റണ്ണൗട്ടില്‍ കട്ടക്കലിപ്പ്! ബട്‌ലര്‍ക്ക് നേരെ  അച്ചടക്ക വാള്‍; പിഴ ശിക്ഷ

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് ഒറ്റ വിക്കറ്റാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരായ വിജയം സ്വന്തമാക്കിയ പോരാട്ടത്തില്‍ നഷ്ടമായത്. മൂന്ന് പന്തില്‍ പൂജ്യം റണ്‍സുമായാണ് ബട്‌ലര്‍ മടങ്ങിയത്
റണ്ണൗട്ടിൽ നിരാശനായി ബട്‌ലര്‍/ ട്വിറ്റർ
റണ്ണൗട്ടിൽ നിരാശനായി ബട്‌ലര്‍/ ട്വിറ്റർ

കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരായ പോരാട്ടത്തില്‍ റണ്ണൗട്ടായി മടങ്ങിയ ഇംഗ്ലീഷ് താരം ജോസ് ബട്‌ലര്‍ക്ക് പിഴ ശിക്ഷയും. മാച്ച് ഫീയുടെ പത്ത് ശതമാനം ബട്‌ലര്‍ പിഴയൊടുക്കണം. കൊല്‍ക്കത്തയ്‌ക്കെതിരെ താരം റണ്ണൗട്ടാവുകയായിരുന്നു. 

എന്നാല്‍ ഇതില്‍ നിരാശനായി മടങ്ങുമ്പോള്‍ രോഷം പിടിച്ചു നിര്‍ത്താന്‍ താരത്തിന് സാധിച്ചില്ല. ഡ്രസിങ് റൂമിലേക്ക് മടങ്ങുന്നതിനിടെ അതിന്റെ അസ്വസ്ഥത ബട്‌ലര്‍ പ്രകടിപ്പിച്ചു. ഇത്തരം അതിവൈകാരിക പ്രകടനങ്ങള്‍ കളിയുടെ മാന്യതയ്ക്ക് ചേര്‍ന്നതല്ലെന്ന് ഐപിഎല്‍ അച്ചടക്ക സമിതി വിലയിരുത്തി. താരം ഐപിഎല്ലിലെ അച്ചടക്ക നിബന്ധനയിലെ 2.2 ആര്‍ട്ടിക്കിള്‍ ലംഘിച്ചതായി കണ്ടെത്തി. ലെവല്‍ വണ്‍ കുറ്റമാണ് ബട്‌ലര്‍ക്കെതിരെ ചുമത്തിയത്. 

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് ഒറ്റ വിക്കറ്റാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരായ വിജയം സ്വന്തമാക്കിയ പോരാട്ടത്തില്‍ നഷ്ടമായത്. മൂന്ന് പന്തില്‍ പൂജ്യം റണ്‍സുമായാണ് ബട്‌ലര്‍ മടങ്ങിയത്. 

രണ്ടാം ഓവറിലെ നാലാം പന്തിലാണ് ബട്‌ലര്‍ പുറത്തായത്. ഈ പന്ത് തട്ടിയിട്ട ശേഷം ബട്‌ലര്‍ ക്രീസില്‍ നില്‍ക്കുകയായിരുന്നു. ബട്‌ലറുടെ മുന്നറിയിപ്പ് ശ്രദ്ധിക്കാതെ അപ്പോഴേയ്ക്കും യശസ്വി ജയ്‌സ്വാള്‍ നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ നിന്നു ഓടി പകുതി പിന്നിട്ടിരുന്നു. അല്‍പ്പം വൈകിയായിരുന്നു ബട്‌ലര്‍ ഓടാന്‍ തുടങ്ങിയത്. പക്ഷേ റണ്‍ മുഴുമിപ്പിക്കാന്‍ ആയില്ല. കൊല്‍ക്കത്ത താരം ആന്ദ്ര റസ്സലിന്റെ നേരിട്ടുള്ള ഏറില്‍ ഇംഗ്ലണ്ട് ഓപ്പണര്‍ റണ്ണൗട്ടായി. ഇതോടെയാണ് ബട്‌ലര്‍ അസ്വസ്ഥനായി മടങ്ങിയത്.

ബട്‌ലറുടെ റണ്ണൗട്ടിന് കാരണക്കാരനായ യശ്വസി ആ തെറ്റിന് ബാറ്റ് കൊണ്ടു പ്രായശ്ചിത്തം ചെയ്തു. ഐപിഎല്‍ ചരിത്രത്തിലെ അതിവേഗ അര്‍ധ സെഞ്ച്വറി 13 പന്തില്‍ അടിച്ചെടുത്ത യശസ്വി രാജസ്ഥാന്റെ അനായാസ വിജയത്തില്‍ നിര്‍ണയക സാന്നിധ്യമായി. താരം 47 പന്തുകള്‍ നേരിട്ട് 98 റണ്‍സെടുത്തു പുറത്താകാതെ നിന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com