മുംബൈ: കളിക്കാര്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്ന മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് ജോണ്‍ റൈറ്റിന്റെ സമീപനമായിരുന്നു ശരിയെന്ന് മുന്‍ താരം സന്ദീപ് പാട്ടീല്‍. കളിക്കാര്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കിയത് കൊണ്ടാണ് കോച്ചിങ് പദവിയില്‍ അദ്ദേഹത്തിന് വിജയിക്കാന്‍ ആയത്. എന്നാല്‍ റൈറ്റിന്റെ പിന്‍ഗാമികളായി വന്ന ഗ്രെഗ് ചാപ്പലിനും അനില്‍ കുംബ്ലെയ്ക്കും കോച്ച് എന്ന നിലയില്‍ വിജയിക്കാന്‍ സാധിച്ചില്ല. ഇവര്‍ സ്വീകരിച്ച സ്വേച്ഛാധിപത്യ നിലപാടുകളാണ് ഇതിന് കാരണമെന്നും തന്റെ ആത്മകഥയായ 'Beyond Boundaries 'ല്‍ സന്ദീപ് പാട്ടീല്‍ പറയുന്നു.
ജോണ്‍ റൈറ്റിന്റെ വിജയത്തിന് പിന്നിലുള്ള കാരണങ്ങള്‍ നിരത്തുന്നതിനൊപ്പമാണ് ഗ്രെഗ് ചാപ്പലിനും അനില്‍ കുംബ്ലെയ്ക്കും ഉണ്ടായ പോരായ്മകള്‍ സന്ദീപ് പാട്ടീല്‍ ചൂണ്ടിക്കാണിക്കുന്നത്. 2000 മുതല്‍ നിരവധി അന്താരാഷ്ട്ര പരിശീലകരും സപ്പോര്‍ട്ട് സ്റ്റാഫുകളുമാണ് ഇന്ത്യയുടെ പ്രകടനം മെച്ചപ്പെടാന്‍ ടീമിന്റെ ഭാഗമായി പ്രവര്‍ത്തിച്ചത്. ഇതിന്റെ ഫലമായി ഇന്ത്യയുടെ വിദേശ മണ്ണിലെ റെക്കോര്‍ഡ് ക്രമാനുഗതമായി മെച്ചപ്പെടാന്‍ ഇടയാക്കി. ജോണ്‍ റൈറ്റ് ഇന്ത്യയുടെ ആദ്യ വിദേശ പരിശീലകനായതോടെയാണ് ഇതിന് തുടക്കമായതെന്നും സന്ദീപ് പാട്ടീല്‍ ഓര്‍മ്മിപ്പിച്ചു.
'ജോണ്‍ ഇന്ത്യക്ക് അനുയോജ്യനായ പരിശീലകനായിരുന്നുവെന്ന് ഞാന്‍ കരുതുന്നു. അദ്ദേഹം മൃദുവായി സംസാരിക്കുന്നവനും മര്യാദയുള്ളവനുമായിരുന്നു. സൗരവ് ഗാംഗുലിയുടെ നിഴലില്‍ ആയിരിക്കുന്നതില്‍ അദ്ദേഹം സന്തോഷവാനായിരുന്നു. കൂടാതെ അദ്ദേഹം വാര്‍ത്താമാധ്യമങ്ങളില്‍ നിന്ന് അകലം പാലിച്ചു. വാര്‍ത്താമാധ്യമങ്ങളില്‍ ചുരുക്കം സമയങ്ങളില്‍ മാത്രമാണ് അദ്ദേഹത്തിന്റെ പേര് വന്നത്. ഗ്രെഗ് ചാപ്പല്‍ കോച്ച് സ്ഥാനത്ത് വന്നപ്പോള്‍ സ്ഥിതി മാറി. അദ്ദേഹം എല്ലാം ദിവസവും വാര്‍ത്തകളില്‍ നിറഞ്ഞു. ഒരു പരിശീലകന് ബോര്‍ഡിന്റെ നയം, ബോര്‍ഡ് അംഗങ്ങള്‍, പ്രസിഡന്റ് എന്നിവരുടെ ചിന്തകള്‍ എന്നിവ മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്. പ്രസിഡന്റുമായും സെക്രട്ടറിയുമായും ക്യാപ്റ്റനുമായും ടീമുമായും അദ്ദേഹത്തിന് നല്ല ബന്ധം ഉണ്ടായിരിക്കണം. ജോണ്‍ അത് അത്ഭുതകരമായി ചെയ്തു.'- സന്ദീപ് പാട്ടീല്‍ പ്രകീര്‍ത്തിച്ചു.
'ജോണ്‍ റൈറ്റിനെ സംബന്ധിച്ച് എല്ലാ കളിക്കാരും തുല്യരായിരുന്നു. ടീമിനാണ് അദ്ദേഹം ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കിയിരുന്നത്. അദ്ദേഹത്തിന്റെ കാലത്ത് ജൂനിയര്‍, സീനിയര്‍ എന്ന വേര്‍തിരിവ് ഉണ്ടായിരുന്നില്ല. ഒറ്റ ടീമായാണ് അദ്ദേഹം കളിക്കാരെ മുഴുവന്‍ കണ്ടത്. എല്ലാ കളിക്കാരെയും ബഹുമാനിച്ച റൈറ്റ് സ്വതന്ത്രമായി കളിക്കാന്‍ താരങ്ങളെ പ്രോത്സാഹിപ്പിച്ചു. എന്നാല്‍ അനില്‍ കുംബ്ലെയും ഗ്രെഗ് ചാപ്പലും അത് ചെയ്തില്ല. ചാപ്പലിന്റെ ആക്രമണോത്സുകമായ സമീപനം ഇന്ത്യന്‍ ഡ്രെസ്സിങ് റൂം അന്തരീക്ഷത്തിന് ചേരുന്നതായിരുന്നില്ല. ഒറ്റയടിക്ക് സിസ്റ്റത്തില്‍ മാറ്റം വരുത്താനാണ് ചാപ്പല്‍ ശ്രമിച്ചത്. ഗാംഗുലിയില്‍ നിന്ന് ക്യാപ്റ്റനായി ചുമതലയേറ്റ രാഹുല്‍ ദ്രാവിഡിന് കാര്യമായ സംഭാവനകള്‍ നല്‍കാന്‍ സാധിച്ചില്ല. ക്യാപ്റ്റന്‍ എന്ന നിലയില്‍ അദ്ദേഹം പരാജയപ്പെടാന്‍ കാരണം ചാപ്പല്‍ ആണ്. ഓസ്‌ട്രേലിയന്‍ സംസ്‌കാരം ഇന്ത്യന്‍ ക്രിക്കറ്റ് സിസ്റ്റത്തില്‍ നടപ്പാക്കാനുള്ള വ്യഗ്രതയിലായിരുന്നു ചാപ്പല്‍. ഓസ്‌ട്രേലിയക്കാര്‍ ചിന്തിക്കുന്ന പോലെ ഇന്ത്യക്കാരെ മാറ്റാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. ഇതെല്ലാം ടീമിന്റെ കെട്ടുറപ്പിനെ ബാധിച്ചു. സീനിയര്‍ താരങ്ങളെല്ലാം അതൃപ്തരായിരുന്നു. എഴുന്നേറ്റ ഉടന്‍ തന്നെ ഓടാനും സ്ട്രെച്ച് ചെയ്യാനും തുടങ്ങുന്ന ആളല്ല സൗരവ്. നിങ്ങള്‍ അവന് സമയം നല്‍കണമായിരുന്നു. ഗ്രെഗ് സീനിയര്‍മാരെ തെറ്റായ രീതിയില്‍ നയിച്ചു. ദ്രാവിഡിന്റെ കാര്യത്തിലും ഇത് അങ്ങനെ തന്നെയാണ്. ഗ്രെഗ് ചാപ്പലിനെ കോച്ചാക്കണമെന്ന് വാദിച്ച ഗാംഗുലിയുടെ പുറത്താകലിന് ചാപ്പല്‍ തന്നെ കാരണമായി എന്നതാണ് വിരോധാഭാസം. എന്നാല്‍ പിന്നീട് വന്ന ഗാരി കേസ്റ്റന്‍ വ്യത്യസ്തനായിരുന്നു. കളിക്കാരുമായുള്ള അടുപ്പം കാരണം ഗാരി കേസ്റ്റന്‍ ഏറ്റവും വിജയകരമായ ഇന്ത്യന്‍ കോച്ചായി മാറി'- സന്ദീപ് പാട്ടീല്‍ ബുക്കില്‍ കുറിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക