കറാച്ചി: പാകിസ്ഥാന്‍ വെറ്ററന്‍ പേസര്‍ മുഹമ്മദ് ആമിര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ചു. നേരത്തെ വിരമിയ്ക്കല്‍ പ്രഖ്യാപിച്ച താരം തീരുമാനം മാറ്റി വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയിരുന്നു. മൂന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു അന്ന് മടങ്ങിയെത്തിയത്. 2020ലാണ് നേരത്തെ ആമിര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്.
ഈ വര്‍ഷം ആദ്യം നടന്ന ടി20 ലോകകപ്പില്‍ പാകിസ്ഥനായി കളിച്ചിട്ടുണ്ട്. 4 കളിയില്‍ നിന്നു 7 വിക്കറ്റുകളും താരം വീഴ്ത്തിയിരുന്നു. പാകിസ്ഥാന്‍ ടൂര്‍ണമെന്റിന്റെ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായതോടെ താരത്തിന്റെ രണ്ടാം വരവിലെ ടീമിലെ സാന്നിധ്യത്തിനും വിരാമമായി. ജൂണിലാണ് താരം അവസാനമായി പാക് ജേഴ്‌സി അണിഞ്ഞത്. സാമൂഹിക മാധ്യമത്തിലൂടെയാണ് തന്റെ രണ്ടാം വിരമിക്കല്‍ താരം പ്രഖ്യാപിച്ചിരിക്കുന്നത്.
'ഏറെ ആലോചിച്ച ശേഷമാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള പ്രയാസകരമായ തീരുമാനം ഞാന്‍ എടുത്തത്. തീരുമാനം ഒരിക്കലും എളുപ്പമുള്ളതല്ല, പക്ഷേ അനിവാര്യമാണ്. അടുത്ത തലമുറയ്ക്ക് പാകിസ്ഥാന്‍ ക്രിക്കറ്റിനെ പുതിയ ഉയരങ്ങളിലേക്ക് ഉയര്‍ത്താനുള്ള ശരിയായ സമയമാണിത്. എന്റെ രാജ്യത്തെ പ്രതിനിധീകരിക്കുക എന്നത് ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയാണ്. പിസിബിക്കും എന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും എല്ലാറ്റിനുമുപരി എന്റെ ആരാധകര്‍ക്കും അവരുടെ നിരന്തരമായ സ്‌നേഹത്തിനും പിന്തുണയ്ക്കും ഞാന്‍ ആത്മാര്‍ത്ഥമായി നന്ദി പറയുന്നു'- താരം കുറിച്ചു.
2009ലാണ് താരം പാക് ടീമില്‍ അരങ്ങേറിയത്. മൂന്ന് ഫോര്‍മാറ്റിലുമായി 271 അന്താരാഷ്ട്ര വിക്കറ്റുകള്‍. 36
ടെസ്റ്റില്‍ നിന്നു 119 വിക്കറ്റുകള്‍. 61 ഏകദിനത്തില്‍ നിന്നു 81 വിക്കറ്റുകള്‍. 62 ടി20 മത്സരത്തില്‍ നിന്നു 71 വിക്കറ്റുകള്‍. 2009ല്‍ ടി20 ലോകകപ്പ് കിരീടം സ്വന്തമാക്കിയ പാക് ടീമില്‍ അംഗമായിരുന്നു.
2010ല്‍ വാതുവയ്പ്പുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കരിയറില്‍ കിരനിഴല്‍ വീഴ്ത്തി. താരത്തിനു ഐസിസി 5 വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തി. പിന്നീട് 2016ല്‍ തിരിച്ചെത്തി. 2017ലെ ചാംപ്യന്‍സ് ട്രോഫി കിരീടം പാകിസ്ഥാനു സമ്മാനിക്കുന്നതില്‍ നിര്‍ണായക സ്ഥാനത്ത് ആമിറുണ്ടായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക