ആധികാരികം 'പിങ്ക്' ഓസീസ്! ഇന്ത്യ 'അടിമുടി' തോറ്റു

രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് ജയം, പരമ്പര 1-1 എന്ന നിലയില്‍
Australia vs India, 2nd Test
രണ്ടാം ഇന്നിങ്സിൽ ഇന്ത്യയുടെ അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയ ഓസ്ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസ്എക്സ്
Updated on
3 min read

അഡ്‍ലെ‍യ്‍ഡ്: രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയെ പത്ത് വിക്കറ്റിനു വീഴ്ത്തി ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയില്‍ ഒപ്പമെത്തി ഓസ്‌ട്രേലിയ. പെര്‍ത്തിലെ തോല്‍വിക്ക് അഡ്‌ലെയ്ഡില്‍ മറുപടി. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഇതോടെ 1-1 എന്ന നിലയിലായി. പിങ്ക് ടെസ്റ്റിലെ തങ്ങളുടെ അപ്രമാദിത്വവും അഡ്‌ലെയ്ഡിലെ അപരാജിത മുന്നേറ്റവും ഓസ്‌ട്രേലിയ തുടര്‍ന്നു.

രണ്ടാം ഇന്നിങ്‌സില്‍ വെറും 19 റണ്‍സ് മാത്രമായിരുന്നു ഓസീസിന് ജയത്തിലേക്ക് വേണ്ടിയിരുന്നത്. ടീം വിക്കറ്റ് നഷ്ടമില്ലാതെ ലക്ഷ്യം കണ്ടു. ഓപ്പര്‍മാര്യ നതാന്‍ മക്‌സ്വീനി (14), ഉസ്മാന്‍ ഖവാജ (9) എന്നിവര്‍ നഷ്ടങ്ങളില്ലാതെ അനായാസ ലക്ഷ്യത്തിലേക്ക് ടീമിനെ നയിച്ചു.

കളിയുടെ സമസ്ത മേഖലയിലും ഇന്ത്യൻ താരങ്ങൾ അമ്പേ പരാജയമായി. ഓസീസിന്റെ ഒന്നാം ഇന്നിങ്സിൽ നാല് വീതം വിക്കറ്റുകൾ വീഴ്ത്തിയ ജസ്പ്രിത് ബുംറയുടേയും മു​ഹമ്മദ് സിറാജിന്റേയും 4 വിക്കറ്റ് നേട്ടങ്ങളും രണ്ടിന്നിങ്സിലും മികച്ച പ്രതിരോധം തീർത്ത് ബാറ്റ് ചെയ്ത നിതീഷ് കുമാറിന്റെ ചങ്കുറപ്പും മാത്രമാണ് ഇന്ത്യക്ക് ഈ മത്സരത്തിൽ ഓർക്കാനുള്ളത്.

സ്റ്റാര്‍ക്കും കമ്മിന്‍സും

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഇന്നിങ്‌സ് തോല്‍വിയുടെ ഭാരം ഒഴിവാക്കി. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ 175 റണ്‍സില്‍ പോരാട്ടം അവസാനിപ്പിച്ചു. 18 റണ്‍സ് മാത്രം ലീഡാണ് ഇന്ത്യക്കുള്ളത്.

രണ്ടാം ദിവസം കളിയവസാനിക്കുമ്പോള്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സ് എന്ന നിലയിലായിരുന്നു. ഓസിസിന്റെ ഒന്നാം ഇന്നിങ്സ് സ്‌കോറായ 337 റണ്‍സിനൊപ്പമെത്താന്‍ ഇന്ത്യക്ക് 29 റണ്‍സ് കൂടി വേണമായിരുന്നു. മൂന്നാം ദിനമായ ഇന്ന് ഋഷഭ് പന്തിലായിരുന്നു പ്രതീക്ഷ. എന്നാല്‍ താരം തലേ ദിവസത്തെ സ്‌കോറിലേക്ക് ഒരു റണ്‍ പോലും ചേര്‍ക്കാതെ മടങ്ങി. 28 റണ്‍സായിരുന്നു പന്തിന്റെ സംഭവാന. പന്തിനെ സ്റ്റാര്‍ക്ക് സ്മിത്തിന്റെ കൈകളിലെത്തിച്ചാണ് ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിപ്പിച്ചത്.

പിന്നീട് ഇന്ത്യ ഇന്നിങ്‌സ് തോല്‍വി മുഖാമുഖം കണ്ട അവസ്ഥയിലായി. എന്നാല്‍ ഒരറ്റത്ത് നിതീഷ് കുമാര്‍ റെഡി ഒന്നാം ഇന്നിങ്‌സിനു സമാനമായി ചെറുത്തു നില്‍പ്പ് നടത്തിയത് രക്ഷയായി. ഇന്ത്യയുടെ ലീഡ് 9 റണ്‍സില്‍ എത്തിയപ്പോഴാണ് താരം മടങ്ങിയത്. രണ്ടാം ഇന്നിങ്‌സിലും നിതീഷ് ടോപ് സ്‌കോററായി. ഒന്നാം ഇന്നിങ്‌സിലെ അതേ സ്‌കോറായ 42 റണ്‍സ് തന്നെയാണ് താരം രണ്ടാം ഇന്നിങ്‌സിലും എടുത്തത്. 47 പന്തില്‍ 6 ഫോറും 1 സിക്‌സും സഹിതമാണ് ബാറ്റിങ്.

ആര്‍ അശ്വിന്‍ (7), ഹര്‍ഷിത് റാണ (0) എന്നിവര്‍ ഒരു ചെറുത്തു നില്‍പ്പും ഇല്ലാതെ പുറത്തായതോടെ ഇന്ത്യയുടെ പ്രതീക്ഷകള്‍ ഏതാണ്ട് അവസാനിച്ചു. പിന്നാലെ ഒരു സിക്‌സ് തൂക്കിയതിനു പിന്നാലെ നിതീഷും വീണതോടെ ഇന്ത്യയുടെ പ്രതിരോധം ഏതാണ്ട് അവസാനിച്ചു. മുഹമ്മദ് സിറാജിനെ (7) പുറത്താക്കി സ്‌കോട്ട് ബോളണ്ട് ഇന്ത്യന്‍ ഇന്നിങ്‌സിനു തിരശ്ശീലയിട്ടു. 2 റണ്‍സുമായി ബുംറ പുറത്താകാതെ നിന്നു.

രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ് തുടങ്ങി പത്തോവറിനുള്ളില്‍ തന്നെ ഇന്ത്യയ്ക്ക് ഓപ്പണര്‍മാരെ നഷ്ടമായിരുന്നു. കെഎല്‍ രാഹുല്‍ ഏഴ് റണ്‍സും യശസ്വി ജയ്സ്വാള്‍ 24 റണ്‍സും എടുത്താണു പുറത്തായത്.

നായകന്‍ പാറ്റ് കമിന്‍സാണ് ഓസ്ട്രേലിയയുടെ വിക്കറ്റ് വേട്ടയ്ക്കു തുടക്കമിട്ടത്. കോഹ്‌ലി (11), ശുഭ്മന്‍ ഗില്‍ (28), രോഹിത് ശര്‍മ (ആറ്) എന്നിവരും അതിവേഗം മടങ്ങി. 18.4 ഓവറിലാണ് ഇന്ത്യ 100 പിന്നിട്ടത്.

ഒന്നാം ഇന്നിങ്‌സില്‍ മിച്ചല്‍ സ്റ്റാര്‍ക്കിനു മുന്നില്‍ വിറച്ച ഇന്ത്യന്‍ ബാറ്റര്‍മാര്‍ ഇത്തവണ ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സിനു മുന്നിലാണ് മുട്ടുമടക്കിയത്. താരം 5 വിക്കറ്റുകള്‍ സ്വന്തമാക്കി. മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ട് വിക്കറ്റുകള്‍ കൂടി സ്വന്തമാക്കി ആകെ വിക്കറ്റ് നേട്ടം എട്ടാക്കി കളം വിട്ടു. ജോഷ് ഹെയ്‌സല്‍ വുഡിനു പകരമെത്തിയ സ്‌കോട്ട് ബോളണ്ട് മൂന്ന് വിക്കറ്റെടുത്തു.

ട്രാവിസ് ഹെഡിന് സെഞ്ച്വറി

ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 337 റണ്‍സിന് ഓള്‍ ഔട്ടായി ഓസ്‌ട്രേലിയ. 157 റണ്‍സ് ലീഡാണ് ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സില്‍ നേടിയത്. ഒമ്പത് പന്ത് നേരിട്ട സ്‌കോട്ട് ബോളണ്ടിനെ സിറാജ് വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ ഓസീസ് ഇന്നിങ്‌സ് അവസാനിച്ചു.

മത്സരത്തില്‍ എട്ടാം ടെസ്റ്റ് സെഞ്ച്വറിയാണ് ഹെഡ് അഡ്‌ലെയ്ഡില്‍ കുറിച്ചത്. 111 പന്തുകള്‍ നേരിട്ട് 10 ഫോറും 3 സിക്‌സും സഹിതമാണ് താരത്തിന്റെ ശതകം.

ട്രാവിസ് ഹെഡിന്റെ സെഞ്ച്വറിയാണ് ടീമിനു മികച്ച സ്‌കോര്‍ സമ്മാനിച്ചത്. താരം 141 പന്തില്‍ 17 ഫോറും 4 സിക്‌സും സഹിതം 140 റണ്‍സെടുത്തു മടങ്ങി. ഹെഡിനെ സിറാജ് ക്ലീന്‍ ബൗള്‍ഡാക്കി. പിന്നാലെ 12 റണ്‍സെടുത്ത പാറ്റ് കമ്മിന്‍സിനെ ജസ്പ്രിത് ബുംറയും മടക്കി. മിച്ചല്‍ സ്റ്റാര്‍ക്കിനെയും സിറാജ് മടക്കി. താരം 18 റണ്‍സെടുത്തു.

ഒന്നാം ഇന്നിങ്സില്‍ ഇന്ത്യയുടെ പോരാട്ടം 180 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഓസ്ട്രേലിയ മറുപടി ബാറ്റിങ് ആരംഭിച്ചത്. രണ്ടാം ദിനമായ ഇന്ന് ഒരു വിക്കറ്റ് നഷ്ടത്തില്‍ 86 റണ്‍സെന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഓസ്ട്രേലിയക്കായി മര്‍നസ് ലാബുഷെയ്ന്‍ അര്‍ധ സെഞ്ച്വറിയടിച്ചിരുന്നു.

രാത്രി ഭക്ഷണത്തിനു പിരിയും മുന്‍പ് ഓസീസിന് നാലാം വിക്കറ്റ് നഷ്ടമായി. ലാബുഷെയ്നാണ് പുറത്തായത്. താരം 64 റണ്‍സുമായി മടങ്ങി. രാത്രി ഭക്ഷണത്തിനു പിന്നാലെ ഓസീസിന് അഞ്ചാം വിക്കറ്റും നഷ്ടമായി. മിച്ചല്‍ മാര്‍ഷ് 9 റണ്‍സുമായി പുറത്തായി. ഉസ്മാന്‍ ഖവാജ (13), മക്സ്വീനി (39) സ്റ്റീവ് സ്മിത്ത് (2), അലക്‌സ് കാരി (15) എന്നിവരാണ് ഔട്ടായ മറ്റുള്ളവര്‍.

ഇന്ത്യക്കായി ജസ്പ്രിത് ബുംറ 4 വിക്കറ്റുകള്‍ വീഴ്ത്തി. മുഹമ്മദ് സിറാജ് 3 വിക്കറ്റെടുത്തു. നിതീഷ് കുമാര്‍ റെഡ്ഡി, ആര്‍ അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

ടോസ് നേടി ബാറ്റിങിനു ഇറങ്ങിയ ഇന്ത്യയെ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ബൗളിങാണ് വെട്ടിലാക്കിയത്. 180 റണ്‍സിന് എല്ലാവരും പുറത്തായി. താരം 6 വിക്കറ്റുകള്‍ വീഴ്ത്തി പിങ്ക് പന്തിലെ തന്റെ സ്വാധീനം ഒരിക്കല്‍ കൂടി വെളിവാക്കി. 54 പന്തുകള്‍ നേരിട്ട് മൂന്ന് വീതം സിക്സും ഫോറും സഹിതം 42 റണ്‍സെടുത്ത നിതീഷ് കുമാര്‍ റെഡ്ഡിയാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com