കൈവിട്ട ക്യാച്ചുകൾ, നിർഭാ​ഗ്യ മടക്കത്തിന്റെ മറ്റൊരു അധ്യായം; പ്രോട്ടീസ് സെമിയിൽ തല കുനിക്കുന്നത് അഞ്ചാം തവണ

ബാറ്റ് ചെയ്തപ്പോൾ ടൂർണമെന്റിൽ മിക്ക മത്സരത്തിലും വൻ സ്കോറുകൾ നേടിയ ബാറ്റർമാർ ഒരു ചെറുത്തു നിൽപ്പുമില്ലാതെ കീഴടങ്ങി
മാർക്രം, ബവുമ എന്നിവരുടെ നിരാശ/ പിടിഐ
മാർക്രം, ബവുമ എന്നിവരുടെ നിരാശ/ പിടിഐ

കൊൽക്കത്ത: ലോകകപ്പ് ക്രിക്കറ്റ് ചരിത്രത്തിൽ ഇത്രയും നിർഭാ​ഗ്യം ഉള്ള ടീം മറ്റൊന്നില്ല. എല്ലാ കാലത്തും ആരാധകർ പറഞ്ഞു പറഞ്ഞു പഴകിയ വാക്കാണ് ദക്ഷിണാഫ്രിക്കയ്ക്കുള്ളത്. ഇത്തവണയും അവർ സെമിയിൽ തോറ്റ് പുറത്താകുമ്പോൾ നിർഭാ​ഗ്യത്തിന്റെ ചരിത്രത്തിനു മാറ്റമില്ല. ഇത്തവണ അവരുടെ അഞ്ചാം സെമി മടക്കമാണ് കൊൽക്കത്തയിൽ കണ്ടത്. 

ബാറ്റ് ചെയ്തപ്പോൾ ടൂർണമെന്റിൽ മിക്ക മത്സരത്തിലും വൻ സ്കോറുകൾ നേടിയ ബാറ്റർമാർ ഒരു ചെറുത്തു നിൽപ്പുമില്ലാതെ കീഴടങ്ങി. ഡേവിഡ് മില്ലർ സെഞ്ച്വറിയുമായി ഒരറ്റം കാത്തു. എന്നാൽ പിന്തുണയ്ക്കാൻ ഒരാളും ഇല്ലാതെ പോയപ്പോൾ തന്നെ അവർ പകുതി തോറ്റ നിലയിലായിരുന്നു. എന്നിട്ടും കുറഞ്ഞ സ്കോറിൽ പുറത്തായിട്ടും ബൗളിങ് മികവിൽ അവസാനം വരെ ഓസ്ട്രേലിയയെ വെള്ളം കുടിപ്പിക്കാൻ അവർക്ക് സാധിച്ചു. 

അവസാന ഘട്ടത്തിൽ മത്സരത്തിന്റെ നിർണായക നിമിഷത്തിൽ ക്യാച്ചുകൾ കൈവിട്ടാണ് അവർ തങ്ങളുടെ നിർഭാ​ഗ്യത്തിന്റെ പുസ്തകത്തിൽ മറ്റൊരു അധ്യായം കൂടി തുന്നിച്ചേർത്തത്. ആ രണ്ട് ക്യാച്ചുകൾ കൈയിൽ ഒതുക്കിയിരുന്നെങ്കിൽ ടീമിന് കന്നി ഫൈനൽ ബർത്ത് ഉറപ്പിക്കാമായിരുന്നു. പക്ഷേ പഴയ പല്ലവി തന്നെ പുതു തലമുറയും ആവർത്തിക്കുന്നു. 

1992ലാണ് അവർ ആദ്യമായി ലോകകപ്പ് കളിച്ചത്. അന്ന് 19 പന്തിൽ 22 റൺസായിരുന്നു വേണ്ടിയിരുന്നത്. എന്നാൽ മഴ അവരുടെ വഴിയിൽ തടസമായി നിന്നു. മഴ മാറി കളി തുടങ്ങിയപ്പോൾ ലക്ഷ്യം പുനർനിർണയിച്ചത് ഒരു പന്തിൽ 22 റൺസെന്ന നിലയിൽ. അസാധ്യ ലക്ഷ്യത്തിൽ തട്ടി അവർ കണ്ണീരോടെ മടങ്ങി. 

1999ലാണ് അവർ വീണ്ടും സെമിയിലെത്തിയത്. ഓസ്ട്രേലിയക്കെതിരായ അന്നത്തെ പോരാട്ടം ജയിക്കാൻ സാധിക്കുമായിരുന്നു. എന്നാൽ മത്സരം അവിശ്വസനീയമാം വിധം ടൈയിൽ അവസാനിച്ചപ്പോൾ അവർക്ക് വീണ്ടും കണ്ണീർ മടക്കം. അവസാന ഓവറിൽ അന്ന് ഒൻപത് റൺസായിരുന്നു വേണ്ടിയിരുന്നത്. ആദ്യ രണ്ട് പന്തിലും ക്ലൂസ്നർ ഫോറുകൾ തൂക്കിയതോടെ മത്സരം നാല് പന്തിൽ ഒരു റൺസെന്ന നിലയിൽ. എന്നാൽ ആ ലക്ഷ്യത്തിലേക്ക് എത്തും മുൻപ് അലൻ ‍ഡൊണാൾഡ് റണ്ണൗട്ടായി. മത്സരം ടൈ കെട്ടി. സൂപ്പർ സിക്സിൽ ദക്ഷിണാഫ്രിക്കയെ കീഴടക്കിയതിന്റെ ബലത്തിൽ ഓസ്ട്രേലിയ ഫൈനലിലേക്ക്. പ്രോട്ടീസിന്റെ രണ്ടാം നിർഭാ​ഗ്യം. 

2007ലും ഓസ്ട്രേലിയയായിരുന്നു എതിരാളികൾ. പക്ഷേ ആധികാരിക വിജയത്തോടെ അവർ ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ഫൈനലിലേക്ക് മുന്നേറി. 

2015ൽ ന്യൂസിലൻഡായിരുന്നു എതിരാളികൾ. അന്നും മഴ വില്ലനായി. ഓവറുകൾ ചുരുക്കിയതും ഫീൽഡിങിലെ പിഴവുകളും അവരുടെ വഴിയടച്ചു. ഡെയ്ൽ സ്റ്റെയിൻ എറിഞ്ഞ അവസാന ഓവറിലെ അഞ്ചാം പന്ത് ​ഗ്രാന്റ് എലിയറ്റ് സിക്സർ തൂക്കി ന്യൂസിലൻഡ് ഫൈനലിലേക്ക്. ദക്ഷിണാഫ്രിക്ക നാട്ടിലേക്കും മടങ്ങി. 

ഇത്തവണ മിന്നും പ്രകടനമാണ് അവർ ​ഗ്രൂപ്പ് ഘട്ടത്തിൽ കാഴ്ച വച്ചത്. രണ്ടാം സ്ഥാനക്കാരായി ആധികാരികമായി സെമിയിലും എത്തി. സെമിയിൽ കുറഞ്ഞ സ്കോറിൽ പുറത്തായിട്ടും ഓസ്ട്രേലിയ കരുത്തോടെ തുടങ്ങിയിട്ടും പ്രോട്ടീസ് ​ഗംഭീരമായി തന്നെ മത്സരം തിരിച്ചു പിടിക്കുന്ന കാഴ്ചയായിരുന്നു. അവസാന ഘട്ടത്തിൽ ഓസീസിനു മേൽ സമ്മർദ്ദം ശക്തമാക്കിയ അവർക്ക് പക്ഷേ നിർണായക ക്യാച്ചുകൾ കൈയിൽ ഒതുക്കാൻ സാധിച്ചില്ല. 

37ാം ഓവറിൽ ജോഷ് ഇം​ഗ്ലിസ് പുറത്തായതിനു പിന്നാലെ എത്തിയ പാറ്റ് കമ്മിൻസിനെ ജെറാർഡ് കോറ്റ്സി വിക്കറ്റിനു മുന്നിൽ കുരുക്കി. അംപയർ ഔട്ട് നൽകിയില്ല. ഡിആർഎസിൽ വിക്കറ്റിലേക്ക് പോകുന്ന പന്ത് പിച്ച് ചെയ്തത് ലെ​ഗ് സ്റ്റംപിനു പുറത്ത്. ഫലം നോട്ടൗട്ട്. അങ്ങനെ ഒരു റിവ്യു അവർക്ക് നഷ്ടമായി. 

41ാം ഓവറിൽ മാർക്രത്തിന്റെ പന്ത് ഫ്ലിക് ചെയ്യാനുള്ള മിച്ചൽ സ്റ്റാർക്കിന്റെ ശ്രമം. എഡ‍്ജ് ചെയ്ത പന്ത് മാർക്രത്തിനു തൊട്ടു മുന്നിൽ പിച്ച് ചെയ്തു. ഒന്നു ശ്രമിച്ചിരുന്നെങ്കിൽ ആ ക്യാച്ച് താരത്തിനു കൈയിൽ ഒതുക്കാൻ സാധിക്കുമായിരുന്നു. 

43ാം ഓവറിൽ വീണ്ടും മാർക്രം പന്തെറിയുന്നു. ​ലെങ്ത് പന്ത് ഫ്ലിക് ചെയ്യാൻ കമ്മിൻസിന്റെ ശ്രമം. മിഡ് വിക്കറ്റിൽ ഡേവിഡ് മില്ലറുടെ നേർക്ക്. മില്ലർ ക്യാച്ചെടുക്കാൻ ഡൈവ് ചെയ്തു. നേരിയ വ്യത്യാസത്തിൽ വീണ്ടും ക്യാച്ച് നഷ്ടം. 

മാർക്രത്തിന്റെ 45ാം ഓവർ. ​ഗുഡ് ലെങ്തിൽ പിച്ച് ചെയ്ത പന്ത് ഡ്രൈവ് ചെയ്യാനുള്ള കമ്മിൻസിന്റെ ശ്രമം. അകത്തേക്ക് ടേൺ ചെയ്ത പന്ത് ബാറ്റിൽ തട്ടി പിന്നിലേക്ക്. ക്വിന്റൻ ‍‍ഡി കോക്കിനു അനായാസം കൈയിലൊതുക്കാൻ സാധിക്കുമായിരുന്നു. താരത്തിന്റെ ​ഗ്ലൗവിൽ തട്ടി പന്ത് നിലത്ത്. അടുത്ത നഷ്ടം. പിന്നീട് ഒരവസരവും നൽകാതെ സ്റ്റാർക്ക്- കമ്മിൻസ് സഖ്യം ഓസീസിനെ ഫൈനലിലേക്ക് നയിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com