തോല്‍വി തന്നെ തോല്‍വി! ഹാന്‍സി ഫ്‌ളിക്കിനെ പുറത്താക്കി ജര്‍മനി; 1926നു ശേഷം ആദ്യം

നാളെ ഫ്രാന്‍സിനെതിരെ സൗഹൃദ മത്സരം കളിക്കാനിരിക്കെയാണ് കോച്ചിനു പുറത്തേക്കുള്ള വാതില്‍ ജര്‍മനി തുറന്നു കൊടുത്തത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ബെര്‍ലിന്‍: സ്വന്തം നാട്ടില്‍ ജപ്പാനോട് ദയനീയ പരാജയം ഏറ്റുവാങ്ങിയതിനു പിന്നാലെ പരിശീലകന്‍ ഹാന്‍സി ഫ്‌ളിക്കിനെ ജര്‍മന്‍ ഫുട്‌ബോള്‍ ടീം പുറത്താക്കി. ജപ്പാനുമായുള്ള അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ 1-4ന്റെ കനത്ത പരാജയമാണ് മുന്‍ ലോക ചാമ്പ്യന്‍മാര്‍ക്ക് നേരിടേണ്ടി വന്നത്. മാസങ്ങള്‍ മാത്രം മുന്‍പ് ഖത്തര്‍ ലോകകപ്പിലും ജപ്പാന്‍ ജര്‍മന്‍ പവര്‍ ഹൗസിനെ വെല്ലുവിളിച്ചിരുന്നു.

അടുത്ത വര്‍ഷം യൂറോ കപ്പ് സ്വന്തം നാട്ടില്‍ നടക്കാനിരിക്കെ ടീം ആകെ തകര്‍ന്ന്, ആത്മവിശ്വാസം മുഴുവന്‍ ചോര്‍ന്ന അവസ്ഥയില്‍ ആയതോടെയാണ് ഫ്‌ളിക്കിന്റെ പണി പോയത്. ജപ്പാനെതിരായ പോരാട്ടം ടീമിന്റെ നിലവിലെ അവസ്ഥയുടെ ഏറ്റവും പരിതാപകരമായ മുഖം വെളിവാക്കുന്നതായി.

നാളെ ഫ്രാന്‍സിനെതിരെ സൗഹൃദ മത്സരം കളിക്കാനിരിക്കെയാണ് കോച്ചിനു പുറത്തേക്കുള്ള വാതില്‍ ജര്‍മനി തുറന്നു കൊടുത്തത്. ഒരു നാണക്കേടിന്റെ റെക്കോര്‍ഡും പേറിയാണ് അദ്ദേഹം പടിയിറങ്ങുന്നത്. 1926ല്‍ ജര്‍മന്‍ ടീമിന്റെ പരിശീലക സ്ഥാനം രൂപീകരിച്ച ശേഷം പുറത്താക്കപ്പെടുന്ന ആദ്യ കോച്ചായി ഇതോടെ ഫ്‌ളിക്ക് മാറി.

മുന്‍ പരിശീലകനും ടീമിനെ 2002ലെ ലോകകപ്പ് ഫൈനലിലേക്ക് എത്തിക്കുകയും ചെയ്ത റൂഡി വോളര്‍ ടീമിന്റെ താത്കാലിക പരിശീലക സ്ഥാനം ഏറ്റെടുത്തു. അദ്ദേഹത്തിനൊപ്പം മറ്റ് രണ്ട് പേരും പരിശീലക സംഘത്തിലുണ്ടാകും. ജര്‍മന്‍ ഫുട്‌ബോള്‍ ടീം ഡയറക്ടര്‍ കൂടിയാണ് വോളര്‍.

ഫ്‌ളിക്കിന്റെ പകരക്കാരനായി നിരവധി പേരുടെ പേരുകളാണ് ഉയരുന്നത്. യുവ പരിശീലകരിലെ ശ്രദ്ധേയനും മുന്‍ ബയേണ്‍ മ്യൂണിക്ക് പരിശീലകനുമായിരുന്ന ജൂലിയന്‍ നാഗല്‍സ്മാനാണ് ഏറ്റവും അധികം സാധ്യത. നിലവില്‍ നാഗല്‍സ്മാന്‍ ഒരു ടീമിന്റേയും കോച്ചല്ല. റയല്‍ മാഡ്രിഡിനെ ഹാട്രിക്ക് ചാമ്പ്യന്‍സ് ലീഗ് കിരീടം അടിപ്പിച്ച മുന്‍ ഫ്രഞ്ച് താരവും ഇതിഹാസവുമായ സിനദിന്‍ സിദാന്‍, യുര്‍ഗന്‍ ക്ലോപ്, യുര്‍ഗന്‍ ക്ലിന്‍സ്മാന്‍ തുടങ്ങിയവരുടെ പേരുകളും അന്തരീക്ഷത്തിലുണ്ട്. മുന്‍ സഹ പരിശീലകനും ജര്‍മനിക്കായി ലോകകപ്പില്‍ ഗോളുകള്‍ അടിച്ചു കൂട്ടുകയും ചെയ്ത ഇതിഹാസ സ്‌ട്രൈക്കര്‍ മിറോസ്ലോവ് ക്ലോസെയും പരിഗണനയിലുണ്ട്. 

2020ല്‍ ജോക്വിം ലോ പരിശീലക സ്ഥാനം ഒഴിഞ്ഞ ശേഷമാണ് മുന്‍പ് അദ്ദേഹത്തിന്റെ സഹ പരിശീലകനായി നിന്ന ഫ്‌ളിക്കിനെ ജര്‍മനി മുഖ്യ പരിശീലകനാക്കിയത്. കുറഞ്ഞ സമയത്തിനുള്ള ചാമ്പ്യന്‍സ് ലീഗും സീസണ്‍ ട്രെബിളുമടക്കം ബയേണ്‍ മ്യൂണിക്ക് ഏഴ് കിരീടങ്ങള്‍ സമ്മാനിച്ചതിന്റെ ഉജ്ജ്വല റെക്കോര്‍ഡുമായാണ് ഫ്‌ളിക്ക് ജര്‍മന്‍ ദേശീയ ടീമിലെത്തിയത്. 2022 ലോകകപ്പ്, 2024 യൂറോ കപ്പ് എന്നിവയായിരുന്നു ഫ്‌ളിക്കിനു മുന്നിലുണ്ടായിരുന്ന വെല്ലുവിളികള്‍. എന്നാല്‍ 2022ലെ ലോകകപ്പിന്റെ ഗ്രൂപ്പ് സ്റ്റേജില്‍ തന്നെ അവര്‍ പുറത്തായി. 

25 കളികളില്‍ ടീമിനെ ഇറക്കിയ ഫ്‌ളിക്കിന് 12 മത്സരങ്ങളില്‍ മാത്രമാണ് വിജയം. ലോകകപ്പിനു ശേഷം നടന്ന ആറ് അന്താരാഷ്ട്ര പോരാട്ടത്തില്‍ നാലിലും അവര്‍ തോറ്റു. ഒരു മത്സരം മാത്രമാണ് ജയിച്ചത്. മറ്റൊന്നു സമനില. അവസാനം കളിച്ച മൂന്ന് മത്സരങ്ങളിലും അവര്‍ തുടര്‍ തോല്‍വി ഏറ്റുവാങ്ങി. ആദ്യം പോളണ്ടിനോട് 0-1നു പരാജയപ്പെട്ടു. പിന്നാലെ സ്വന്തം നാട്ടില്‍ കൊളംബിയയോട് 0-2നും ഒടുവില്‍ ജപ്പാനോട് 1-4നും അവര്‍ നാണംകെട്ടു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com