ഡിങ് ലിറന്റെ ഒറ്റ നിമിഷത്തെ പിഴവിന് ​'ചെക്ക്'! ചെസിന്റെ മഹിത ചരിത്രത്തിൽ ഒരേയൊരു 'ദൊമ്മരാജു ​ഗുകേഷ്'

വിശ്വനാഥൻ ആനന്ദിനു ശേഷം ലോക ചെസിന്റെ സിംഹാസനത്തിൽ മറ്റൊരു ഇന്ത്യൻ താരം കൂടി ഇരിപ്പുറപ്പിച്ചു
Gukesh D became the 18th World Champion
ഡി ​ഗുകേഷ്പിടിഐ
Updated on

സിങ്കപ്പുർ: പ്രവചനങ്ങളെ കാറ്റിൽപ്പറത്തുക എന്നത് ദൊമ്മരാജു ​ഗുകേഷ് എന്ന ഡി ​ഗുകേഷിന്റെ ശീലമാണ്. നിലവിലെ ലോക ചാംപ്യൻ, ഫൈനലിൽ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെട്ട താരം, പോരാട്ടം സമനിലയിൽ അവസാനിച്ച് മത്സരം റാപ്പിഡിന്റെ വേ​ഗ നീക്കങ്ങളിലേക്ക് പോയാൽ കിരീടം ഉറപ്പ്... തുടങ്ങി നിരവധി വിശേഷണങ്ങളുമായാണ് ചൈനയുടെ ഡിങ് ലിറൻ 18കാരനായ ​ഗുകേഷിനെ നേരിടാനെത്തിയത്. ആദ്യ ​ഗെയിമിലെ ഡിങ് ലിറന്റെ വിജയവും ആ വിശേഷണങ്ങൾ ശരിവച്ചു.

എന്നാൽ പതിയെ പതിയെയാണ് ​ഗുകേഷ് തിരിച്ചടി തുടങ്ങിയത്. മൂന്നാം പോരാട്ടത്തിൽ ജയം പിടിച്ച് യാത്ര തുടങ്ങി. തുടരെ സമനിലകൾക്കൊടുവിൽ ഡിങ് ലിറനെ പിന്നിലാക്കി രണ്ടാം ജയം. നാലാം ​ഗെയിം മുതൽ 11ാം ​ഗെയിം വരെ സമനിലകൾ. എന്നാൽ 11ാം ​ഗെയിമിൽ ​ഗുകേഷ് അട്ടിമറി ജയം നേടിയതോടെ കളി മുറുകി. ലോക കിരീടത്തിലേക്ക് മൂന്ന് സമനിലകൾ മാത്രം മതിയെന്ന നിലയിൽ ​ഗുകേഷ് നിൽക്കെ 12ാം ​ഗെയിമിൽ ഡിങ് ലിറന്റെ തിരിച്ചു വരവ്. ഇതോടെ 13, 14 ​ഗെയിമുകൾ നിർണായകമായി. എന്നാൽ 13ാം പോരാട്ടവും സമനിലയിൽ ആയതോടെ അവസാന ​ഗെയിം അതി നിർണായകമായി ഇരുവർക്കും.

14ാം ​ഗെയിമിൽ ഡിങ് ലിറൻ വരുത്തിയ അപ്രതീക്ഷിത പിഴവ് മുതലെടുക്കാൻ ​ഗുകേഷ് എടുത്ത തീരുമാനമാണ് കളിയുടെ ​ഗതിയും ചെസിന്റെ ചരിത്രവും മാറ്റിയത്. ടൈ ബ്രേക്കറിലേക്ക് നീട്ടി സമ്മർദ്ദം കൂട്ടാൻ നിൽക്കാതെ ഡി ​ഗുകേഷ് ചെക്ക് പറഞ്ഞതോടെ 7.5 എന്ന മാന്ത്രിക സംഖ്യ താരം തൊട്ടു. ഒപ്പം ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചെസ് ചാംപ്യനെന്ന അനുപമ നേട്ടം. വിശ്വനാഥൻ ആനന്ദിനു ശേഷം ചെസിന്റെ ലോക കിരീടം ഒരിക്കൽ കൂടി ഇന്ത്യയിലേക്ക്.

ചെസ് ഇതിഹാസം റഷ്യയുടെ ​ഗാരി കാസ്പറോവ് 1985ൽ, തന്റെ 22ാം വയസിൽ നേടിയ ലോക കിരീടത്തിന്റെ റെക്കോർഡ് ഇനി പഴങ്കഥ. 18ാം വയസിൽ ആ നേട്ടം സ്വന്തമാക്കി ​ഗുകേഷ് ചെസിന്റെ ഇന്ത്യൻ പാരമ്പര്യത്തിന്റെ പതാകാ വാഹകനാകുന്നു. ഒപ്പം ഒരു മഹ​ത്തായ ചരിത്രത്തിന്റെ ഭാ​ഗവും.

വിജയ ശേഷം ​ഗുകേഷ് പൊട്ടിക്കരഞ്ഞു പോയി. അത്രയും ദിവസം നീണ്ട കഠിനാധ്വാനത്തിന്റെ ഫലം നേടിയതിന്റെ ആനന്ദമായിരുന്നു ആ 18കാരന്റെ കണ്ണിൽ നിന്നു ഒലിച്ചിറങ്ങിയ കണ്ണുനീർ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com