'മെസിയെ ഞങ്ങള്‍ക്ക് വേണം'- സാധ്യമായതെല്ലാം ചെയ്യുമെന്ന് ബാഴ്‌സലോണ തലവന്‍

അനുവാദമില്ലാത സൗദി സന്ദര്‍ശിച്ചതും പിന്നാലെ മെസിയെ പിഎസ്ജി സസ്‌പെന്‍ഡ് ചെയ്തതുമൊക്കെ കഴിഞ്ഞ ദിവസം വാര്‍ത്തകളായിരുന്നു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മാഡ്രിഡ്: ഈ സീസണ്‍ അവസാനത്തോടെ അര്‍ജന്റീന ഇതിഹാസം ലയണല്‍ മെസി പാരിസ് സെന്റ് ജെര്‍മയ്ന്‍ പടി ഇറങ്ങും. മെസി സൗദി അറേബ്യന്‍ ടീമിലേക്ക് ലോക റെക്കോര്‍ഡ് തുകയ്ക്ക് മാറുമെന്ന അഭ്യൂഹങ്ങളും കഴിഞ്ഞ ദിവസം പുറത്തു വന്നു. അതിനിടെ തങ്ങളുടെ ഇതിഹാസ താരത്തെ തിരികെ എത്തിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് വ്യക്തമാക്കി ബാഴ്‌സലോേണ പ്രസിഡന്റ് ജോവന്‍ ലപോര്‍ട. 

അനുവാദമില്ലാത സൗദി സന്ദര്‍ശിച്ചതും പിന്നാലെ മെസിയെ പിഎസ്ജി സസ്‌പെന്‍ഡ് ചെയ്തതുമൊക്കെ കഴിഞ്ഞ ദിവസം വാര്‍ത്തകളായിരുന്നു. സസ്‌പെന്‍ഷന് പിന്നാലെ കളത്തിലെത്തിയ അര്‍ജന്റീന നായകനെ പിഎസ്ജി ആരാധകര്‍ കൂക്കിവിളിച്ചും കളിയാക്കിയുമൊക്കെയാണ് എതിരേറ്റത്. 

അതിനിടെയാണ് ലപോര്‍ട ക്ലബിന്റെ ശ്രമത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. 2021ലാണ് കരാര്‍ വ്യവസ്ഥകളിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് മെസി ബാഴ്‌സലോണയില്‍ നിന്നു പുറത്തു വന്നത്. നാല് ചാമ്പ്യന്‍സ് ലീഗ്, പത്ത് ലാ ലിഗ കിരീടങ്ങളടക്കമുള്ള ക്ലബിന്റെ നേട്ടങ്ങളില്‍ താരം നിര്‍ണായകമായിരുന്നു. 

ക്ലബും താരവും തമ്മിലുണ്ടായ ബന്ധത്തിലെ വിള്ളല്‍ അവസാനിപ്പിക്കാന്‍ താന്‍ മെസിയുമായി സംസാരിച്ചിരുന്നുവെന്ന് ലപോര്‍ട പറയുന്നു. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനെ തിരികെ എത്തിക്കാന്‍ ബാഴ്‌സലോണ എല്ലാം നല്‍കാന്‍ ഒരുക്കമാണ്. പ്രതീക്ഷ നല്‍കുന്ന സംഭഷണമാണ് മെസിയുമായി നടന്നതെന്നും ലോകകപ്പ് നേട്ടത്തില്‍ അദ്ദേഹത്തെ അഭിനന്ദിച്ചതായും ലപോര്‍ട വിശദീകരിച്ചു. 

കഴിഞ്ഞ ദിവസം എസ്പാന്യോളിനെ വീഴ്ത്തി ബാഴ്‌സലോണ ലാ ലിഗ കിരീടം ഉറപ്പിച്ചിരുന്നു. പിന്നാലെയാണ് സ്വകാര്യ ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ ക്ലബിന്റെ ശ്രമങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com