

അഹമ്മദാബാദ്: ശുഭ്മാൻ ഗില്ലിന്റെ സെഞ്ച്വറിക്കും മോഹിത് ശർമയുടെ അഞ്ച് വിക്കറ്റിനും മുന്നിൽ മുംബൈ ഇന്ത്യൻസ് തകർന്നടിഞ്ഞു. മുംബൈയെ 62 റൺസിന് തകർത്ത് നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്ത് ടൈറ്റൻസ് തുടർച്ചയായി രണ്ടാം വട്ടവും ഐപിഎൽ ഫൈനലിലേക്ക്. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ചെന്നൈ സൂപ്പർ കിങ്സാണ് ഗുജറാത്തിന്റെ എതിരാളി.
ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിശ്ചിത ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ പടുത്തുയർത്തിയത് 233 റൺസ്. റൺ മല താണ്ടാൻ ഇറങ്ങിയ മുംബൈയുടെ പോരാട്ടം 18.2 ഓവറിൽ 171 റൺസിൽ അവസാനിച്ചു.
2.2 ഓവറിൽ വെറും പത്ത് റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റുകൾ കൊയ്ത വെറ്ററൻ പേസർ മോഹിത് ശർമയുടെ മാരക പേസിനു മുന്നിൽ മുംബൈ വിളറി വെളുത്തു. മുഹമ്മദ് ഷമി, റാഷിദ് ഖാൻ എന്നിവരും രണ്ട് വീതം വിക്കറ്റുകൾ സ്വന്തമാക്കി.
മുംബൈക്ക് തൊട്ടതെല്ലാം പിഴച്ചു. ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്തത് മുതൽ എല്ലാം. അതിനിടെ ഇഷാൻ കിഷൻ പരിക്കേറ്റ് പുറത്തായതും അവർക്ക് ഇരുട്ടടിയായി. ഗുജറാത്ത് ഇന്നിങ്സിനിടെ മൈതാനത്തു വച്ച് ക്രിസ് ജോർദാന്റെ കൈമുട്ടിൽ ഇടിച്ചു കണ്ണിന് പരിക്കേറ്റാണ് താരം ബാറ്റിങിന് ഇറങ്ങാതിരുന്നത്.
234 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത മുംബൈയുടെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. ഇഷാന്‍ കിഷന് പകരം ഓപ്പണറായി സ്ഥാനക്കയറ്റം കിട്ടിയ നെഹാല്‍ വധേരയെ (നാല്) ആദ്യ ഓവറില്‍ തന്നെ മുഹമ്മദ് ഷമി മടക്കി. പിന്നാലെ മൂന്നാം ഓവറില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും (എട്ട്) കാര്യമായ സംഭാവനകളില്ലാതെ പുറത്തായി.
മുംബൈ പ്രതീക്ഷ കൈവിട്ടെന്ന് തോന്നിച്ച ഘട്ടത്തിൽ തിലക് വര്‍മ തകര്‍ത്തടിച്ചതോടെ അവർ പ്രതീക്ഷയിലായി. 14 പന്തില്‍ നിന്ന് മൂന്ന് സിക്‌സും അഞ്ച് ഫോറുമടക്കം 43 റണ്‍സെടുത്ത തിലകിനെ ഒടുവില്‍ ആറാം ഓവറിലെ അവസാന പന്തില്‍ റാഷിദ് ഖാന്‍ പുറത്താക്കി.
നാലാം വിക്കറ്റില്‍ ഒന്നിച്ച സൂര്യകുമാര്‍ യാദവ് - കാമറൂണ്‍ ഗ്രീന്‍ സഖ്യം 52 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി മുംബൈ പ്രതീക്ഷ നിലനിർത്തി. 12ാം ഓവറില്‍ 20 പന്തില്‍ രണ്ട് വീതം സിക്‌സും ഫോറുമടക്കം 30 റണ്‍സെടുത്ത ഗ്രീനിനെ മടക്കി ജോഷ്വാ ലിറ്റില്‍ ഈ കൂട്ടുകെട്ട് പൊളിച്ചതോടെ മുംബൈ വീണ്ടും പ്രതിരോധത്തിലായി.
അപ്പോഴും സൂര്യകുമാര്‍ ക്രീസിലുണ്ടായിരുന്നത് മുംബൈക്ക് പ്രതീക്ഷയായിരുന്നു. പക്ഷേ 15ാം ഓവറില്‍ മോഹിത് ശര്‍മയെ രണ്ടാമതും സിക്‌സര്‍ പറത്താനുള്ള സൂര്യയുടെ ശ്രമം പാളി. പന്ത് ലെഗ് സ്റ്റമ്പ് പിഴുതു മൂളിപ്പറന്നപ്പോൾ മുംബൈയുടെ ആ പ്രതീക്ഷയും അസ്തമിച്ചു. 38 പന്തില്‍ നിന്ന് രണ്ട് സിക്‌സും ഏഴ് ഫോറുമടക്കം 61 റണ്‍സായിരുന്നു സൂര്യയുടെ സമ്പാദ്യം. അതേ ഓവറിലെ അഞ്ചാം പന്തില്‍ വിഷ്ണു വിനോദിനെയും (അഞ്ച്) മോഹിത് മടക്കി.
അവസാന പ്രതീക്ഷയായിരുന്ന ടിം ഡേവിഡിനെ (രണ്ട്) റാഷിദ് ഖാനും പുറത്താക്കി. പിന്നെ ചടങ്ങു തീർക്കൽ മാത്രം. പിയൂഷ് ചൗളയെ സംപൂജ്യനായും ക്രിസ് ജോർദാനെ രണ്ട് റൺസിലും കുമാർ കാർത്തികേയയെ ആറ് റൺസിലും മടക്കി മോഹിത് മുംബൈ പോരാട്ടത്തിന് തിരശ്ശീലയിട്ടു.
നേരത്തെ ടോസ് നേടി മുംബൈ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ഗുജറാത്ത് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 233 റണ്‍സ് നേടി. സൂപ്പര്‍ സ്റ്റാര്‍ ശുഭ്മാന്‍ ഗില്ലിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് ഗുജറാത്തിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ഓപ്പണര്‍ വൃദ്ധിമാന്‍ സാഹ 18 റണ്‍സ് എടുത്ത് പുറത്തായെങ്കിലും അസാധ്യ ഫോമില്‍ തുടരുന്ന ശുഭ്മാന്‍ ഗില്‍ തകര്‍ത്തടിച്ചു. 60 പന്തില്‍ നിന്ന് 129 റണ്‍സാണ് എടുത്താണ് ഗില്‍ കളം വിട്ടത്. പത്ത് സിക്‌സറുകളും ഏഴ് ഫോറും ഗില്‍ അടിച്ചുകൂട്ടി. സായ്‌സുദര്‍ശന്‍ 31 പന്തില്‍ നിന്ന് 43 റണ്‍സ് നേടി.
നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ അക്ഷരാർഥത്തിൽ ശുഭ്മാൻ ഗിൽ സംഹാര താണ്ഡവമാടുകയായിരുന്നു. മുംബൈ ബോളര്‍മാരെ തലങ്ങും വിലങ്ങും ഒരു ദയയുമില്ലാതെയാണ് ഗില്‍ അതിര്‍ത്തി കടത്തിയത്. 60 പന്തില്‍ നിന്ന് 129 റണ്‍സ് എടുത്താണ് ഗില്‍ മടങ്ങിയത്. സ്‌ട്രൈക്ക് റേറ്റ് 215.00.
ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ പുറത്താകാത 28 റണ്‍സ് നേടി. 12 പന്തുകള്‍ നേരിട്ട അദ്ദേഹം രണ്ട് സിക്‌സറും രണ്ട് ഫോറും പറത്തി. റാഷിദ് ഖാന്‍ രണ്ട് പന്തില്‍ നിന്ന് അഞ്ച് റണ്‍സ് നേടി. മുംബൈക്കായി പിയൂഷ് ചൗളയും അകാശ് മധ്‍വാളും ഓരോ വിക്കറ്റ് വീതം നേടി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates