യുനൈറ്റഡ് പരിശീലകനായി എത്തിയ റുബന്‍ അമോറിമിന് കന്നി ഡാര്‍ബിയില്‍ തകര്‍പ്പന്‍ ജയം. നിശ്ചിത സമയത്തിന്റെ അവസാന രണ്ട് മിനിറ്റില്‍ വഴങ്ങിയ രണ്ട് ഗോളുകളാണ് കൈയിലിരുന്ന കളി സിറ്റിയില്‍ നിന്നു വഴുതി പോയത്. ടോട്ടനം ഹോട്‌സ്പര്‍, ക്രിസ്റ്റല്‍ പാലസ് ടീമുകളും ജയം സ്വന്തമാക്കി.
മാഞ്ചസ്റ്റര്‍ നാട്ടങ്കത്തില്‍ 1-2നാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മാഞ്ചസ്റ്റര്‍ സിറ്റിയെ വീഴ്ത്തിയത്. 36ാം മിനിറ്റില്‍ ഗ്വാര്‍ഡിയോളിന്റെ ഗോളില്‍ സിറ്റി മുന്നിലെത്തിയിരുന്നു. അവസാന ഘട്ടം വരെ സിറ്റി കളി ജയിക്കുമെന്നു തോന്നിച്ചു. എന്നാല്‍ 88ാം മിനിറ്റില്‍ വഴങ്ങിയ പെനാല്‍റ്റി അവരുടെ പ്രതീക്ഷ തെറ്റിച്ചു. കിക്കെടുത്ത ബ്രുണോ ഫെര്‍ണാണ്ടസിനു പിഴച്ചില്ല. സമനില പിടിച്ചു 2 മിനിറ്റിനുള്ളില്‍ അമദ് ഡിയാലോയുടെ ഗോള്‍ ഗ്വാര്‍ഡിയോളയുടെ എല്ലാ കണക്കുകൂട്ടലും അസ്ഥാനത്താക്കി.
ടോട്ടനം ഹോട്‌സ്പര്‍ എവേ പോരാട്ടത്തില്‍ സതാംപ്ടനെ മറുപടിയില്ലാത്ത 5 ഗോളുകള്‍ക്ക് തകര്‍ത്തു. ജെയിംസ് മാഡിസന്‍ ഇരട്ട ഗോളുകള്‍ നേടി. കളി തുടങ്ങി ഒന്നാം മിനിറ്റില്‍ തന്നെ താരം ഗോളടിച്ചു. ശേഷിച്ച നാല് ഗോളുകളും ആദ്യ പകുതിയില്‍ തന്നെ വലയില്‍ കയറി. സന്‍ മിന്‍, കുലുസെവ്‌സ്‌കി, മാറ്റര്‍ സാര്‍ എന്നിവരാണ് ശേഷിച്ച ഗോളുകള്‍ നേടിയത്. തോല്‍വിക്ക് പിന്നാലെ സതാംപ്ടന്‍ അവരുടെ കോച്ച് റസല്‍ മാര്‍ട്ടിനെ പുറത്താക്കി. പോയിന്റ് പട്ടികയില്‍ നിലവില്‍ ഏറ്റവും അവസാന സ്ഥാനത്താണ് സതാംപ്ടന്‍.
സ്പാനിഷ് ലാ ലിഗയില്‍ ബാഴ്‌സലോണയ്ക്ക് ഞെട്ടിക്കുന്ന തോല്‍വി. സ്വന്തം തട്ടകത്തില്‍ ഇറങ്ങിയ ബാഴ്‌സലോണയെ ലെഗാനസ് അട്ടിമറിച്ചു. നാലാം മിനിറ്റില്‍ സെര്‍ജിയോ ഗോണ്‍സാലസ് നേടിയ ഗോളില്‍ മുന്നിലെത്തിയ ലെഗാനസ് പിന്നീട് പ്രതിരോധ പൂട്ടിട്ട് ബാഴ്‌സയെ കുരുക്കി. തോല്‍വിയോടെ അവര്‍ ഒന്നാം സ്ഥാനത്തു നിന്നു ഇറങ്ങുമെന്നു ഉറപ്പായി. അത്‌ലറ്റിക്കോ മാഡ്രിഡ്, റയല്‍ മാഡ്രിഡ് ടീമുകള്‍ക്ക് തലപ്പത്തെത്താനുള്ള വഴി തുറന്നു.
സെസ്‌ക് ഫാബ്രിഗസ് പരിശീലിപ്പിക്കുന്ന ഇറ്റാലിയന്‍ സീരി എ ടീം കോമോ ക്ലൗഡിയോ റാനിയേരിയുടെ റോമയെ വീഴ്ത്തി. 2-0ത്തിനാണ് ജയം. മറ്റൊരു മത്സരത്തില്‍ എസി മിലാന്‍ ജെനോവ പോരാട്ടം ഗോളില്ലാ സമനിലയില്‍ അവസാനിച്ചു. ഫിയോരന്റിനയെ ബൊലോഞ്ഞ 1-0ത്തിനു പരാജയപ്പെടുത്തി.
ഫ്രഞ്ച് ലീഗ് വണില്‍ പിഎസ്ജി കുതിപ്പ് തുടരുന്നു. സ്വന്തം തട്ടകത്തില്‍ അവര്‍ ലിയോണിനെ 3-1നു വീഴ്ത്തി. സീസണില്‍ പരാജയമറിയാതെ മുന്നേറുകയാണ് ലൂയീസ് എന്റിക്വെയുടെ പിഎസ്ജി. ഒസ്മാന്‍ ഡെംബലെ, വിറ്റിഞ്ഞ, ഗോണ്‍സാലോ റാമോസ് എന്നിവരാണ് ചാംപ്യന്‍മാര്‍ക്കായി വല ചലിപ്പിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക