ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പ്രതാപ കാലത്തിന്റെ ഓര്‍മകള്‍ മാത്രം അയവിറക്കാന്‍ തുടങ്ങിയിട്ട് 11 വര്‍ഷങ്ങള്‍ പിന്നിടുന്നു. കൃത്യം പറഞ്ഞാല്‍ 2013ല്‍ സര്‍ അലക്‌സ് ഫെര്‍ഗൂസന്‍ ടീമിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ ശേഷം അവര്‍ക്കൊരു പ്രീമിയര്‍ ലീഗ്, ചാംപ്യന്‍സ് ലീഗ് കിരീടമില്ല. ഇടയ്ക്ക് ചില കിരീട നേട്ടങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ പൊതുവേ നിരാശയാണ് ഫലം.
അതിനിടെ 8 പരിശീലകരാണ് ടീമിന്റെ ഡഗൗട്ടില്‍ മാറി മാറി എത്തിയത്. ഇതില്‍ ആറ് പേര്‍ സ്ഥിരം പരിശീലകരും രണ്ട് പേര്‍ താത്കാലികവുമായിരുന്നു. പക്ഷേ ആര്‍ക്കും ടീമിനെ കരകയറ്റാന്‍ സാധിച്ചില്ല. ഒടുവില്‍, അയാക്‌സിനെ മികവിലേക്ക് നയിച്ചതിന്റെ ക്രഡിറ്റുമായി എത്തിയ എറിക് ടെന്‍ ഹാഗ് ടീമിനെ പ്രതാപ കാലത്തേക്ക് എത്തിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ഒന്നും നേരെയാക്കാന്‍ അദ്ദേഹത്തിനും കഴിഞ്ഞില്ല. ടീം കൂടുതല്‍ പ്രതിസന്ധിയിലേക്കാണ് പോയത്.
ഓള്‍ഡ് ട്രഫോര്‍ഡിലേക്ക് പുതിയതായി എത്തുന്നത് റൂബന്‍ അമോറിം എന്ന യുവ പരിശീലകനാണ്. യൂറോപ്പിലെ വമ്പന്‍ ടീമുകളില്‍ പലരും സ്വന്തമാക്കാന്‍ ശ്രമിച്ച പരിശീലകനാണ് അമോറിം. 2020 മുതല്‍ പോര്‍ച്ചുഗല്‍ ടീം സ്‌പോര്‍ടിങ് സിപിയെ മികവിലേക്ക് നയിച്ചതിന്റെ ക്രെഡിറ്റുമായാണ് അമോറിം സ്ഥാനമേല്‍ക്കുന്നത്. മുന്നില്‍ ചെറിയ വെല്ലുവിളിയല്ല 39കാരനായ കോച്ചിനുള്ളത്. ഇതുവരെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പോലെയുള്ള വമ്പന്‍ ടീമിനെ പരിശീലിപ്പിച്ച മുന്‍ പരിചയവും അമോറിമിനില്ല.
2027 വരെ കരാറുറപ്പിച്ചാണ് സീസണ്‍ തുടങ്ങി സ്‌പോര്‍ട്ടിങിനെ 9ല്‍ 9 വിജയങ്ങളിലേക്ക് നയിച്ച് അമോറിം എത്തുന്നത്. നിലവില്‍ മുന്‍ ഇതിഹാസ താരം റൂഡ് വാന്‍ നിസ്റ്റല്‍റൂയിയാണ് യുനൈറ്റഡിന്റെ താത്കാലിക പരിശീലകന്‍. ഇപ്‌സ്‌വിച് ടൗണിനെതിരായ പോരാട്ടത്തിലായിരിക്കും അമോറിം യുനൈറ്റഡ് ഡഗൗട്ടില്‍ തന്ത്രവുമായി ആദ്യമായി ഇറങ്ങുക.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക