ഒറ്റ സെക്കൻഡ്, കണ്ണഞ്ചിപ്പിക്കും വേ​ഗം; ​ഗില്ലിനെ വീഴ്ത്തിയ ധോനിയുടെ കിടിലൻ മിന്നൽ സ്റ്റമ്പിങ് (വീഡിയോ)

ബാറ്റിങിൽ നിരാശപ്പെടുത്തിയെങ്കിലും വിക്കറ്റിന് പിന്നിൽ ഇന്നലെ ഉജ്ജ്വല ഫോമിലായിരുന്നു ധോനി. അതിൽ തന്നെ ആരാധകരെ അമ്പരപ്പിച്ചത് ശുഭ്മാൻ ​ഗില്ലിനെ പുറത്താക്കിയ സ്റ്റമ്പിങും
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

അഹമ്മദാബാദ്: വിക്കറ്റിനു പിന്നിലെ മഹേന്ദ്ര സിങ് ധോനിയുടെ പ്രകടനം സമാനതകളില്ലാത്തതാണ്. ഇത്ര ചടുലതയോടെ പ്രതികരിക്കുന്ന ഒരു വിക്കറ്റ് കീപ്പർ സമീപ കാലത്തൊന്നും ക്രിക്കറ്റ് ലോകം കണ്ടിട്ടുമില്ല. പ്രത്യേകിച്ച് സ്റ്റമ്പിങിൽ. നേരിയ അവസരമുണ്ടെങ്കിൽ ധോനി ബാറ്ററെ പുറത്താക്കിയിരിക്കും, കട്ടായം! 

ഐപിഎൽ ഫൈനലിൽ ​ഗുജറാത്ത് ടൈറ്റൻസ് ഓപ്പണറും മിന്നും ഫോമിൽ ടൂർണമെന്റിലൂടനീളം ബാറ്റ് വീശുകയും ചെയ്ത ശുഭ്മാൻ ​ഗിൽ അതു ശരിക്കും മനസിലാക്കി. ബാറ്റിങിൽ നിരാശപ്പെടുത്തിയെങ്കിലും വിക്കറ്റിന് പിന്നിൽ ഇന്നലെ ഉജ്ജ്വല ഫോമിലായിരുന്നു ധോനി. അതിൽ തന്നെ ആരാധകരെ അമ്പരപ്പിച്ചത് ശുഭ്മാൻ ​ഗില്ലിനെ പുറത്താക്കിയ സ്റ്റമ്പിങും.

ഫൈനലിലും മികച്ച തുടക്കമാണ് ​ഗുജറാത്തിനായി ​ഗിൽ- വൃ​ദ്ധിമാൻ സാ​ഹ സഖ്യം ​ഒരുക്കിയത്. പവർപ്ലേയിൽ മികച്ച റൺസുമായി ഇരുവരും കളം നിറഞ്ഞു. എന്നാൽ ഏഴാം ഓവറിലെ അവസാന പന്തിലാണ് മികച്ച ഫോമിൽ കളിച്ച ​ഗിൽ പുറത്തായത്. ജഡേജ എറിഞ്ഞ പന്തിൽ കണ്ണടച്ചു തുറക്കും വേ​ഗത്തിൽ ധോനി ​ഗില്ലിനെ സ്റ്റമ്പ് ചെയ്തു. ജഡേജ എറിഞ്ഞ പന്ത് ഓഫ് സൈഡിലാണ് വന്നത്. ഫ്രണ്ട് ഫൂട്ടിൽ കളിക്കാനായിരുന്നു ​ഗില്ലിന്റെ ശ്രമം. എന്നാൽ അതു പാളി. പന്ത് ബാറ്റിൽ തൊടാതെ നേരെ ധോനിയുടെ കൈകളിൽ. പന്ത് കിട്ടലും സ്റ്റമ്പിങും എല്ലാം ഞൊടിയിടയിൽ കഴിഞ്ഞു. ക്രീസിൽ നിന്നു ഇറങ്ങി കളിക്കാൻ നോക്കിയ ​ഗിൽ പന്ത് ഒഴിഞ്ഞതിന് പിന്നാലെ പണിപ്പെട്ട് ക്രീസിലേക്ക് കാൽ നീട്ടാൻ നോക്കുന്നതിനിടെ ധോനി സ്റ്റമ്പ് ചെയ്തിരുന്നു. 

20 പന്തിൽ ഏഴ് ഫോറുകൾ സഹിതം 39 റൺസുമായി മറ്റൊരു മെ​ഗാ ഇന്നിങ്സിനു കോപ്പുകൂട്ടുകയായിരുന്നു ​ഗിൽ. ​ഗുജറാത്തിന് നഷ്ടമായ ആദ്യ വിക്കറ്റും ഇതാണ്. 250ാം ഐപിഎൽ മത്സരം കളിച്ച ധോനിയുടെ 42ാം സ്റ്റമ്പിങ്ങായിരുന്നു ഇത്. 

രണ്ട് തവണ ലൈഫ് കിട്ടിയ ശേഷമായിരുന്നു ​ഗില്ലിന്റെ മടക്കം. തുഷാർ ദേശ്പാണ്ഡെ എറിഞ്ഞ രണ്ടാം ഓവറിൽ ദീപക് ച​ഹർ ​ഗില്ലിന്റെ ക്യാച്ച് നഷ്ടപ്പെടുത്തിയിരുന്നു. അപ്പോൾ മൂന്ന് റൺസ് മാത്രമായിരുന്നു താരത്തിന്റെ സമ്പാദ്യം. ദേശ്പാണ്ഡെ എറിഞ്ഞ നാലാം ഓവറിൽ ​ഗില്ലിനെ റണ്ണൗട്ടാക്കാനുള്ള അവസരം ജഡേജയും നഷ്ടപ്പെടുത്തി. പിന്നാലെയാണ് ധോനിയുടെ മിന്നിൽ സ്റ്റമ്പിങിൽ ​ഗിൽ മുട്ടുമടക്കിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com