മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് യുവന്റസ് സിറ്റിയെ വീഴ്ത്തിയത്. ആഴ്‌സണല്‍ എമിറെറ്റ്‌സ് സ്‌റ്റേഡിയത്തില്‍ ഫ്രഞ്ച് ലീഗില്‍ കുതിക്കുന്ന മൊണാക്കോയെ ആധികാരികമായി തന്നെ വീഴ്ത്തി. ബാഴ്‌സലോണ കടുത്ത പോരാട്ടത്തില്‍ ബൊറൂസിയ ഡോര്‍ട്മുണ്ടിനെ പരാജയപ്പെടുത്തി. 2-3നാണ് ഹാന്‍സി ഫ്ലിക്കും സംഘവും ജയം പിടിച്ചത്.
കടുത്ത ആക്രമണം നടത്തിയിട്ടും പന്ത് കൂടുതല്‍ നേരം കൈവശം വച്ചിട്ടും മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഗോളടിക്കാന്‍ സാധിച്ചില്ല. ആദ്യ പകുതി ഗോള്‍ രഹിതമായപ്പോള്‍ രണ്ടാം പകുതിയിലാണ് യുവന്റസ് രണ്ട് ഗോളുകളും വലയിലിട്ടത്. 53ാം മിനിറ്റില്‍ വ്ലഹോവിചും 75ല്‍ മക്ക്‌കെന്നിയും ഗോളുകള്‍ നേടി. സിറ്റിയെ കളിക്കാന്‍ വിട്ട് തക്കം കിട്ടുമ്പോള്‍ കൗണ്ടര്‍ ചെയ്ത് ഗോള്‍ നേടുകയെന്ന തന്ത്രം തിയാഗോ മോട്ടയുടെ യുവന്റസ് സ്വന്തം തട്ടകത്തില്‍ സമര്‍ഥമായി നടപ്പാക്കി.
ബുകായോ സകയുടെ ഇരട്ട ഗോളുകളാണ് മൊണാക്കോയെ 3-0ത്തിനു തകര്‍ക്കാന്‍ ആഴ്‌സണലിനു വഴി തെളിയിച്ചത്. കളിയുടെ 34, 78 മിനിറ്റുകളിലാണ് സകയുടെ ഗോളുകള്‍. 88ാം മിനിറ്റില്‍ കയ് ഹവേര്‍ട്‌സ് പട്ടിക തികച്ചു. കളിയിലുടനീളം ഗണ്ണേഴ്‌സിന്റെ സര്‍വാധിപത്യമായിരുന്നു. ജയത്തോടെ അവര്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്ത്.
അടിക്ക് തിരിച്ചടി എന്ന നിലയില്‍ കൊണ്ടും കൊടുത്തുമായിരുന്നു ബൊറൂസിയ ഡോര്‍ട്മുണ്ട്- ബാഴ്‌സലോണ പോരാട്ടം. ഗോളുകളെല്ലാം വന്നത് രണ്ടാം പകുതിയില്‍. മത്സരം 2-3നാണ് ബാഴ്‌സലോണ ഭദ്രമാക്കി നിര്‍ത്തിയത്. ബാഴ്‌സയ്ക്കായി ഫെറാന്‍ ടോറസ് ഇരട്ട ഗോളുകള്‍ നേടി. ജര്‍മന്‍ ടീം നേടിയ രണ്ട് ഗോളുകളും ഗ്യുരാസിയുടെ ബൂട്ടില്‍ നിന്നായിരുന്നു. 52ാം മിനിറ്റില്‍ റഫീഞ്ഞയാണ് ബാഴ്‌സയുടെ കാത്തിരിപ്പിന് അന്ത്യമിട്ടത്. എന്നാല്‍ പിന്നാലെ ബൊറൂസിയ ഡോര്‍ട്മുണ്ടിന്റെ മറുപടി എത്തി. 60ാം മിനിറ്റിലായിരുന്നു സമനില. 75ല്‍ ടോറസ് ലീഡുയര്‍ത്തിയെങ്കിലും 78ല്‍ ലഭിച്ച പെനാല്‍റ്റി ഗ്യുരാസി വലയിലിട്ടതോടെ വീണ്ടും സമനില. എന്നാല്‍ 85ാം മിനിറ്റില്‍ ടോറസിന്റെ രണ്ടാം ഗോള്‍ ബാഴ്‌സയുടെ അക്കൗണ്ടിലേക്ക് മൂന്നാം ഗോളായി കയറി. ലീഡ് അവര്‍ കാക്കുകയും ചെയ്തു. ജയത്തോടെ ബാഴ്‌സലോണ രണ്ടാം സ്ഥാനത്ത്.
ഇറ്റാലിയന്‍ കരുത്തരായ എസി മിലാന്‍ 2-1നു ക്രവേന സ്വസ്ദയെ വീഴ്ത്തി. 42ാം മിനിറ്റില്‍ റാഫേല്‍ ലിയാവോ, 87ല്‍ ടാമി എബ്രഹാം എന്നിവര്‍ മിലാനായി ഗോളുകള്‍ നേടി. 67ാം മിനിറ്റില്‍ റഡോന്‍ജിക്കിലൂടെ സ്വസ്ദ സമനില പിടിച്ചെങ്കിലും ടാമിയുടെ ഗോള്‍ ഫലം നിര്‍ണയിച്ചു.
സ്പാനിഷ് കരുത്തരായ അത്‌ലറ്റിക്കോ മാഡ്രിഡും ജയിച്ചു കയറി. സ്ലോവന്‍ ബ്രാറ്റിസ്ലാവയെ അവരെ സ്വന്തം തട്ടകത്തില്‍ 3-1നു പരാജയപ്പെടുത്തി. അന്റോയിന്‍ ഗ്രീസ്മാന്‍ ഇരട്ട ഗോളുകള്‍ നേടി. ജൂലിയന്‍ അല്‍വാസരാണ് അത്‌ലറ്റിക്കായി ഗോളടി തുടങ്ങിയത്. 16ാം മിനിറ്റിലായിരുന്നു ഗോളുകള്‍. 42, 57 മിനിറ്റുകളിലാണ് ഗ്രീസ്മാന്‍ ഗോളുകള്‍.
ജര്‍മന്‍ ടീം സ്റ്റുട്ട്ഗാര്‍ടിന് സ്വന്തം തട്ടകത്തില്‍ വമ്പന്‍ ജയം. യങ് ബോയ്‌സിനെ അവര്‍ 5-1നു തുരത്തി. 6ാം മിനിറ്റില്‍ ഗോള്‍ വഴങ്ങിയാണ് സ്റ്റുട്ട്ഗാര്‍ട് തുടങ്ങിയത്. 25ാം മിനിറ്റിലാണ് സ്റ്റുട്ട്ഗാര്‍ട് സമനില പിടിച്ചത്. എന്നാല്‍ രണ്ടാം പകുതിയില്‍ പൂര്‍ണമായും കളി സ്റ്റുട്ട്ഗാര്‍ട് കൈവശം വച്ചു. ശേഷിച്ച നാല് ഗോളുകളും പിറന്നത് രണ്ടാം പകുതിയില്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക