പ്രചോദിപ്പിക്കും യാത്ര, ഇന്ത്യൻ ടീമിന്റെ പടിയിറങ്ങി ശ്രീജേഷും ഛേത്രിയും! വിനേഷിന്റെ വേദന, മനുവിന്റെ ഇരട്ട ഒളിംപിക്സ് മെഡൽ...

2024ലെ കായിക ഇന്ത്യ
India's sporting icons
Updated on

നീണ്ട കാലം ഇന്ത്യൻ കായിക നഭസിൽ തിളങ്ങിയ നക്ഷത്രങ്ങൾ. രാജ്യത്തെ നയിച്ചും പ്രചോദിപ്പിച്ചും കളം വാണ അതികായർ. ഇന്ത്യയുടെ രണ്ട് ശ്രദ്ധേയ താരങ്ങൾ കളം വിട്ടതാണ് 2024ലെ മായാത്ത ഓർമകളിൽ ആദ്യം വരുന്നത്. മുൻ ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ സുനിൽ ഛേത്രിയും മുൻ ഹോക്കി നായകനും മലയാളി താരവുമായ പിആർ ശ്രീജേഷുമാണ് 2024ൽ ദേശീയ ജേഴ്സി അഴിച്ച പ്രമുഖർ.

ഒളിംപിക്സ് വനിതാ ​ഗുസ്തിയിൽ ഫൈനലിലേക്ക് മുന്നേറിയിട്ടും അപ്രതീക്ഷിതമായി അയോ​ഗ്യത നേരിടേണ്ടി വന്ന കരുത്തുറ്റ വനിതാ താരം വിനേഷ് ഫോ​ഗട്ടിന്റെ ഞെട്ടിക്കുന്ന വിരമിക്കൽ തീരുമാനത്തിനും രാജ്യം സാക്ഷിയായി. ഒളിംപിക്സിൽ സ്വർണമില്ലെങ്കിലും ഷൂട്ടിങിൽ വനിതാ യുവ താരം മനു ഭാകറിന്റെ മിന്നും പ്രകടനം ശ്രദ്ധേയമായി. ഒപ്പം ടോക്യോയിലെ സ്വർണം നിലനിർത്താൻ സാധിച്ചില്ലെങ്കിലും പരിക്കിന്റെ പിടിയിലായിട്ടു പോലും കരിയറിലെ മികച്ച പ്രകടവുമായി വെള്ളി മെഡൽ​ കഴുത്തിലിട്ട് ഒരിക്കൽ കൂടി ജാവലിൻ ത്രോയിലെ സൂപ്പർ താരം നീരജ് ചോപ്ര ഇന്ത്യയുടെ ഒളിംപിക്സ് അത്‍ലറ്റിക്സിലെ അഭിമാനമായി.

India's sporting icons
ഛേത്രിഎക്സ്

ഛേത്രി മടങ്ങുമ്പോൾ...

ഉജ്ജ്വലവും ത്യാഗ സമ്പന്നവുമായ ഒരു ഫുട്ബോൾ കാലത്തിനാണ് ആനന്ദങ്ങളുടെ നഗരമായ കൊൽക്കത്തയിൽ സുനിൽ ഛേത്രി തിരശ്ശീലയിട്ടത്. നായകൻ സുനിൽ ഛേത്രിയുടെ ഇന്ത്യൻ ജേഴ്സിയിലെ അവിസ്മരണീയ യാത്രയ്ക്ക് 2024ൽ വിരാമമായി. 20 വർഷത്തോളം നീണ്ട ഒരു സമ്മോഹന ഫുട്ബോൾ കരിയർ കാലത്തിനു സമർപ്പിച്ചാണ് ഇതിഹാസ താരം പടിയിറങ്ങിയത്. ഇന്ത്യൻ ഫുട്ബോളിന്റെ കുതിപ്പും കിതപ്പും ആവോളം കണ്ട ഒരു അപൂർവ ഫുട്ബോൾ കരിയറാണ് ഛേത്രിയുടേത്.

കുവൈറ്റിനെതിരായ ലോകകപ്പ് യോഗ്യതാ പോരാട്ടമായിരുന്നു നായകന്റെ ഇന്ത്യൻ ജേഴ്സിയിലെ അവസാന മത്സരം. ഇന്ത്യയെ ഏതാണ്ട് ഒറ്റയ്ക്ക് വർഷങ്ങളായി തോളിലെടുത്ത ഒരു മനുഷ്യൻ അടുത്ത തലമുറയിലേക്ക് തന്റെ പ്രതിഭാ പൂർണമായ ഇതിഹാസ കരിയർ സമർപ്പിച്ചാണ് സ്റ്റേഡിയം വിട്ടത്.

150 മത്സരങ്ങൾ കളിച്ച് 94 ഗോളുകൾ നേടിയ ഛേത്രിയാണ് ഇന്ത്യൻ ഫുട്‌ബോൾ ചരിത്രത്തിലെ എക്കാലത്തേയും മികച്ച ഗോൾ വേട്ടക്കാരൻ. ലോകത്തെ ഏറ്റവും മികച്ച ഗോൾ വേട്ടക്കാരുടെ പട്ടികയിൽ നാലാം സ്ഥാനത്തും ഛേത്രിയുണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോ, അലി ദേയി, ലയണൽ മെസി എന്നിവരാണ് ചേത്രിക്ക് മുന്നിൽ.

ഇന്ത്യക്കൊപ്പം നാല് സാഫ് ചാമ്പ്യൻഷിപ്പ്, മൂന്ന് നെഹ്‌റു കപ്പ്, രണ്ട് ഇന്റർ കോണ്ടിനന്റൽ കപ്പ്, ചാലഞ്ച് കപ്പ് കിരീട നേട്ടങ്ങളിൽ ഛേത്രി പങ്കാളിയായി. അണ്ടർ 20ൽ കളിക്കുമ്പോൾ ഇന്ത്യക്കായി സൗത്ത് ഏഷ്യൻ ഗെയിംസിൽ വെള്ളിയും നേടി. ഏഴ് തവണ ഇന്ത്യയിലെ ഏറ്റവും മികച്ച ഫുട്‌ബോൾ താരത്തിനുള്ള എഐഎഫ്എഫ് പ്ലെയർ ഓഫ് ദി ഇയർ പുരസ്‌കാരവും ഛേത്രി നേടിയിട്ടുണ്ട്.

India's sporting icons
ശ്രീജേഷ്എക്സ്

ഇന്ത്യൻ ഹോക്കിയുടെ ദൈവം

ടോക്യോ ഒളിംപിക്സിലെ വെങ്കലം പാരിസിലും നിലനിർത്താൻ ഇന്ത്യക്ക് കരുത്തു പകർന്നാണ് മലയാളികളുടെ അഭിമാനമായ ഹോക്കി ​ഗോൾ കീപ്പർ പിആർ ശ്രീജേഷ് കളം വിട്ടത്. സെമിയിലും ഫൈനലിലും ശ്രീജേഷിന്റെ മികവാണ് മെഡൽ ഇന്ത്യക്ക് സമ്മാനിക്കുന്നതിൽ നിർണായകമായത്. വിരമിച്ചതിനു പിന്നാലെ ശ്രീജേഷ് ഇന്ത്യൻ ജൂനിയർ ടീമിന്റെ പരിശീലകനായി ആദ്യ മെഡലും സമ്മാനിച്ചു കഴിഞ്ഞു. ജൂനിയർ ടീം ശ്രീജേഷിന്റെ പരിശീലനത്തിൽ ഏഷ്യാ കപ്പ് കിരീടമാണ് നേടിയത്.

2006ൽ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച താരം ഏതാണ്ട് 18 വർഷം നീണ്ട കരിയറിനാണ് അവസാനമിട്ടത്. നാല് ഒളിംപിക്സുകളിലായി ഇന്ത്യൻ ​ഗോൾ വല കാത്ത മലയാളത്തിന്റെ ശ്രീ നേടിയത് 2 ഒളിംപിക്സ് മെഡലുകൾ.

ഇന്ത്യയുടെ രണ്ട് ഏഷ്യൻ ഗെയിംസ് സ്വർണ നേട്ടത്തിലും താരം നിർണായക സാന്നിധ്യമായി. നാല് ഒളിംപിക്‌സിൽ ഗോൾ കീപ്പറാകുന്ന ആദ്യ ഇന്ത്യൻ താരവും ശ്രീജേഷ് ആണ്. രാജ്യത്തെ കായിക താരത്തിന് ലഭിക്കുന്ന ഉന്നത ബഹുമതിയായ ഖേൽ രത്‌ന പുരസ്‌കാരവും ശ്രീജേഷിന് ലഭിച്ചിട്ടുണ്ട്.

India's sporting icons
വിനേഷ് ഫോ​ഗട്ട്എക്സ്

സമാനതകളില്ലാത്ത പ്രതിസന്ധി

​ഗുസ്തി താരങ്ങൾക്കെതിരായ ലൈം​ഗിക പീഡന പരാതിയിൽ ഇരകൾക്കു നീതി വേണമെന്നു ആവശ്യപ്പെട്ട് തെരുവിൽ പ്രതിഷേധിക്കുന്നതിനിടെയാണ് വിനേഷ് ഫോ​ഗട്ട് പാരിസിലേക്ക് ഒളിംപിക്സ് പോരാട്ടത്തിനായി പറന്നത്. മിന്നും പ്രകടനവുമായി താരം ഫൈനൽ വരെ എത്തി. ഇന്ത്യ സ്വർണം തന്നെ ഉറപ്പിച്ച ഘട്ടത്തിൽ എല്ലാം തകിടം മറിഞ്ഞു. ഭാര കുറവിന്റെ പേരിൽ വിനേഷിനു അയോ​ഗ്യത കൽപ്പിച്ചത് അമ്പരപ്പോടെയാണ് രാജ്യം കണ്ടത്.

ഒളിംപിക്സ് ​ഗുസ്തി ഫൈനലിലേക്ക് എത്തുന്ന ആദ്യ വനിതാ താരമെന്ന പെരുമായുമായി നിന്ന വിനേഷിനു അതിന്റെ അ​ഹ്ലാദം അൽപ്പ സമയത്തേക്ക് മാത്രമേ ഉണ്ടായുള്ളു. തൊട്ടടുത്ത ദിവസം ഭാരക്കുറവിന്റെ പേരിൽ അയോ​ഗ്യത നേരിടേണ്ടി വന്നു. വെള്ളിക്ക് അർഹതയുണ്ടെന്ന അപ്പീലുമായി അന്താരാഷ്ട്ര കായിക കോടതിയിൽ ഹർജി നൽകിയെങ്കിലും അതു തള്ളി. പിന്നാലെ അവർ ​ഗുസ്തി കരിയർ തന്നെ അവസാനിപ്പിക്കുകയാണെന്ന ഞെട്ടിക്കുന്ന തീരുമാനം പ്രഖ്യാപിച്ചു. ഇനിയും കളത്തിൽ തുടരാനുള്ള പ്രതിഭയുണ്ടായിട്ടും വിനേഷ് കടുത്ത നിരാശയിലാണ് പിൻമാറ്റം പ്രഖ്യാപിച്ചത്. പിന്നീട് അവർ രാഷ്ട്രീയത്തിൽ ഇറങ്ങുന്നതും കോൺ​ഗ്രസ് എംഎൽഎയായി ജയിക്കുന്നതിനും രാജ്യം സാക്ഷികളായി.

India's sporting icons
മനു ഭാ​കർഎക്സ്

മനുവിന്റെ ലക്ഷ്യം...

പാരിസ് ഒളിംപിക്സിൽ ഇന്ത്യക്ക് ആശ്വാസമായതും ആവേശം നൽകിയതും മനു ഭാ​കറായിരുന്നു. ഇരട്ട വെങ്കലം നേടി ചരിത്രമെഴുതിയാണ് താരം അഭിമാനമായത്. ഒറ്റ ഒളിംപിക്സിൽ രണ്ട് മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമായി മനു മാറി. 1900ത്തിലെ പാരിസ് ഒളിംപിക്സിൽ തന്നെ ബ്രിട്ടീഷ് ഇന്ത്യൻ അത്‍ലറ്റായിരുന്ന നോർമൻ പ്രിച്ചാർഡ് അത്‍ലറ്റിക്സിൽ 2 വെള്ളി മെഡൽ നേടിയിരുന്നു. അതിനു ശേഷം ഒരു താരത്തിനും ഈ നേട്ടമില്ല. 124 വർഷത്തിനു ശേഷം ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യൻ താരമായും മനു മാറി.

രണ്ട് ഒളിംപിക്സ് മെഡലുകൾ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ വനിതാ താരമായും മനു മാറി. നേരത്തെ ബാഡ്മിൻൺ താരം പിവി സിന്ധുവാണ് ഈ നേട്ടത്തിലെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com