ബ്രിസ്ബെയ്ൻ: ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ഒരിക്കൽ കൂടി ബാറ്റിങിൽ പരാജയപ്പെട്ടു. ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിൽ 10 റൺസിനു പുറത്തായതിനു പിന്നാലെ രോഹിത് വിരമിക്കൽ പ്രഖ്യാപിച്ചേക്കുമെന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നു. ഔട്ടായി നിരാശനായി മടങ്ങിയ താരം ഡഗ്ഔട്ടിൽ എത്തും മുൻപ് ഗ്ലൗസ് ഉപേക്ഷിച്ചതാണ് അഭ്യൂഹം ശക്തമാകാൻ ഇടയാക്കിയത്.
ഡഗ്ഔട്ടിനു സമീപം പരസ്യ ബോർഡിനു പിന്നിലായാണ് രോഹിത് ഗ്ലൗസ് ഉപേക്ഷിച്ചത്. ഇതിന്റെ ചിത്രങ്ങളും വ്യാപകമായി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതിനൊപ്പമാണ് വിരമിക്കൽ സൂചനയാണെന്ന തരത്തിലുള്ള വ്യഖ്യാനങ്ങൾ.
ഈ പരമ്പരയിൽ മാത്രമല്ല, സമീപ കാലത്ത് ടെസ്റ്റിൽ മികച്ച ഇന്നിങ്സൊന്നും രോഹിത് കളിച്ചിട്ടില്ല. മൂന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ 27 പന്തുകൾ നേരിട്ട് 2 ഫോറുകൾ സഹിതമാണ് രോഹിത് 10 റൺസെടുത്തത്. പാറ്റ് കമ്മിൻസിന്റെ പന്തിൽ വിക്കറ്റ് കീപ്പർ അലക്സ് കാരിയുടെ കൈയിൽ ആ ഇന്നിങ്സ് അവസാനിക്കുകയും ചെയ്തു. പിന്നാലെയാണ് നിരാശനായി മടങ്ങിയ ഇന്ത്യൻ ക്യാപ്റ്റൻ ഡഗ്ഔട്ടിലേക്ക് എത്തും മുൻപ് തന്നെ ഗ്ലൗസ് വലിച്ചെറിയുകയായിരുന്നു.
രണ്ടാമത്തെ കുഞ്ഞിന്റെ ജന്മവുമായി ബന്ധപ്പെട്ട് പരമ്പരയിലെ ആദ്യ പോരാട്ടത്തിൽ രോഹിത് കളിച്ചിരുന്നില്ല. പകരം വൈസ് ക്യാപ്റ്റൻ ജസ്പ്രിത് ബുംറയാണ് ടീമിനെ നയിച്ചത്. മത്സരത്തിൽ ഇന്ത്യ തകർപ്പൻ ജയം സ്വന്തമാക്കി. ഈ മത്സരത്തിൽ രോഹിതിന്റെ അഭാവത്തിൽ യശസ്വി ജയ്സ്വാളിനൊപ്പം കെഎൽ രാഹുലാണ് ഓപ്പണിങ് ഇറങ്ങിയത്. രണ്ടാം ടെസ്റ്റിൽ നായകനായി രോഹിത് തിരിച്ചെത്തിയെങ്കിലും ബാറ്റിങ് പൊസിഷൻ മാറി താരം മധ്യനിരയിലാണ് കളിച്ചത്. എന്നാൽ കാര്യമായി ഒന്നും ഇതുവരെ ചെയ്യാൻ കഴിഞ്ഞിട്ടില്ല.
രണ്ട്, മൂന്ന് ടെസ്റ്റുകളിൽ ബാറ്റിങ് പരാജയം മാത്രമല്ല, രോഹിതിന്റെ ക്യാപ്റ്റൻസിയും പരക്കെ വിമർശനങ്ങൾ ഏറ്റുവാങ്ങി. അതിനിടെയാണ് പുതിയ സംഭവങ്ങൾ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക