ്ലൈസ് ചെയ്ത് സെര്‍വ് ചെയ്യുന്നതുമൊക്കെ പരീക്ഷിക്കപ്പെട്ടു. എന്നാല്‍ ഇതെല്ലാം നിരോധിക്കപ്പെടുകയും ചെയ്തു. സെര്‍വ് ചെയ്യുന്ന താരത്തിന് കളിയില്‍ ആധിപത്യം നല്‍കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം ഏര്‍പ്പെടുത്തിയത്. കളിയുടെ മനോഹാരിത നശിപ്പിക്കുന്ന തരത്തിലുള്ളതാണ് പുതിയ രീതിയെങ്കില്‍ ഇതിനും വലിയ താമസമില്ലാതെ വിലക്ക് വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.  

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com