'ടിവി കാണരുത്, പത്രം വായിക്കരുത്... ടീം അംഗങ്ങളെ ഇരുത്തി സച്ചിന്‍ ഉപദേശിച്ചു'- 2011ലെ ലോകകപ്പ് വിജയത്തെക്കുറിച്ച് യുവി

ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ടീം അംഗങ്ങള്‍ക്ക് നല്‍കിയ നിര്‍ദ്ദേശമാണ് കിരീട വിജയത്തിലേക്ക് നയിക്കുന്നതില്‍ നിര്‍ണായകമായതെന്നു യുവി വെളിപ്പെടുത്തി
2011ലെ ലോകകപ്പ് സമയത്ത് സച്ചിനും യുവരാജും/ ട്വിറ്റർ
2011ലെ ലോകകപ്പ് സമയത്ത് സച്ചിനും യുവരാജും/ ട്വിറ്റർ

മുംബൈ: 1983ല്‍ കപിലിന്റെ ചെകുത്താന്‍മാര്‍ ഇന്ത്യക്ക് ആദ്യ ഏകദിന ലോകകപ്പ് സമ്മാനിച്ച ശേഷം 28 വര്‍ഷത്തെ കാത്തിരിപ്പിനു 2011ലാണ് വിരാമമായത്. ഇന്ത്യയുടെ രണ്ടാം ലോകകപ്പ് നേട്ടം അപ്പോഴാണ് സംഭവിച്ചത്. അന്ന് കിരീട നേട്ടത്തിലേക്ക് ഇന്ത്യയെ നയിച്ചവരില്‍ പ്രധാനി ഇതിഹാസ ഓള്‍ റൗണ്ടര്‍ യുവരാജ് സിങായിരുന്നു. മറ്റൊരു ലോകകപ്പിന്റെ വക്കില്‍ നില്‍ക്കെ അന്നത്തെ കിരീട നേട്ടത്തിലേക്ക് നയിച്ച കാരണങ്ങള്‍ വെളിപ്പെടുത്തുകയാണ് യുവി. 

ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ടീം അംഗങ്ങള്‍ക്ക് നല്‍കിയ നിര്‍ദ്ദേശമാണ് കിരീട വിജയത്തിലേക്ക് നയിക്കുന്നതില്‍ നിര്‍ണായകമായതെന്നു യുവി വെളിപ്പെടുത്തി. അശ്രദ്ധരായി പെരുമാറാതിരിക്കാനുള്ള നിര്‍ദ്ദേശങ്ങളാണ് സച്ചിന്‍ അന്നു ടീം അംഗങ്ങള്‍ക്കു നല്‍കിയതെന്നു യുവരാജ് പറയുന്നു. 

'ആ സമയത്ത് സോഷ്യല്‍ മീഡിയ ഇല്ല. അതുകൊണ്ടു തന്നെ ടെലിവിഷന്‍ അടക്കമുള്ളവയായിരുന്നു പ്രധാനമായും ഉണ്ടായിരുന്നത്. അന്ന് ദക്ഷിണാഫ്രിക്കയോടു ഒരു മത്സരം പരാജയപ്പെട്ടു നില്‍ക്കുകയായിരുന്നു നാം. പിന്നാലെ ഇന്ത്യ വിജയിക്കേണ്ടതിന്റെ ആവശ്യത്തെക്കുറിച്ചു മറ്റും മാധ്യമങ്ങള്‍ വെപ്രാളപ്പെടാനും ആരംഭിച്ചിരുന്നു.' 

'വലിയ ടൂര്‍ണമെന്റാണ്. ആളുകള്‍ ഇന്ത്യ എല്ലാ കളിയും ജയിക്കണം എന്നു മാത്രമേ ചിന്തിക്കുന്നുള്ളു. അതെല്ലാം വലിയ സമ്മര്‍ദ്ദമാണ് ടീം അംഗങ്ങളില്‍ സൃഷ്ടിച്ചത്.' 

'സച്ചിന്‍ ടീം അംഗങ്ങളെയെല്ലാം ഇരുത്തി സംസാരിച്ചു. അദ്ദേഹം പറഞ്ഞു നാം ടെലിവിഷന്‍ കാണുന്നത് അവസാനിപ്പിക്കണം. പത്രം വായിക്കുന്നത് നിര്‍ത്തണം. ലോകകപ്പ് മാത്രമായിരിക്കണം നമ്മുടെ ചിന്തയില്‍. വിമാനത്താവളത്തില്‍ തിരക്കുണ്ടാകും. അപ്പോള്‍ എല്ലാവരും ഹെഡ്ഡ് ഫോണ്‍ ഉപയോഗിക്കുക. ലോകകപ്പില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക.' 

'അദ്ദേഹത്തിന്റെ ആ വാക്കുകള്‍ ടീം അക്ഷരംപ്രതി അനുസരിച്ചു. അതു ഫലവും കണ്ടു. ലോകകപ്പ് പോലൊരു പോരാട്ടത്തില്‍ എല്ലാ ടീമുകളും നല്ല തയ്യാറെടുപ്പിലായിരിക്കും. അതുകൊണ്ടു തന്നെ അത്തരം പോരാട്ടങ്ങളില്‍ നമ്മുടെ ചുമതലകളില്‍ പൂര്‍ണ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്'- യുവരാജ് വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com