പത്ത് സിക്‌സുകള്‍! എട്ടാം സ്ഥാനത്തിറങ്ങി 'പൂണ്ടുവിളയാടിയ' റാഷിദ്; റെക്കോര്‍ഡുകളുടെ പെരുമഴ

എട്ടാമനായി ക്രീസിലെത്തിയ റാഷിദ് വെറും 32 പന്തില്‍ അടിച്ചെടുത്തത് 79 റണ്‍സ്. പത്ത് സിക്‌സുകളാണ് ഇന്നിങ്‌സിന്റെ സവിശേഷത. മൂന്ന് ഫോറും അടിച്ചെടുത്തു റാഷിദ് പുറത്താകാതെ നിന്നു
റാഷിദ് ഖാൻ/ പിടിഐ
റാഷിദ് ഖാൻ/ പിടിഐ

മുംബൈ: ഐപിഎല്ലില്‍ ഇന്നലെ നടന്ന മുംബൈ ഇന്ത്യന്‍സ്- ഗുജറാത്ത് ടൈറ്റന്‍സ് പോരാട്ടത്തില്‍ ശ്രദ്ധേയമായത് സൂര്യകുമാര്‍ യാദവിന്റെ സെഞ്ച്വറി മാത്രമായിരുന്നില്ല. കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്തിന് ഒരുവേള വിജയ പ്രതീക്ഷ നല്‍കുന്ന പ്രകടനവുമായി എട്ടാമനായി ക്രീസിലെത്തിയ സ്പിന്നര്‍ റാഷിദ് ഖാന്റെ ബാറ്റിങും ആരാധകര്‍ക്ക് വിരുന്നായി മാറി. കന്നി ഐപിഎല്‍ അര്‍ധ ശതകവുമായി താരം തകര്‍പ്പനടികളുമായി കളം നിറഞ്ഞപ്പോള്‍ നിരവധി റെക്കോര്‍ഡുകളും പിറന്നു. 

എട്ടാമനായി ക്രീസിലെത്തിയ റാഷിദ് വെറും 32 പന്തില്‍ അടിച്ചെടുത്തത് 79 റണ്‍സ്. പത്ത് സിക്‌സുകളാണ് ഇന്നിങ്‌സിന്റെ സവിശേഷത. മൂന്ന് ഫോറും അടിച്ചെടുത്തു റാഷിദ് പുറത്താകാതെ നിന്നു. 

ഐപിഎല്ലില്‍ എട്ടാമനായി ഇറങ്ങി ഒരു താരം നേടുന്ന ഏറ്റവും മികച്ച വ്യക്തിഗത സ്‌കോറാണ് റാഷിദ് ഇന്നലെ നേടിയത്. 2021ലെ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് താരം പാറ്റ് കമ്മിന്‍സ് നേടിയ 66 റണ്‍സിന്റെ നേട്ടമാണ് റാഷിദ് മറികടന്നത്. ഈ സ്ഥാനത്തിറങ്ങി ഏറ്റവും കൂടുതല്‍ സിക്‌സടിക്കുന്ന താരമായും റാഷിദിന്റെ പ്രകടനം മാറി. 

ഗുജറാത്തിനായി ബൗള്‍ ചെയ്ത് നാല് വിക്കറ്റുകളും താരം ഇന്നലെ നേടിയിരുന്നു. ഇതോടെ ടി20 ക്രിക്കറ്റില്‍ 550ന് മുകളില്‍ വിക്കറ്റെടുക്കുന്ന രണ്ടാമത്തെ താരമായും റാഷിദ് മാറി. 615 വിക്കറ്റുകള്‍ നേടിയ ഡ്വെയ്ന്‍ ബ്രാവോയാണ് മുന്നില്‍. നാല് വിക്കറ്റുകള്‍ വീഴ്ത്തിയതോടെ റാഷിന്റെ ടി20യിലെ വിക്കറ്റ് നേട്ടം 551 ആയി. 

ഒരിന്നിങ്‌സില്‍ നാല് വിക്കറ്റുകളും അര്‍ധ സെഞ്ച്വറിയും നേടുന്ന ഐപിഎല്‍ താരങ്ങളുടെ പട്ടികയില്‍ നാലാമനായി റാഷിദും ഇടംപിടിച്ചു. യുവരാജ് സിങ് രണ്ട് തവണ ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. മിച്ചല്‍ മാര്‍ഷും പട്ടികയിലുണ്ട്. 

ഗുജറാത്തിനായി ഒരിന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ പറത്തുന്ന താരമായും റാഷിദ് മാറി. നേരത്തെ ശുഭ്മാന്‍ ഗില്‍ നേടിയ ഏഴ് സിക്‌സുകളായിരുന്നു മുന്നില്‍. ആറ് സിക്‌സുകളുമായി ഡേവിഡ് മില്ലര്‍ മൂന്നാം സ്ഥാനത്ത്. 

ഐപിഎല്ലില്‍ റണ്‍സ് ചെയ്‌സ് ചെയ്യുമ്പോള്‍ ഒരു താരം നേടുന്ന ഏറ്റവും കൂടുതല്‍ സിക്‌സെന്ന റെക്കോര്‍ഡ് പട്ടികയിലും റാഷിദ് പേരെഴുതി ചേര്‍ത്തു. 11 സിക്‌സുകള്‍ നേടിയ സനത് ജയസൂര്യയാണ് മുന്നില്‍. ആദം ഗില്‍ക്രിസ്റ്റ്, കെയ്‌റോണ്‍ പൊള്ളാര്‍ഡ് എന്നിവര്‍ക്കൊപ്പം പത്ത് സിക്‌സുകളുമായി റാഷിദും പട്ടികയില്‍ ഇടംപിടിച്ചു. 

റാഷിദ് കൂറ്റനടികളുമായി കളം നിറഞ്ഞപ്പോള്‍ മറുഭാഗത്ത് അല്‍സാരി ജോസഫായിരുന്നു. താരം 12 പന്തില്‍ ഏഴ് റണ്‍സുമായി പുറത്താകാതെ നിന്നു. ഇരുവരും ചേര്‍ന്നുള്ള ഒന്‍പതാം വിക്കറ്റ് കൂട്ടുകെട്ടില്‍ 88 റണ്‍സ് പിറന്നു. ഒന്‍പതാം വിക്കറ്റില്‍ ടി20 പോരാട്ടത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ കൂട്ടുകെട്ടായും ഇതു മാറി. ഓസ്ട്രിയക്കെതിരെ ബെല്‍ജിയത്തിനായി സബര്‍ സഖില്‍- സഖ്‌ലെയ്ന്‍ അലി എന്നിവര്‍ ചേര്‍ന്ന് എടുത്ത 132 റണ്‍സാണ് പട്ടികയില്‍ ഒന്നാമത്. 

മത്സരത്തില്‍ മുംബൈ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സാണ് എടുത്തത്. ഗുജറാത്തിന്റെ പോരാട്ടം എട്ട് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സില്‍ അവസാനിച്ചു. എട്ട് വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സെന്ന നിലയില്‍ കൂറ്റന്‍ തോല്‍വിയിലേക്ക് കൂപ്പുകുത്തുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച് റാഷിദ് കൂറ്റനടികളുമായി കളം വാണത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com