മെൽബൺ: നാളെ ആരംഭിക്കുന്ന ഇന്ത്യ- ഓസ്ട്രേലിയ ബോക്സിങ് ഡേ ടെസ്റ്റിൽ ക്യാപ്റ്റൻ രോഹിത് ശർമ ഓപ്പണറായേക്കുമെന്നു റിപ്പോർട്ടുകൾ. കഴിഞ്ഞ മൂന്ന് ടെസ്റ്റുകളിലാണ് ഓപ്പണറായി ഇറങ്ങിയ കെഎൽ രാഹുൽ മൂന്നാം നമ്പറിലേക്ക് മാറിയേക്കും. രണ്ട് ടെസ്റ്റുകളിലായി രോഹിത് ആറാം സ്ഥാനത്താണ് ബാറ്റിങിനു ഇറങ്ങിയത്. എന്നാൽ നായകനു തിളങ്ങാൻ സാധിച്ചില്ല.
രാഹുൽ മൂന്നാമനാകുമ്പോൾ വൺ ഡൗൺ ഇറങ്ങിയ ശുഭ്മാൻ ഗില്ലിനെ എവിടെ കളിപ്പിക്കുമെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. പെർത്തിൽ രോഹിത് ശർമയുടെ അഭാവത്തിൽ രാഹുൽ- യശസ്വി ജയ്സ്വാൾ സഖ്യമാണ് ഇന്ത്യക്കായി ഓപ്പൺ ചെയ്തത്. ഈ ടെസ്റ്റിൽ ഇന്ത്യ ജയിക്കുകയും ചെയ്തു. എന്നാൽ രണ്ടാം ടെസ്റ്റിൽ തോൽവിയും മൂന്നാം ടെസ്റ്റിൽ സമനിലയുമാണ് ഫലം. ഈ രണ്ട് ടെസ്റ്റുകളിലും ഓപ്പണിങ് സഖ്യം മാറ്റമില്ലാതെ തുടർന്നു. രോഹിത് ആറാം നമ്പറിലും ഗിൽ മൂന്നാം സ്ഥാനത്തുമാണ് ബാറ്റ് ചെയ്തത്.
മെൽബണിലാണ് ബോക്സിങ് ഡേ പോരാട്ടം അരങ്ങേറുന്നത്. ഇന്ത്യ രണ്ട് സ്പിന്നർമാരെ കളിപ്പിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. രവീന്ദ്ര ജഡേജയും വാഷിങ്ടൻ സുന്ദറുമായിരിക്കും ഇറങ്ങുക. ഈ മാറ്റം നടപ്പിൽ വന്നാൽ ഫോമിലുള്ള നിതീഷ് കുമാർ റെഡ്ഡി പുറത്തിരിക്കേണ്ടി വരും. ഒരുപക്ഷേ ഗില്ലിനെ പുറത്തിരുത്താൻ തീരുമാനിച്ചാൽ നിതീഷ് സ്ഥാനം നിലനിർത്തുകയും ചെയ്യും.
പരമ്പരയിൽ ഇനി രണ്ട് ടെസ്റ്റുകളാണ് ശേഷിക്കുന്നത്. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനൽ ഉറപ്പിക്കാൻ ഈ മത്സരങ്ങളിൽ ഇന്ത്യക്ക് വിജയം അനിവാര്യമാണ്.
ഇന്ത്യയുടെ സാധ്യതാ ഇലവൻ: രോഹിത് ശർമ (ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, കെഎൽ രാഹുൽ, വിരാട് കോഹ്‌ലി, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, നിതീഷ് കുമാർ റെഡ്ഡി/ ശുഭ്മാൻ ഗിൽ, വാഷിങ്ടൻ സുന്ദർ, അകാശ് ദീപ്, ജസ്പ്രിത് ബുംറ, മുഹമ്മദ് ഷമി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക