Magnus Carlsen disqualified from top chess meet
മാഗ്നസ് കാള്‍സന്‍എഎന്‍ഐ

ജീന്‍സ് ധരിച്ചെത്തി; മാഗ്നസ് കാള്‍സനെ ലോക ചെസ് ചാംപ്യന്‍ഷിപ്പില്‍നിന്ന് അയോഗ്യനാക്കി

യുഎസിലെ ന്യൂയോര്‍ക്കില്‍ വെള്ളിയാഴ്ചയാണ് ലോക റാപിഡ് ചെസ് ചാംപ്യന്‍ഷിപ്പിന് തുടക്കമായത്.
Published on

ന്യൂയോര്‍ക്ക്: വസ്ത്രധാരണത്തില്‍ നിയമങ്ങള്‍ പാലിക്കാത്തതിന് നിലവിലെ ചാംപ്യന്‍ മാഗ്നസ് കാള്‍സനെ ലോക റാപിഡ് ചെസ് ചാംപ്യന്‍ഷിപ്പില്‍നിന്ന് അയോഗ്യനാക്കി. മത്സരത്തില്‍ ജീന്‍സ് പാടില്ലെന്ന ചട്ടം ലഘിച്ചതിനാണ് ഫിഡെ നോര്‍വീജിയന്‍ താരത്തിനെതിരെ നടപടിയെടുത്തത്. യുഎസിലെ ന്യൂയോര്‍ക്കില്‍ വെള്ളിയാഴ്ചയാണ് ലോക റാപിഡ് ചെസ് ചാംപ്യന്‍ഷിപ്പിന് തുടക്കമായത്.

ജീന്‍സ് ധരിച്ചെത്തിയ കാള്‍സണ് 200 ഡോളര്‍ പിഴ ചുമത്തിയ ഫിഡെ, ഉടന്‍ വസ്ത്രം മാറി വരണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, വസ്ത്രം മാറാന്‍ സാധിക്കില്ലെന്ന് കാള്‍സണ്‍ അധികൃതരെ അറിയിച്ചു. ഇതിനുപിന്നാലെയാണ് താരത്തെ അച്ചടക്ക നടപടിയുടെ ഭാഗമായി ടൂര്‍ണമെന്റില്‍നിന്ന് അയോഗ്യനാക്കിയത്.

ചാംപ്യന്‍ഷിപ്പിലെ നിലവിലെ ചാംപ്യനും അഞ്ച് തവണ ലോക ചാംപ്യനുമായ കാള്‍സണ്‍ അടുത്ത ദിവസം മുതല്‍ നിയമം അനുസരിച്ചുള്ള വസ്ത്രം ധരിച്ചെത്താമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ അധികൃതര്‍ ഈ ആവശ്യം തള്ളി.

ലോക റാപിഡ് ചെസ് ചാമ്പ്യന്‍ഷിപ്പിലെ പെരുമാറ്റ ചട്ടങ്ങള്‍ പ്രഫഷനലിസവും തുല്യതയും ഉറപ്പാക്കാന്‍ വേണ്ടിയുള്ളതാണ്. മാഗ്നസ് കാള്‍സണ്‍ ജീന്‍സ് ധരിച്ച് ഡ്രസ് കോഡ് ലംഘിച്ചു. ഇത് താരത്തെ ബോധ്യപ്പെടുത്തുകയും 200 ഡോളര്‍ പിഴ ചുമത്തുകയും വസ്ത്രം മാറാന്‍ അഭ്യര്‍ഥിക്കുകയും ചെയ്തു. എന്നാല്‍, താരം വഴങ്ങിയില്ല. നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണ്' -ഫിഡെ പത്രക്കുറിപ്പില്‍ അറിയിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

logo
Samakalika Malayalam
www.samakalikamalayalam.com