ആരെത്തും സെമിയില്‍? കിവികളുടെ വമ്പന്‍ തോല്‍വി; പാക്, അഫ്ഗാന്‍ ടീമുകള്‍ക്ക് ജീവ ശ്വാസം, ഇംഗ്ലണ്ടിനു വരെ സാധ്യത!

മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ന്യൂസിലന്‍ഡ് ദക്ഷിണാഫ്രിക്കയോട് വമ്പന്‍ പരാജയം ഏറ്റുവാങ്ങിയതോടെ അവര്‍ മൂന്നില്‍ നിന്നു നാലിലേക്ക് ഇറങ്ങി
ചിത്രം: പിടിഐ
ചിത്രം: പിടിഐ

മുംബൈ: ലോകകപ്പില്‍ സെമി സാധ്യത തേടുന്ന പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ശ്രീലങ്ക, നെതര്‍ലന്‍ഡ്‌സ്, ഇംഗ്ലണ്ട് ടീമുകള്‍ക്ക് ആശ്വാസം നല്‍കുന്നതാണ് ന്യൂസിലന്‍ഡിന്റെ ദക്ഷിണാഫ്രിക്കയോടേറ്റ തോല്‍വി. നിലവില്‍ സെമിയുടെ വക്കില്‍ നില്‍ക്കുന്നത് ഒന്നാമതുള്ള ദക്ഷിണാഫ്രിക്കയും രണ്ടാമതുള്ള ഇന്ത്യയും. സെമിയിലെത്തുകയില്ലെന്ന ഉറപ്പ് ബംഗ്ലാദേശിനും.  

മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ന്യൂസിലന്‍ഡ് ദക്ഷിണാഫ്രിക്കയോട് വമ്പന്‍ പരാജയം ഏറ്റുവാങ്ങിയതോടെ അവര്‍ മൂന്നില്‍ നിന്നു നാലിലേക്ക് ഇറങ്ങി. ഇതോടെ ഓസ്‌ട്രേലിയ മൂന്നാം സ്ഥാനത്തേക്ക് കയറി. മികച്ച രീതിയില്‍ തുടങ്ങിയ ന്യൂസിലന്‍ഡ് തുടരെ മൂന്ന് മത്സരങ്ങള്‍ തോറ്റ് പരുങ്ങലിലായി. 

ദക്ഷിണാഫ്രിക്കയോടേറ്റ വമ്പന്‍ തോല്‍വി അവരുടെ നെറ്റ് റണ്‍റേറ്റ് ത്രിശങ്കുവിലാക്കി. എട്ട് പോയിന്റുകളാണ് അവര്‍ക്ക് നിലവിലുള്ളത്. അഞ്ചാം സ്ഥാനത്തുള്ള പാകിസ്ഥാനും ആറാം സ്ഥാനത്തുള്ള അഫ്ഗാനിസ്ഥാനും ആയി രണ്ട് പോയിന്റ് മാത്രം വ്യത്യാസം. 

പാകിസ്ഥാന്‍

പാകിസ്ഥാന് ഇനിയുള്ള രണ്ട് മത്സരങ്ങള്‍ അതി നിര്‍ണായകം. രണ്ടിലും ജയിച്ചാല്‍ മാത്രം സെമി പ്രതീക്ഷ വയ്ക്കാം. അപ്പോഴും മറ്റ് ടീമുകളുടെ ഫലങ്ങളും കാത്തിരിക്കണം. ഒന്ന് തോറ്റാല്‍ വഴികള്‍ ഏതാണ്ട് അടയും. 

രണ്ട് ജയവും ഒപ്പം നെറ്റ് റണ്‍റേറ്റും തുണയ്ക്കണമെങ്കില്‍ ന്യൂസിലന്‍ഡിനെതിരായ പോരാട്ടം അവര്‍ക്ക് നിര്‍ണായകമാണ്. കിവികള്‍ക്കെതിരായ മത്സരത്തില്‍ പാകിസ്ഥാന്‍ 83 റണ്‍സിന്റെ വിജയമോ, റണ്‍സ് ചെയ്‌സിങാണെങ്കില്‍ 35 ഓവറിനുള്ള ലക്ഷ്യം കാണുകയോ വേണം. എന്നാല്‍ മാത്രം രണ്ട് കളി ജയിച്ച് അവര്‍ക്ക് അവസാന നാലില്‍ അവസരം ഉണ്ട്. ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട് ടീമുകളാണ് അവരുടെ അടുത്ത എതിരാളികള്‍. 

അഫ്ഗാനിസ്ഥാന്‍

വമ്പന്‍ അട്ടിമറികളുമായി ലോകകപ്പില്‍ കുതിച്ച അഫ്ഗാനു ചരിത്രത്തിലാദ്യമായി സെമി ഉറപ്പിക്കാനുള്ള സുവര്‍ണാവസരം മുന്നില്‍. അടുത്ത മൂന്ന് മത്സരങ്ങളും ജയിച്ചാല്‍ നെറ്റ് റണ്‍റേറ്റ് ആശ്രയിക്കാതെ തന്നെ അവര്‍ക്ക് സെമിയിലെത്താം.

ന്യൂസിലന്‍ഡ്- പാകിസ്ഥാന്‍ പോരില്‍ കിവികള്‍ ജയിച്ചാല്‍ അഫ്ഗാന് സാധ്യത കൂടും. നെതര്‍ലന്‍ഡ്‌സ്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകള്‍ക്കെതിരെയാണ് അവരുടെ ശേഷിക്കുന്ന പോരാട്ടങ്ങള്‍. ഇതില്‍ മൂന്നും തോറ്റാല്‍ പുറത്ത്. രണ്ടെണ്ണം ജയിച്ചാല്‍ നെറ്റ് റണ്‍റേറ്റും മറ്റ് ടീമുകളുടെ ഫലവും അവര്‍ക്ക് സാധ്യതയായി നില്‍ക്കുന്നു. 

ശ്രീലങ്ക, നെതര്‍ലന്‍ഡ്‌സ്, ഇംഗ്ലണ്ട്

ന്യൂസിലന്‍ഡിന്റെ ദക്ഷിണാഫ്രിക്കയോടുള്ള തോല്‍വി ശ്രീലങ്ക, നെതര്‍ലന്‍ഡ്‌സ്, ഇംഗ്ലണ്ട് ടീമുകള്‍ക്കും നേരിയ സാധ്യത തുറന്നിടുന്നു. ഇന്ന് ഇന്ത്യയോടും ശേഷിക്കുന്ന പോരാട്ടങ്ങളില്‍ ബംഗ്ലാദേശ്, ന്യൂസിലന്‍ഡ് ടീമുകളോടും വിജയിച്ചാല്‍ ശ്രീലങ്കയ്ക്ക് സെമിയിലേക്ക് അടുക്കാം. മികച്ച റണ്‍ റേറ്റുണ്ടെങ്കില്‍ കാര്യം എളുപ്പം. മൂന്ന് മത്സരങ്ങളിലും വമ്പന്‍ ജയം വേണമെന്നു ചുരുക്കം. തീര്‍ന്നില്ല, ഇനിയുള്ള മത്സരങ്ങളില്‍ പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ ടീമുകള്‍ ഒരെണ്ണം തോല്‍ക്കണം. പാകിസ്ഥാന്‍ ന്യൂസിലന്‍ഡിനെ വീഴ്ത്തുകയും ചെയ്താല്‍ ലങ്കയ്ക്ക് സെമിയിലെത്താം. 

ഡച്ച് പടയ്ക്ക് ആറ് പോയിന്റുകളാണ്. ശേഷിക്കുന്ന മൂന്ന് മത്സരങ്ങളും ജയിക്കണം. നെറ്റ് റണ്‍റേറ്റും നിര്‍ണായകം. അഫ്ഗാനിസ്ഥാന്‍, ഇംഗ്ലണ്ട്, ഇന്ത്യ ടീമുകളുമായാണ് അവര്‍ക്കിനി പോരാട്ടം. 

ഇംഗ്ലണ്ടിനും നേരിയ സാധ്യത. ഇനിയുള്ള മൂന്ന് മത്സരങ്ങളും അവര്‍ ജയിക്കണം. മൂന്നില്‍ ഒന്ന് തോറ്റാല്‍ പുറത്ത്. മൂന്നെണ്ണം മികച്ച രീതിയില്‍ ജയിച്ച് നെറ്റ് റണ്‍ റേറ്റ് ഉയര്‍ത്തണം. മറ്റ് ടീമുകളുടെ ഫലവും അവര്‍ക്ക് നിര്‍ണായകം. 

ഓസ്‌ട്രേലിയ

തുടക്കത്തിലെ വീഴ്ചയില്‍ നിന്നു ശക്തമായി തിരിച്ചെത്തിയ ഓസ്‌ട്രേലിയക്ക് ഇനി ശേഷിക്കുന്നത് മൂന്ന് മത്സരങ്ങള്‍. മൂന്നില്‍ ഒന്ന് ജയിച്ചാല്‍ മറ്റ് ടീമുകളുടെ ഫലം ആശ്രയിക്കണം. മൂന്നില്‍ രണ്ട് ജയമാണെങ്കില്‍ സെമി വക്കില്‍. മൂന്നില്‍ മൂന്നും ജയിച്ചാല്‍ സെമി ഉറപ്പ്. നെറ്റ് റണ്‍റേറ്റ് സാധ്യതകള്‍ പരമാവധി ഒഴിവാക്കി മുന്നേറാനുള്ള ഒരുക്കത്തിലാണ് ഓസീസ്. ഇനി ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് ടീമുകളാണ് അവരുടെ എതിരാളികള്‍. 

ന്യൂസിലന്‍ഡ്

ദക്ഷിണാഫ്രിക്കയോടേറ്റ 190 റണ്‍സിന്റെ വമ്പന്‍ തോല്‍വിയാണ് കിവികളെ വെട്ടിലാക്കിയത്. ഇനിയുള്ള രണ്ട് മത്സരങ്ങള്‍ അവര്‍ ജയിച്ചാല്‍ അവര്‍ക്ക് 12 പോയിന്റുമായി സെമി ഉറപ്പിക്കാം. ഒന്ന് തോറ്റാല്‍ 10 പോയിന്റ്. അപ്പോഴും നെറ്റ് റണ്‍റേറ്റ് ആനുകൂല്യം തുണച്ചേക്കും. നിലവില്‍ കിവികള്‍ക്ക് ഭീഷണി അഫ്ഗാനിസ്ഥാനാണ്. അഫ്ഗാന്‍ ശേഷിക്കുന്ന മൂന്ന് മത്സരങ്ങള്‍ ജയിച്ചാല്‍ ന്യൂസിലന്‍ഡിനു വലിയ തലവേദനയാകും. പാകിസ്ഥാന്‍, ശ്രീലങ്ക ടീമുകളാണ് കിവികളുടെ എതിരാളികള്‍. പാകിസ്ഥാനും ഈ കളി നിര്‍ണായകം. 

ഇന്ത്യ

നിലവില്‍ ഇന്ത്യ ശ്രീലങ്കയുമായി ഏറ്റുമുട്ടുന്നു. ഇന്ന് തോറ്റാലും ഒട്ടും വേവലാതി ഇന്ത്യക്ക് വേണ്ട. ഇന്നത്തേതടക്കം മൂന്ന് മത്സരങ്ങളില്‍ ഒരു ജയം മതി ഇന്ത്യക്ക് അവസാന നാലിലെത്താന്‍. ദക്ഷിണാഫ്രിക്ക, നെതര്‍ലന്‍ഡ്‌സ് ടീമുകള്‍ക്കെതിരെയാണ് ഇന്ത്യയുടെ ശേഷിക്കുന്ന പോരാട്ടം. 

ദക്ഷിണാഫ്രിക്ക

നിലവില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. ഇനിയുള്ള രണ്ടില്‍ ഒരു മത്സരം ജയിച്ചാല്‍ പ്രോട്ടീസിനു സെമി ഉറപ്പിക്കാം. ഇനിയുള്ള രണ്ട് കളി തോറ്റാലും നിലവില്‍ വലിയ പ്രശ്‌നങ്ങള്‍ അവര്‍ക്കില്ല. നല്ല നെറ്റ് റണ്‍റേറ്റുണ്ട്. ഇന്ത്യ, അഫ്ഗാനിസ്ഥാന്‍ ടീമുകള്‍ക്കെതിരെയാണ് അവരുടെ ശേഷിക്കുന്ന പോരാട്ടങ്ങള്‍. അഫ്ഗാനിസ്ഥാനു മൂന്ന് മത്സരങ്ങള്‍ ഉണ്ട്. ഇതില്‍ ഒരെണ്ണം അവര്‍ തോറ്റാലും ദക്ഷിണാഫ്രിക്ക, ഇന്ത്യ ടീമുകള്‍ക്ക് സെമി ഉറപ്പ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com