9ാം ഏഷ്യാ കപ്പ് അർധ സെഞ്ച്വറി, റെക്കോർഡ്; സച്ചിനൊപ്പം രോഹിത്

By സമകാലിക മലയാളം ഡെസ്ക്   |   Published: 10th September 2023 08:33 PM  |  

Last Updated: 10th September 2023 08:33 PM  |   A+A-   |  

rohit1

ചിത്രം: ട്വിറ്റർ

 

കൊളംബോ: പാകിസ്ഥാനെതിരായ ഏഷ്യാ കപ്പ് സൂപ്പർ ഫോർ പോരാട്ടത്തിൽ അർധ സെഞ്ച്വറി നേടി രോഹിത് കരിയറിൽ 50 ഏകദിന അർധ സെഞ്ച്വറി തികച്ചിരുന്നു. പിന്നാലെ മറ്റൊരു റെക്കോർഡ് പട്ടികയിൽ നായകൻ ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർക്കൊപ്പം എത്തി. 49 പന്തില്‍ ആറ് ഫോറും നാല് സിക്‌സും സഹിതം രോഹിത് 56 റണ്‍സ് അടിച്ചെടുത്തു. 

ഇതോടെ ഏഷ്യാ കപ്പിൽ ഏറ്റവും കൂടുതൽ അർധ സെഞ്ച്വറികൾ നേടുന്ന ഇന്ത്യൻ താരമെന്ന സച്ചിന്റെ ടെണ്ടുൽക്കറുടെ റെക്കോർഡിനൊപ്പം രോഹിത് എത്തി. രോഹതിന്റെ ഒൻപതാം ഏഷ്യാ കപ്പ് അർധ സെഞ്ച്വറിയാണിത്. സച്ചിനും ഒൻപത് അർധ സെഞ്ച്വറികൾ. പാകിസ്ഥാനെതിരെ രോഹിതിന്റെ ഏഴാം അർധ സെഞ്ച്വറിയാണ്. 

ഏഷ്യാ കപ്പിൽ അർധ സെഞ്ച്വറി നേടിയ മൊത്തം ബാറ്റർമാരുടെ പട്ടികയിൽ രോഹിത് രണ്ടാം സ്ഥാനത്തേക്ക് കയറി. 12 അർധ സെഞ്ച്വറികളുമായി ശ്രീലങ്കൻ മുൻ നായകനും ഇതിഹാസ താരവുമായ കുമാർ സം​ഗക്കാരയാണ് പട്ടികയിൽ തലപ്പത്ത്. സച്ചിൻ, ജയസൂര്യ എന്നിവർക്കൊപ്പമാണ് രോഹിത് രണ്ടാം സ്ഥാനത്തു നിൽക്കുന്നത്. മൂവർക്ക് ഒൻപത് ഏഷ്യാ കപ്പ് ഫിഫ്റ്റികൾ. ഏഴ് അർധ സെഞ്ച്വറികളുമായി മറ്റൊരു ശ്രീലങ്കൻ താരം മർവൻ അട്ടപ്പട്ടുവാണ് മൂന്നാം സ്ഥാനത്ത്. 

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി രോ​ഹിത് മികച്ച തുടക്കമാണിട്ടത്. ശുഭ്മാൻ ​ഗിലും മറുഭാ​ഗത്ത് മികവോടെ ബാറ്റേന്തി. പാക് പേസ് ആക്രമണത്തെ കടന്നാക്രമിച്ചാണ് രോഹിത് കളം വിട്ടത്. തുടക്കത്തില്‍ പ്രതിരോധിച്ചു കളിച്ച രോഹിത് പിന്നീട് ഗിയര്‍ മാറ്റുകയായിരുന്നു. ശുഭ്മാന്‍ ഗില്ലിനൊപ്പം ഓപ്പണിങില്‍ 121 റണ്‍സെന്ന മികച്ച കൂട്ടുകെട്ടും രോഹിത് തീര്‍ത്തു. 

നടപ്പ് ഏഷ്യാ കപ്പില്‍ നായകന്‍ അടിച്ചെടുക്കുന്ന തുടര്‍ച്ചയായ രണ്ടാം അര്‍ധ സെഞ്ച്വറിയാണിത്. ഏകദിനത്തില്‍ പതിനായിരം റണ്‍സെന്ന നാഴികക്കല്ലിലേക്ക് അല്‍പ്പം റണ്‍സ് കൂടി മതിയായിരുന്നു രോഹിതിനു. പക്ഷേ അതിനു സാധിച്ചില്ല. 78 റണ്‍സില്‍ ഈ ഇന്നിങ്‌സ് എത്തിയിരുന്നെങ്കിലും താരം 10000 റണ്‍സിലും എത്തുമായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഇന്ത്യയുടെ 'മിന്നല്‍' തുടക്കം, പിന്നാലെ 'മഴ'- അര്‍ധ സെഞ്ച്വറിയടിച്ച് രോഹിതും ഗില്ലും മടങ്ങി 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ