ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ

കാര്യവട്ടത്ത് 'മഴ' പെയ്തില്ല, യുവ ഇന്ത്യ  തീർത്തു റെക്കോർഡുകളുടെ 'പ്രളയം' !

ഓസ്ട്രേലിയക്കെതിരെ ടി20യിൽ ഇന്ത്യ നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണിത്. ഇരു ടീമുകളുടേയും പോരാട്ടത്തിലെ ഏറ്റവും ഉയർന്ന സ്കോറും ഇതുതന്നെ

തിരുവനന്തപുരം: യുവ ഇന്ത്യൻ നിര കാര്യവട്ടത്തെ ​ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ കത്തിക്കയറും ബാറ്റിങുമായി കളം നിറഞ്ഞപ്പോൾ ആരാധകർക്ക് ആവേശം. രണ്ടാം ടി20യിൽ ഓസ്ട്രേലിയയെ വീഴ്ത്തിയപ്പോൾ കാര്യവട്ടത്ത് ഒരുപിടി റെക്കോർഡുകളും പിറന്നു. മത്സരത്തിൽ ഇന്ത്യ നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 235 റൺസാണ് എടുത്തത്. ഓസീസിന്റെ മറുപടി 191 റൺസിൽ അവസാനിച്ചു. ഒൻപത് വിക്കറ്റുകളും അവർക്ക് നഷ്ടമായി. 

ഓസ്ട്രേലിയക്കെതിരെ ടി20യിൽ ഇന്ത്യ നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണിത്. ഇരു ടീമുകളുടേയും പോരാട്ടത്തിലെ ഏറ്റവും ഉയർന്ന സ്കോറും ഇതുതന്നെ. 2022ൽ മൊഹാലിയിൽ ഇന്ത്യക്കെതിരെ ഓസ്ട്രേലിയ 211 റൺസ് അടിച്ചിരുന്നു. ടി20യിൽ ഇന്ത്യ നേടുന്ന ഏറ്റവും ഉയർന്ന നാലാമത്തെ സ്കോറാണ് കാര്യവട്ടത്തേത്. 2017ൽ ശ്രീലങ്കക്കെതിരെ നേടിയ 260 റൺസാണ് ഒന്നാമത്. 2019ൽ വെസ്റ്റ് ഇൻഡീസിനെതിരെ നേടിയ 240 റൺസ് രണ്ടാമതും 2022ൽ ദക്ഷിണാഫ്രിക്കക്കെതിരെ നേടിയ 237 റൺസ് മൂന്നാമതും. 

അന്താരാഷ്ട്ര ടി20യിൽ ഏറ്റവും കൂടുതൽ തവണ 220 പ്ലസ് സ്കോർ നേടുന്ന ടീമായി ഇന്ത്യ മാറി. ഇത് ഒൻപതാം തവണയാണ് ഇന്ത്യ 220 പ്ലസ് സ്കോർ ടി20യിൽ അടിച്ചെടുക്കുന്നത്. ദക്ഷിണാഫ്രിക്ക എട്ട് തവണ സ്കോർ ചെയ്തു. 

ടി20യിൽ ഇന്ത്യയുടെ ആദ്യ മൂന്ന് ബാറ്റർമാരും അർധ സെ‍ഞ്ച്വറി നേടുന്നത് ഇതാ​ദ്യമാണ്. ഓപ്പണർമാരായ യശസ്വി ജയ്സ്വാൾ, ഋതുരാജ് ​ഗെയ്ക്‌വാദ്, മൂന്നാമനായി എത്തിയ ഇഷാൻ കിഷൻ എന്നിവരാണ് അർധ ശതകം പിന്നിട്ടത്. 

രാജ്യാന്തര ടി20 പോരാട്ടത്തിന്റെ പവർ പ്ലേയിൽ ഉയർന്ന സ്കോർ കുറിക്കുന്ന ഇന്ത്യൻ താരമായി യശസ്വി മാറി. രോഹിത് ശർമ, കെഎൽ രാഹുൽ എന്നിവരെയാണ് രാജസ്ഥാൻ റോയൽസ് യുവ ഓപ്പണർ പിന്തള്ളിയത്. 25 പന്തിൽ 53 റൺസെടുത്താണ് യശസ്വി മടങ്ങിയത്. രോഹിത്, രാഹുൽ എന്നിവർ 50 റൺസെടുത്തിരുന്നു. 

അന്താരാഷ്ട്ര ടി20യിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടുന്ന ടീമായി ഇന്ത്യ മാറി. പാകിസ്ഥാനൊപ്പമാണ് ഇന്ത്യ റെക്കോർഡിലെത്തിയത്. 135 വിജയങ്ങളാണ് ഇന്ത്യക്കുള്ളത്. പാകിസ്ഥാൻ 226 മത്സരങ്ങൾ കളിച്ചാണ് 135 വിജയങ്ങൾ സ്വന്തമാക്കിയത്. ഇന്ത്യ 211 കളികളിൽ നിന്നു തന്നെ നേട്ടത്തിലെത്തി. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com