

കൊളംബോ: ഏഷ്യാ കപ്പ് തുടങ്ങും മുന്‍പ് ഏകദിന ലോക റാങ്കിങില്‍ ഒന്നാം സ്ഥാനത്തായിരുന്നു പാകിസ്ഥാന്‍. ടൂര്‍ണമെന്റിനിടയ്ക്ക് അവര്‍ക്ക് ഒന്നാം സ്ഥാനം നഷ്ടമായി. ഇപ്പോള്‍ ഫൈനല്‍ കാണാതെ പുറത്തും ആയി. വന്‍ പ്രതീക്ഷയുമായി എത്തിയ അവര്‍ അവിടെയും ഇവിടെയും ഇല്ലാതെ പരുങ്ങി നില്‍ക്കുന്ന കാഴ്ച ദയനീയം.
ഏഷ്യാ കപ്പിനിറങ്ങുമ്പോള്‍ ലോകത്തിലെ ഏറ്റവും മികച്ച ടോപ് ഓര്‍ഡര്‍ ബാറ്റിങ് നിര എന്ന പെരുമയായിരുന്നു അവര്‍ക്ക്. ക്യാപ്റ്റന്‍ ബാബര്‍ അസം, ഇമാം ഉള്‍ ഹഖ്, ഫഖര്‍ സമാന്‍ എന്നിവരുടെ സ്ഥിരതയും മികവുമായിരുന്നു ഈ പെരുമയുടെ ആധാരം.
ബൗളിങും എണ്ണം പറഞ്ഞത്. ലോകത്തെ ഏറ്റവും മികച്ച പേസര്‍മാരുടെ നിര. ഷഹീന്‍ ഷാ അഫ്രീദി, ഹാരിസ് റൗഫ്, നസീം ഷാ ത്രയമായിരുന്നു അവരുടെ തുരുപ്പ് ചീട്ട്. ഈ പേസ് നിരയ്ക്ക് കിട്ടിയ അത്രയും ഹൈപ്പ് സമീപ കാലത്ത് മറ്റൊരു ബൗളിങ് നിരയ്ക്കും അവകാശപ്പെടാനുണ്ടായിരുന്നില്ല. അവരുടെ ആത്മവിശ്വാസത്തിന്റെ ബലവും പേസ് ബാറ്ററിയായിരുന്നു. എന്നാല്‍ ഇടയ്ക്ക് വച്ച് അതിന്റെ മൂര്‍ച്ച കുറഞ്ഞതും നസീം ഷായും ഹാരിസ് റൗഫും പരിക്കേറ്റ് പിന്‍വാങ്ങിയതും അവരുടെ എല്ലാ പ്രതീക്ഷകളേയും തകിടം മറിച്ചു.
ഏഷ്യാ കപ്പില്‍ നേപ്പാളിനെതിരെ അവരുടെ ബാറ്റിങ് നിരയും ഇന്ത്യക്കെതിരെ ഫലം ഇല്ലാതെ പോയ മത്സരമായിരുന്നെങ്കിലും അവരുടെ ബൗളിങ് നിരയും മുകളില്‍ പറഞ്ഞ വിശേഷണങ്ങളെ പ്രകടന മികവില്‍ അയാളപ്പെടുത്തി. ഏഷ്യാ കപ്പിലെ ചരിത്രത്തില്‍ തന്നെ ആദ്യമായി ഒരു ടീമിലെ പത്ത് ബാറ്റര്‍മാരേയും പേസര്‍മാര്‍ പുറത്താക്കിയെന്ന അപൂര്‍വ നേട്ടവും ഈ മത്സരത്തില്‍ പാക് പേസ് ത്രയം സ്വന്തമാക്കി. അഫ്രീദി നാലും ഹാരിസ്, നസീം എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകളും സ്വന്തമാക്കി.
സൂപ്പര്‍ ഫോറില്‍ ബംഗ്ലാദേശിനെതിരേയും അവരുടെ പേസ് ത്രയം മികവ് പുലര്‍ത്തി. കുറഞ്ഞ സ്‌കോറില്‍ ബംഗ്ലാദേശിനെ വീഴ്ത്തി ബാറ്റര്‍മാര്‍ക്ക് അനായാസ ലക്ഷ്യം ചെയ്‌സ് ചെയ്യാനുള്ള അവസരം അവര്‍ ഒരുക്കി.
എന്നാല്‍ ഈ മത്സരങ്ങള്‍ക്ക് ശേഷം കഥയാകെ മാറി. ഇന്ത്യയോടു രണ്ടാം വട്ടം സൂപ്പര്‍ ഫോറില്‍ മുഖാമുഖം വന്നപ്പോള്‍ അവരുടെ ബാറ്റിങ്, ബൗളിങ് നിരയ്ക്ക് കനത്ത പ്രഹരമാണ് ഏറ്റത്. അതോടെ അവരുടെ ആത്മവിശ്വാസവും തകര്‍ന്നു തരിപ്പണമായി. ആദ്യ കളിയില്‍ വിറപ്പിച്ച പേസ് ത്രയത്തെ ഇന്ത്യന്‍ ബാറ്റിങ് നിര രണ്ടാം വട്ടം കണ്ടപ്പോള്‍ മെരുക്കി. അര്‍ധ സെഞ്ച്വറികളുമായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും തുടക്കമിട്ട പ്രത്യാക്രമണം വിരാട് കോഹ്‌ലിയും കെഎല്‍ രാഹുലും സെഞ്ച്വറികള്‍ നേടി മൂര്‍ധന്യത്തില്‍ എത്തിച്ച് അവരുടെ പേസ് ബാറ്ററിയുടെ ചാര്‍ജ് മുഴുവന്‍ ഊറ്റി.
തൊട്ടു പിന്നാലെ നസീം ഷാ പരിക്കേറ്റ് ടൂര്‍ണമെന്റില്‍ നിന്നു തന്നെ പുറത്തായി. ഹാരിസ് റൗഫിനും പരിക്കേറ്റതോടെ ശ്രീലങ്കക്കെതിരായ നിര്‍ണായക സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഷഹീന്‍ ഷാ അഫ്രീദി മാത്രമായി. താരം രണ്ട് വിക്കറ്റെടുത്തെങ്കിലും ശ്രീലങ്കന്‍ താരങ്ങളുടെ പോരാട്ട വീര്യത്തിനു അതു മതിയായില്ല.
ലോകകപ്പ് മുന്നില്‍ നില്‍ക്കെ നസീം ഷായ്ക്ക് ഏറ്റ പരിക്ക് പാകിസ്ഥാനെ കുറച്ചൊന്നുമല്ല ആശങ്കയിലാഴ്ത്തുന്നത്. ക്രിക്കറ്റിന്റെ ലോക മാമാങ്കത്തിലേക്ക് വരുമ്പോള്‍ ഏഷ്യാ കപ്പിലെ തുടക്കത്തില്‍ കാണിച്ച മികവ് പേസ് നിര ആവര്‍ത്തിക്കുമോ എന്നതു മാത്രമാണ് അറിയേണ്ടത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates