സിഡ്‌നി: ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫിക്ക് വേണ്ടിയുള്ള അഞ്ചു ടെസ്റ്റുകളുടെ പരമ്പരയ്ക്ക് ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കേ, തയ്യാറെടുപ്പ് മത്സരത്തില്‍ ധ്രുവ് ജുറേലിന് അര്‍ധ ശതകം. ഓസ്‌ട്രേലിയയില്‍ ഓസ്‌ട്രേലിയ എയും ഇന്ത്യ എയും തമ്മിലുള്ള മത്സരത്തില്‍ ആദ്യ ഇന്നിംഗ്‌സില്‍ ധ്രുവ് ജുറേല്‍ നേടിയ 80 റണ്‍സ് ആണ് ടീമിന്റെ രക്ഷയ്‌ക്കെത്തിയത്.
186 പന്തില്‍ ജുറേല്‍ നേടിയ 80 റണ്‍സ് ഇല്ലായിരുന്നുവെങ്കില്‍ ഒന്നാം ഇന്നിംഗ്‌സില്‍ നൂറില്‍ താഴെ റണ്‍സിന് ഇന്ത്യ എ ടീം പുറത്താകുമായിരുന്നു. പേസിന് അനുകൂലമായ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ രണ്ടു സിക്‌സിന്റെയും ആറു ബൗണ്ടറികളുടെയും അകമ്പടിയോടെയായിരുന്നു വിക്കറ്റ് കീപ്പർ ബാറ്ററായ ജുറേലിന്റെ ഇന്നിംഗ്‌സ്. ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ എ ടീം 161 റണ്‍സിന് പുറത്തായി. ആദ്യ ദിവസം മറുപടി ബാറ്റിങ് ആരംഭിച്ച ഓസ്‌ട്രേലിയ എ ടീം ഇന്നത്തേയ്ക്ക് പിരിയുമ്പോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 53 റണ്‍സ് എന്ന നിലയിലാണ്.
ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ച ധ്രുവ് ജുറേലിനും കെ എല്‍ രാഹുലിനും ഓസ്‌ട്രേലിയന്‍ മണ്ണില്‍ പരിശീലനം ലഭിക്കുന്നതിന് വേണ്ടിയാണ് തയ്യാറെടുപ്പ് മത്സരങ്ങളിൽ കളിക്കാൻ നേരത്തെ അയച്ചത്. പേസര്‍ മൈക്കിള്‍ നേസര്‍ നേതൃത്വം നല്‍കുന്ന ഓസ്‌ട്രേലിയന്‍ എ ടീം പേസ് നിര ഇന്ത്യ എ ടീമിന്റെ മുന്‍നിരയെ കശക്കിയെറിയുന്നതാണ് കണ്ടത്. ഓപ്പണര്‍ ആയി ഇറങ്ങിയ കെ എല്‍ രാഹുലിന് കാര്യമായ സംഭാവന നല്‍കാന്‍ സാധിച്ചില്ല.
നാലു റണ്‍സ് മാത്രമാണ് സ്വന്തം പേരില്‍ ചേര്‍ക്കാന്‍ ആയത്. ആദ്യ മത്സരങ്ങളില്‍ ക്യാപ്റ്റന്‍ രോഹിത് കളിച്ചില്ലായെങ്കില്‍ ഓപ്പണിങ് സ്ഥാനത്ത് പരിഗണിക്കുന്ന പേരുകളില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന അഭിമന്യു ഈശ്വരന്‍ ആണ് ആദ്യം പുറത്തായത്. തുടര്‍ന്ന് സായ് സുദര്‍ശനും കെ എല്‍ രാഹുലും ഋതുരാജ് ഗെയ്ക്വാദും പുറത്തായതോടെ നാലുവിക്കറ്റ് നഷ്ടത്തില്‍ 11 റണ്‍സ് എന്ന നിലയില്‍ പരുങ്ങുന്ന അവസ്ഥയിയിലാണ് ധ്രുവ് ജുറേല്‍ രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്തത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക