'ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ രാജകുമാരന്‍, ബാറ്റിങ് മാസ്‌ട്രോ, ജ്വലിക്കുന്ന നക്ഷത്രം...' 

60 പന്തില്‍ പത്ത് സിക്‌സും ഏഴ് ഫോറും സഹിതം 129 റണ്‍സാണ് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഗില്‍ അടിച്ചുകൂട്ടിയത്
ശുഭ്മാന്‍ ഗില്‍/ ട്വിറ്റര്‍
ശുഭ്മാന്‍ ഗില്‍/ ട്വിറ്റര്‍

അഹമ്മദാബാദ്: മുംബൈ ഇന്ത്യന്‍സിനെതിരായ തകര്‍പ്പന്‍ സെഞ്ച്വറി നേടിയ ഗുജറാത്ത് ടൈറ്റന്‍സ് ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനെ പ്രശംസിച്ച് ക്രിക്കറ്റ് താരങ്ങളും ആരാധകരും. സീസണിലെ മൂന്നാം സെഞ്ച്വറിയാണ് താരം മുംബൈക്കെതിരെ കുറിച്ചത്. കഴിഞ്ഞ നാല് ഇന്നിങ്‌സില്‍ മൂന്നിലും സെഞ്ച്വറി നേടാന്‍ ഗില്ലിന് സാധിച്ചു എന്നതും ശ്രദ്ധേയം. 60 പന്തില്‍ പത്ത് സിക്‌സും ഏഴ് ഫോറും സഹിതം 129 റണ്‍സാണ് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഗില്‍ അടിച്ചുകൂട്ടിയത്. 

ഗില്ലിന്റെ ചിത്രത്തിനൊപ്പം ജ്വലിച്ചു നില്‍ക്കുന്ന നക്ഷത്രത്തിന്റെ ഇമോജിയിട്ടായിരുന്നു വിരാട് കോഹ്‌ലിയുടെ അഭിനന്ദനം. ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ രാജകുമാരന്‍ എന്നു വിശേഷിപ്പിച്ചായിരുന്നു ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങിന്റെ പ്രതികരണം. 

മറ്റൊരു മഹത്തായ ഇന്നിങ്‌സുമായി ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ രാജകുമാരന്‍- എന്നായിരുന്നു യുവിയുടെ ട്വീറ്റ്. 

പരിക്കേറ്റ് വിശ്രമിക്കുന്ന ഋഷഭ് പന്തും ഗില്ലിനെ അഭിനന്ദിച്ചു. ക്ലാസ് ബാബാ- എന്ന കുറിപ്പോടെ ഗില്ലിന്റെ ബാറ്റിങ് ലൈവായി ടിവിയില്‍ കാണുന്നതിന്റെ ചിത്രത്തോടെയാണ് പന്തിന്റെ ട്വീറ്റ്. 

യുവ മാസ്‌ട്രോ ശുഭ്മാന്‍ ഗില്ലിന്റെ മറ്റൊരു ഉജ്ജ്വല സെഞ്ച്വറി. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി ശോഭനമാണ്. ചാമ്പ് കീപ്പ് റോക്കിങ്- സുരേഷ് റെയ്‌ന കുറിച്ചു. 

ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് ഇതിഹാസം എബി ഡിവില്ല്യേഴ്‌സും താരത്തിന്റെ ഇന്നിങ്‌സില്‍ ത്രില്ലടിച്ചു. ശുഭ്മാന്‍ ഗില്‍! വൗ. എനിക്ക് ശരിക്കും വാക്കുകളില്ല- ഡിവില്ല്യേഴ്‌സ് ട്വീറ്റ് ചെയ്തു. 

എന്തൊരു താരമാണ്. നാല് മത്സരങ്ങളില്‍ നിന്നു മൂന്ന് സെഞ്ച്വറികള്‍. ഞെട്ടിക്കുന്ന ചില ഷോട്ടുകള്‍. അതിശയകരമായ സ്ഥിരതയും റണ്‍സ് നേടാനുള്ള അടങ്ങാത്ത ദാഹവും. വലിയ താരങ്ങളുടെ അതേ സമീപനം- മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിന്റെ പ്രശംസ. 

16 മത്സരങ്ങളില്‍ നിന്ന് മൂന്ന് സെഞ്ച്വറിയും നാല് അര്‍ധ സെഞ്ച്വറിയുമായി ഗില്‍ റണ്‍വേട്ടയില്‍ മുന്നിലെത്തി. 60.78 ആവറേജില്‍ താരം അടിച്ചെടുത്തത് 851 റണ്‍സ്. ഒരു മത്സരം കൂടി നില്‍ക്കെ ഈ റണ്‍സ് ഇനിയും വര്‍ധിച്ചേക്കാം. 156.43 ആണ് സ്‌ട്രൈക്ക് റേറ്റ്. സീസണിലെ ഓറഞ്ച് ക്യാപ് ഗില്ലിനു തന്നെയെന്ന് ഉറപ്പായി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com