തിരുവനന്തപുരം: പ്രഥമ കേരള ക്രിക്കറ്റ് ലീഗിനുള്ള താര ലേലത്തിൽ എംഎസ് അഖിൽ വിലപിടിപ്പുള്ള താരം. 7.4 ലക്ഷം രൂപയ്ക്ക് ട്രിവാൻഡ്രം റോയൽസ് അഖിലിനെ സ്വന്തമാക്കി. അഖിലടക്കം നാല് താരങ്ങൾക്ക് 7 ലക്ഷം ലഭിച്ചു. വിക്കറ്റ് കീപ്പർ വരുൺ നായനാർ 7.2 ലക്ഷത്തിനു തൃശൂർ ടൈറ്റൻസിൽ. ഓൾ റൗണ്ടർ മനു കൃഷ്ണനെ കൊച്ചി ബ്ലൂ ടൈഗേഴ്സും സൽമാൻ നിസാറിനെ കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസും 7 ലക്ഷത്തിനു ടീമിലെത്തിച്ചു.
4.6 ലക്ഷത്തിനു എം നിഖിലിനെ കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ് സ്വന്തമാക്കി. താരത്തിന്റെ അടിസ്ഥാന വില 50,000 രൂപയായിരുന്നു.
168 കളിക്കാരെയാണ് ടീമുകൾക്കായി ലേലത്തിൽ എത്തിയത്. 108 പേരെ ടീമുകൾ സ്വന്തമാക്കി. തിരുവനന്തപുരം ഹയാത്ത് റിജൻസിയിലാണ് താര ലേലം നടന്നത്. ചാരു ശർമയാണ് ലേലം നിയന്ത്രിച്ചത്.
ഐപിഎൽ, രഞ്ജി ട്രോഫി കളിച്ച താരങ്ങൾ എ വിഭാഗത്തിലായിരുന്നു. ഇവർക്ക് 2 ലക്ഷമായിരുന്നു അടിസ്ഥാന വില. സികെ നായിഡു, അണ്ടർ 23, അണ്ടർ 19 സ്റ്റേറ്റ്, അണ്ടർ 19 ചലഞ്ചേഴ്സ് മത്സരങ്ങൾ കളിച്ചവർ ബി വിഭാഗത്തിലും. ഒരു ലക്ഷമാണ് ഇവരുടെ അടിസ്ഥാന വിലയുണ്ടായിരുന്നത്. അണ്ടർ 16 സ്റ്റേറ്റ്, യൂണിവേഴ്സിറ്റി, ക്ലബ് ക്രിക്കറ്റർമാരായിരുന്നു സി വിഭാഗത്തിൽ 50,000 രൂപയാണ് ഇവരുടെ അടിസ്ഥാന വില.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ബി വിഭാഗത്തിൽ 3.6 ലക്ഷത്തിനു ലേലത്തിൽ പോയ ഓൾ റൗണ്ടർ അക്ഷയ് മനോഹറാണ് ബിയിൽ ഏറ്റവും കൂടുതൽ തുക നേടിയ താരം. തൃശൂർ ടൈറ്റൻസാണ് താരത്തെ പാളയത്തിൽ എത്തിച്ചത്. എ വിഭാഗത്തിലെ 31 താരങ്ങളേയും വിവിധ ടീമുകൾ സ്വന്തമാക്കി. ബിയിൽ നിന്നു 21 പേരും സിയിൽ നിന്നു 56 പേരും വിവിധ ടീമുകളിലെത്തി.
പിഎ അബുദുൽ ബാസിത് ട്രിവാൻഡ്രം റോയൽസ്, സച്ചിൻ ബേബി ഏരീസ് കൊല്ലം സെയ്ലേഴ്സ്, മുഹമ്മദ് അസ്ഹറുദ്ദീൻ ആലപ്പി റിപ്പിൾസ്, ബേസിൽ തമ്പി കൊച്ചി ബ്ലു ടൈഗേഴ്സ്, വിഷ്ണു വിനോദ് തൃശൂർ ടൈറ്റൻസ്, രോഹൻ എസ് കുന്നുമ്മൽ കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ് എന്നിവരാണ് വിവിധ ടീമുകളുടെ ഐക്കൺ താരങ്ങൾ.
സെപ്റ്റംബർ രണ്ട് മുതൽ 19 വരെ തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് പോരാട്ടം. ഒരോ ദിവസവും പകലും രാത്രിയുമായി രണ്ട് മത്സരങ്ങൾ വീതം നടക്കും. കേരള ക്രിക്കറ്റ് ലീഗ് ഓഫീഷ്യൽ ലോഞ്ചിങ് ഈ മാസം 31ന് ഉച്ചയ്ക്ക് 12നു ഹയാത്ത് റീജൻസിയിൽ ബ്രാൻഡ് അംബാസിഡർ കൂടിയായ നടൻ മോഹൻലാൽ നിർവഹിക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ