ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണിന് മുമ്പുള്ള മെഗാ ലേലം ഈ മാസം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നവംബര്‍ 24, 25 തീയതികളില്‍ സൗദി അറേബ്യയിലെ റിയാദിലാകും ലേലം നടക്കുക. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല.
ലീഗിലെ 10 ടീമുകളും തങ്ങള്‍ നിലനിര്‍ത്തിയ കളിക്കാരുടെ പട്ടിക പുറത്തിറക്കിയിരുന്നു. സൂപ്പര്‍ താരങ്ങളെ അടക്കം പല ടീമുകളും കൈവിട്ടു. ഡല്‍ഹി ക്യാപിറ്റല്‍സ് ടീം നായകനായിരുന്ന ഋഷഭ് പന്തിനെ റിലീസ് ചെയ്തതാണ് കൂട്ടത്തില്‍ ആരാധകരെ ഞെട്ടിച്ചത്. ഐപിഎല്‍ ലേലത്തില്‍ കൂടുതല്‍ ഡിമാന്‍ഡുള്ള താരമാകും ഋഷഭ് പന്ത്.
ഋഷഭ് പന്തിനെ ടീമിലെടുക്കാന്‍ പഞ്ചാബ് കിങ്‌സ് ശ്രമിച്ചേക്കും. ശശാങ്ക് സിങ്, പ്രഭ്‌സിമ്രാന്‍ സിങ് എന്നിവരെ മാത്രം നിലനിര്‍ത്തിയ പഞ്ചാബിന് അക്കൗണ്ടില്‍ 110.5 കോടി രൂപ ബാക്കിയുണ്ട്. മാത്രമല്ല, 2021 മുതല്‍ ഡല്‍ഹി ക്യാപിറ്റല്‍സില്‍ മുഖ്യ പരിശീലകനായിരുന്നു റിക്കി പോണ്ടിങ്. ഇപ്പോള്‍ പഞ്ചാബിന്റെ മുഖ്യ പരിശീലകനും
ഋഷഭ് പന്തിന് ടീമിലെത്തിക്കാന്‍ ശ്രമം നടത്തിയേക്കാവുന്ന മറ്റൊരു ടീം റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു (ആര്‍സിബി) ആണ്. 83 കോടി രൂപയാണ് ബാംഗ്ലൂരിന്റെ അക്കൗണ്ടിലുള്ളത്. ദിനേശ് കാര്‍ത്തിക് മാറിനിന്നതോടെ ഒരു വിക്കറ്റ് കീപ്പര്‍ ബാറ്ററെ തേടുകയാണ് ടീം. കോഹ് ലിയും രജത് പട്ടീദാറും ഉള്ള ടീമില്‍ പന്തും എത്തുന്നതോടെ ടീം കൂടുതല്‍ ശക്തമാകും. ഋഷഭ് പന്തിനെ ടീമിലെത്തിക്കാന്‍ ആര്‍സിബിയും പിബികെഎസും മത്സരിച്ചേക്കാം.
പന്തിനെ നോട്ടമിടുന്ന മറ്റൊരു ടീം ചെന്നൈ സൂപ്പര്‍ കിങ്‌സാണ് . ചെന്നൈയ്ക്ക് 55 കോടി മാത്രമാണ് അക്കൗണ്ടിലുള്ളത്. പന്തിന് ഏകദേശം 18 മുതല്‍ 20 കോടി രൂപ വരെ ലേലത്തില്‍ കിട്ടാന്‍ സാധ്യതയുള്ളതുകൊണ്ട് വലിയ തുകയ്ക്ക് ചെന്നൈക്ക് പന്തിനെ വാങ്ങുക പ്രയാസമാണ്. അടുത്ത സീസണില്‍ പന്ത് മഞ്ഞ ജേഴ്സി ധരിക്കാന്‍ സാധ്യതയുണ്ടെന്ന് അടുത്തിടെ മുന്‍ താരം സുരേഷ് റെയ്ന പറഞ്ഞിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക