നീരജിന്റെ ദൂരം സ്‌ക്രീനില്‍ ഇല്ല! കിഷോറിന്റെ ഫലം അസാധു, ചൈനയുടെ ഫൗള്‍ സ്റ്റാര്‍ട്ടിനു അയോഗ്യത ജ്യോതിക്ക്; ലക്ഷ്യം ഇന്ത്യന്‍ താരങ്ങളോ? 

നീരജ് ത്രോ എറിഞ്ഞ ശേഷം താരത്തിന്റെ ദൂരം മാത്രം സ്‌ക്രീനില്‍ കാണിച്ചില്ല. നീരജ് ഫലത്തിനായി ഏറെ നിന്നിട്ടും കാര്യമുണ്ടായില്ല
ചിത്രം: ട്വിറ്റര്‍
ചിത്രം: ട്വിറ്റര്‍

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ അത്‌ലറ്റുകളെ ചൈനീസ് ഓഫീഷ്യല്‍സുകള്‍ മനഃപൂര്‍വം ലക്ഷ്യമിടുന്നതായി അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സീനിയര്‍ വൈസ് പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജ്. ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ സുവര്‍ണ ജേതാക്കളായ നീരജ് ചോപ്ര, അന്നു റാണി, വെള്ളി നേടിയ കിഷോര്‍ ജെന എന്നിവര്‍ മത്സരിക്കുമ്പോള്‍ അവര്‍ എറിയുന്ന ദൂരം മാത്രം സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. സാങ്കേതിക പിഴവാണെന്നായിരുന്നു അധികൃതരുടെ മറുപടി. മത്സരത്തിനിടെയുണ്ടായ ഇത്തരം സംഭവങ്ങള്‍ താരങ്ങളുടെ പ്രകടനത്തെ കാര്യമായി ബാധിക്കുമെന്നു അഞ്ജു ചൂണ്ടിക്കാട്ടി. 

നീരജ് ത്രോ എറിഞ്ഞ ശേഷം താരത്തിന്റെ ദൂരം മാത്രം സ്‌ക്രീനില്‍ കാണിച്ചില്ല. നീരജ് ഫലത്തിനായി ഏറെ നിന്നിട്ടും കാര്യമുണ്ടായില്ല. പിന്നീട് താരം ഓഫീഷ്യല്‍സിനെ സമീപിച്ചപ്പോള്‍ സാങ്കേതിക തകരാര്‍ സംഭവിച്ചതായും വീണ്ടും മാറ്റി ത്രോ ചെയ്യാനുമായിരുന്നു ഓഫീഷ്യല്‍സ് അറിയിച്ചത്. പിന്നാലെ താരം ത്രോ മാറ്റി എറിയുകയും ചെയ്തു. 

കിഷോര്‍ ജെനയുടെ രണ്ടാം ശ്രമത്തിലെ ത്രോ ഓഫീഷ്യല്‍സ് അസാധുവായി പ്രഖ്യാപിച്ചു. പിന്നീട് ഈ ത്രോയുടെ ഫലം അവര്‍ പുനഃസ്ഥാപിച്ചു.

അവര്‍ മനഃപൂര്‍വം കുഴപ്പം സൃഷ്ടിക്കുകയാണെന്നു അഞ്ജു സംശയം പ്രകടിപ്പിച്ചു. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഫെഡറേഷന്‍ അധികൃതരെ അറിയിക്കും. ഇന്ത്യന്‍ താരങ്ങള്‍ നല്ല രീതിയില്‍ പ്രകടനം നടത്തിയാല്‍ ഉടന്‍ ഓഫീഷ്യല്‍സുകള്‍ അനാവശ്യ ഇടപെടലുകളാണ് നടത്തുന്നത്. അഞ്ജു ചൂണ്ടിക്കാട്ടി. 

നേരത്തെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ജ്യോതി യരാജിയുടെ ഫൈനല്‍ മത്സരവും വിവാദത്തിലായിരുന്നു. ചൈനീസ് താരം ഫൗള്‍ സ്റ്റാര്‍ട്ട് നടത്തിയപ്പോള്‍ അയോഗ്യത ജ്യോതിക്കാണ് അധികൃതര്‍ നല്‍കിയത്. ഇതോടെ താരം പ്രതിഷേധിച്ചു.

വിവാദങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കുമൊടുവില്‍ ജ്യോതിയുടെ വെങ്കല മെഡല്‍ വെള്ളിയായിരുന്നു. ഫൈനലില്‍ അധികൃതര്‍ നടത്തിയ ഇടപെടലുകളാണ് വിവാദമായത്. വന്‍ ആശയക്കുഴപ്പങ്ങള്‍ക്കും സംഭവം ഇടയാക്കി. 

ഫൈനലില്‍ ജ്യോതി ഫൗള്‍ സ്റ്റാര്‍ട്ടായിരുന്നുവെന്നു വിധിച്ചു അവരെ അയോഗ്യയാക്കി. എന്നാല്‍ വെടിയൊച്ച മുഴങ്ങും മുന്‍പ് ഫൗള്‍ സ്റ്റാര്‍ട്ട് നടത്തിയത് ചൈനയുടെ സുവര്‍ണ പ്രതീക്ഷകയായ വു യാന്നിയായിരുന്നു. വു യാന്നിയെ അയോഗ്യയാക്കാതെ മത്സരിപ്പിച്ചു. താരം സ്വര്‍ണം നേടിയെങ്കിലും അന്തിമ ഫലം വന്നപ്പോള്‍ അവര്‍ക്ക് അയോഗ്യത നല്‍കി. ഇതോടെ ജ്യോതി വെള്ളി നേടി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com