അപൂര്‍വങ്ങളില്‍ അപൂര്‍വം! ഒറ്റ വര്‍ഷം ടെസ്റ്റ്, ഏകദിനം, ടി20, ഐപിഎല്‍ സെഞ്ച്വറികള്‍; 'മാസ്റ്റര്‍ ക്ലാസ് ഗില്‍'

ഐപിഎല്ലിലെ കന്നി സെഞ്ച്വറി നേട്ടത്തിനൊപ്പം 2023ല്‍ 'ക്വാഡ്രബിള്‍ സെഞ്ച്വറി' നേട്ടമെന്ന അപൂര്‍വതയാണ് 23കാരന്‍ ആഘോഷിക്കുന്നത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

അഹമ്മദാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ സെഞ്ച്വറി നേടി അപൂര്‍വങ്ങളില്‍ അപൂര്‍വമായൊരു നേട്ടം സ്വന്തമാക്കി ഗുജറാത്ത് ടൈറ്റന്‍സ് ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍. 58 പന്തുകള്‍ നേരിട്ട് 101 റണ്‍സെടുത്താണ് ഗില്‍ പുറത്തായത്. 13 ഫോറും ഒരു സിക്‌സും തൊങ്ങല്‍ ചാര്‍ത്തിയ ഇന്നിങ്‌സായിരുന്നു താരത്തിന്റേത്. കന്നി ഐപിഎല്‍ സെഞ്ച്വറിയാണ് ശുഭ്മാന്‍ ഗില്‍ ഇന്നലെ നേടിയത്. 

ഐപിഎല്ലിലെ കന്നി സെഞ്ച്വറി നേട്ടത്തിനൊപ്പം 2023ല്‍ 'ക്വാഡ്രബിള്‍ സെഞ്ച്വറി' നേട്ടമെന്ന അപൂര്‍വതയാണ് 23കാരന്‍ ആഘോഷിക്കുന്നത്. 2023ല്‍ ടെസ്റ്റിലും ഏകദിനത്തിലും അന്താരാഷ്ട്ര ടി20യിലും ഐപിഎല്ലിലും സെഞ്ച്വറി നേടുന്ന താരമെന്ന നേട്ടമാണ് ഗില്‍ സ്വന്തമാക്കിയത്. 

ഈ വര്‍ഷം താരം നേടിയ വിവിധ ഫോര്‍മാറ്റിലെ നാലില്‍ മൂന്ന് സെഞ്ച്വറികളും പിറന്നതും നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണെന്ന സവിശേഷതയും ഇതിനുണ്ട്. ഇന്നലെ നേടിയ സെഞ്ച്വറിക്ക് പുറമെ ഇന്ത്യന്‍ ജേഴ്‌സിയില്‍ ടി20, ടെസ്റ്റ് മത്സരങ്ങളിലാണ് ഇവിടെ ശതകം നേടിയത്. ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേട്ടവും ഈ വര്‍ഷം താരം ആഘോഷിച്ചു. 

മറ്റു ചില നാഴികക്കല്ലുകളും ഇന്നലത്തെ സെഞ്ച്വറിയിലൂടെ താരം സ്വന്തമാക്കി. ഗുജറാത്ത് ടീമിനു വേണ്ടി ഐപിഎല്ലില്‍ സെഞ്ച്വറി നേടുന്ന ആദ്യ താരമെന്ന ഒരിക്കലും മായാത്ത നേട്ടം ഗില്‍ സ്വന്തം പേരിലാക്കി. ഗുജറാത്തിനായി 1000ത്തിന് മുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്യുന്ന ആദ്യ താരവും ഗില്‍ തന്നെ. ഈ സീസണില്‍ താരത്തിന്റെ റണ്‍ വേട്ട 500ന് മുകളിലേക്ക് കടക്കുകയും ചെയ്തു.

നേരത്തെ കൊല്‍ക്കത്തയുടെ താരമായിരുന്ന ഗില്‍ ഇതുവരെ 87 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ചു. 2476 റണ്‍സ് സ്‌കോര്‍ ചെയ്തു. ഒരു സെഞ്ച്വറിയും 19 അര്‍ധ ശതകങ്ങളും താരത്തിന്റെ പേരിലുണ്ട്. ഇത്തവണ 13 കളിയില്‍ നിന്ന് താരത്തിന്റെ റണ്‍ സമ്പാദ്യം 576 റണ്‍സില്‍ എത്തി. ഓറഞ്ച് ക്യാപ് പോരാട്ടത്തില്‍ താരം രണ്ടാം സ്ഥാനത്ത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com