അഹമ്മദാബാദ്: ലിസ്റ്റ് എ ക്രിക്കറ്റില്‍ അതിവേഗ സെഞ്ച്വറിയുമായി ചരിത്രമെഴുതി പഞ്ചാബ് താരം അന്‍മോല്‍പ്രീത് സിങ്. 14 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്താണ് അന്‍മോല്‍ പുതു ചരിത്രം കുറിച്ചത്.
വിജയ് ഹസാരെ ട്രോഫിയില്‍ അരുണാചല്‍ പ്രദേശിനെതിരായ പോരാട്ടത്തില്‍ വെറും 35 പന്തില്‍ സെഞ്ച്വറിയടിച്ചാണ് അന്‍മോല്‍ പുതിയ റെക്കോര്‍ഡിട്ടത്. ലിസ്റ്റ് എ ക്രിക്കറ്റില്‍ ഒരു ഇന്ത്യന്‍ താരം നേടുന്ന അതിവേഗ സെഞ്ച്വറിയാണിത്. 2009ല്‍ മുന്‍ ഇന്ത്യന്‍ താരം യൂസുഫ് പഠാന്‍ നേടിയ റെക്കോര്‍ഡാണ് അന്‍മോല്‍ തിരുത്തിയത്. യുസുഫ് പഠാന്‍ അന്ന് 40 പന്തിലാണ് ശതകം അടിച്ചത്.
ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ ഏറ്റവും വേഗതയാര്‍ന്ന സെഞ്ച്വറികളുടെ പട്ടികയിലേക്കും താരത്തിന്റെ പ്രകടനം ഇടം പിടിച്ചു. ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം എബി ഡിവില്ല്യേഴ്‌സ്, ഓസ്‌ട്രേലിയന്‍ താരം ജാക് ഫ്രേസര്‍ മക്ക്ഗുര്‍ക് എന്നിവരുടെ പേരിലാണ് അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും വേഗമാര്‍ന്ന സെഞ്ച്വറിയുടെ റെക്കോര്‍ഡ്. ഇരുവര്‍ക്കുമൊപ്പമാണ് അന്‍മോല്‍പ്രീതും ഇടം പിടിച്ചത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അരുണാചല്‍ 164 റണ്‍സില്‍ പുറത്തായി. പഞ്ചാബ് വെറും 12.5 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 167 റണ്‍സെടുത്തു അതിവേഗം വിജയം സ്വന്തമാക്കി.
മൊത്തം 45 പന്തുകള്‍ നേരിട്ട് അന്‍മോല്‍ 115 റണ്‍സെടുത്തു. 9 സിക്‌സും 12 ഫോറും സഹിതമാണ് താരത്തിന്റെ മിന്നും പ്രകടനം. ക്യാപ്റ്റന്‍ അഭിഷേക് ശര്‍മയുടെ (10) വിക്കറ്റ് മാത്രമാണ് പഞ്ചാബിനു നഷ്ടമായത്. പ്രഭ്‌സിമ്രാന്‍ സിങ് 25 പന്തില്‍ 35 റണ്‍സുമായി അന്‍മോലിനൊപ്പം പുറത്താകാതെ നിന്നു വിജയത്തില്‍ പങ്കാളിയായി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക