ബെര്‍ലിന്‍: ഗോള്‍ കീപ്പര്‍ റോളിനു പുതിയ വഴി വെട്ടിയ ഇതിഹാസ ജര്‍മന്‍ താരം മാനുവല്‍ നൂയര്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിച്ചു. ഗോള്‍ കീപ്പറായും സ്വീപ്പര്‍ കീപ്പറായും കളത്തില്‍ വിപ്ലവം തീര്‍ത്താണ് 38കാരന്‍ ജര്‍മന്‍ ജേഴ്‌സി അഴിക്കുന്നത്. ക്ലബ് ഫുട്‌ബോളില്‍ ബയേണ്‍ മ്യൂണിക്ക് ജേഴ്‌സിയില്‍ താരത്തെ ഇനിയും കാണാം.
യൂറോ കപ്പിനു ശേഷം വിരമിക്കുന്ന നാലാമത്തെ ജര്‍മന്‍ താരമാണ് നൂയര്‍. നേരത്തെ ടോണി ക്രൂസ്, തോമസ് മുള്ളര്‍, ഇല്‍കെ ഗുണ്ടോഗന്‍ എന്നിവര്‍ ജര്‍മന്‍ ദേശീയ ടീമിന്റെ പടിയിറങ്ങിയിരുന്നു. പിന്നാലെയാണ് നൂയറും വിരാമമിട്ടത്.
ഒലിവര്‍ ഖാനും യെന്‍ ലേമനും അടക്കി വാണ ജര്‍മന്‍ ബാറിനു കീഴിലേക്ക് 2009ലാണ് നൂയര്‍ കടന്നു വന്നത്. തന്റെ മുന്‍ ഗാമികളെ പോലെയായിരുന്നില്ല കളത്തില്‍ നൂയര്‍. ഒരേ സമയം കീപ്പറായും സ്വീപ്പറായും താരം പുതു ഭാഷ്യം ചമച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
124 മത്സരങ്ങളാണ് നൂയര്‍ ജര്‍മനിക്കായി കളിച്ചത്. 2014ല്‍ ലോകകപ്പ് നേടിയ ടീമിന്റെ ഒന്നാം നമ്പര്‍ ഗോള്‍ കീപ്പറായിരുന്നു നൂയര്‍. ടൂര്‍ണമെന്റിലെ മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ നൂയര്‍ക്കായിരുന്നു.
'ഇപ്പോഴും ഞാന്‍ ഫുള്‍ ഫിറ്റായി നില്‍ക്കുന്ന താരമാണ്. 2026ലെ ലോകകപ്പ് കളിക്കാനും എനിക്കു സാധിക്കും. എന്നാല്‍ ഇതാണ് വിരമിക്കാന്‍ യോജിച്ച സമയം. ജര്‍മന്‍ ടീമിനൊപ്പമുള്ള എന്റെ അധ്യായം ഞാന്‍ അടയ്ക്കുകയാണ്. ചെറിയ വാക്കുകളില്‍ ഇക്കാര്യം ഞാന്‍ പ്രഖ്യാപിക്കുകയാണ്. എന്നാല്‍ ഈ വാക്കുകള്‍ എന്റെ ഹൃദയത്തില്‍ നിന്നാണ് വരുന്നത്'- നൂയര്‍ വ്യക്തമാക്കി.
ബയേണിനൊപ്പം 11 ബുണ്ടസ് ലീഗ, 2 ചാംപ്യന്‍സ് ലീഗ്, 2 ക്ലബ് ലോകകപ്പ്, 2 യുവേഫ സൂപ്പര്‍ കപ്പ് കിരീട നേട്ടങ്ങള്‍. 5 ജര്‍മന്‍ കപ്പ്, 6 ജര്‍മന്‍ സൂപ്പര്‍ കപ്പ് കിരീട നേട്ടങ്ങളും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ