ഹൈദരാബാദ്: ഐപിഎല്ലില്‍ കഴിഞ്ഞ സീസണില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ദയനീയ തോല്‍വി വഴങ്ങിയതിന് കെ എല്‍ രാഹുലിനെ ലഖ്നൗ ടീം ഉടമ സഞ്ജീവ് ഗോയങ്ക ശകാരിക്കുന്ന വിഡിയോ വൈറലായിരുന്നു. മത്സരശേഷം സ്റ്റേഡിയത്തില്‍ ടെലിവിഷന്‍ കാമറകള്‍ക്ക് മുമ്പില്‍ പരസ്യമായാണ് ഗോയങ്ക രാഹുലിനോടും കോച്ച് ജസ്റ്റിന്‍ ലാംഗറോടും അതൃപ്തി അറിയിക്കുന്നതായുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നത്. സംഭവം ആരാധക പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു.
ഇപ്പോള്‍ ലഖ്‌നൗവില്‍ നിന്ന് പുറത്തായ ശേഷം സംഭവത്തെ കുറിച്ച് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് കെ എല്‍ രാഹുല്‍. ടീമിന്റെ തുടര്‍ച്ചയായ പരാജയങ്ങളില്‍ ടീം ഉടമയില്‍ നിന്നുണ്ടായത് നല്ല പ്രതികരണമല്ലെന്നും എല്ലാ സഹതാരങ്ങളിലും വലിയ ഞെട്ടലുണ്ടാക്കിയെന്നും രാഹുല്‍ പറഞ്ഞു.
'ഒരു ടീം എന്ന നിലയില്‍, ഞങ്ങള്‍ എല്ലാവരും ഞെട്ടിപ്പോയി, കാരണം ഓരോ കളിയും വളരെ പ്രധാനപ്പെട്ടതായിരുന്നു ഞങ്ങള്‍ക്ക്. ഞങ്ങള്‍ക്ക് ശേഷിക്കുന്ന അഞ്ച് മത്സരങ്ങളില്‍ മൂന്നോ അല്ലെങ്കില്‍ അവസാനത്തെ നാല് ഗെയിമുകളില്‍ രണ്ടോ ജയിക്കണമായിരുന്നു. എന്നാല്‍ നടന്ന സംഭവങ്ങളില്‍ ഞങ്ങള്‍ എല്ലാവരും വലിയ ഞെട്ടലിലായിരുന്നു' രാഹുല്‍ പറഞ്ഞു.
'മത്സരശേഷം ശേഷം മൈതാനത്ത് എന്ത് സംഭവിച്ചാലും ആരും കാണാന്‍ ആഗ്രഹിക്കുന്നതായിരുന്നില്ല. ഇത് മുഴുവന്‍ ഗ്രൂപ്പിനെയും ബാധിച്ചുവെന്ന് ഞാന്‍ കരുതുന്നു. പ്ലേ ഓഫില്‍ കടക്കാന്‍ ഞങ്ങള്‍ക്ക് അപ്പോഴും അവസരമുണ്ടായിരുന്നു. ഞങ്ങള്‍പരസ്പരം ചര്‍ച്ചചെയ്തു. ടീമില്‍ മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിച്ചു. ഞങ്ങള്‍ പരമാവധി ശ്രമിച്ചു, പക്ഷേ നിര്‍ഭാഗ്യവശാല്‍ മികച്ചത് ലഭിച്ചില്ല. ഞങ്ങള്‍ക്ക് പ്രതീക്ഷിച്ചതുപോലെ പ്ലേ ഓഫിലെത്താനോ സീസണ്‍ വിജയിക്കാനോ കഴിഞ്ഞില്ല' രാഹുല്‍ പറഞ്ഞു.
2022ലെ മെഗാതാരലേലത്തിലാണ് രാഹുല്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിലെത്തിയത്. ടീം ക്യാപ്റ്റന്‍ സ്ഥാനം ലഭിച്ച രാഹുല്‍ തുടര്‍ച്ചയായി രണ്ടു സീസണുകളില്‍ ലക്‌നൗവിനെ പ്ലേ ഓഫിലെത്തിച്ചു. എന്നാല്‍ കഴിഞ്ഞ സീസണില്‍ ടീമിന്റെ പ്രകടനം മോശമായതോടെയാണ് രാഹുലിനെ നിലനിര്‍ത്തേണ്ടതില്ലെന്ന് ഫ്രാഞ്ചൈസി തീരുമാനിച്ചത്. നിക്കോളാസ് പൂരാന്‍, മയങ്ക് അഗര്‍വാള്‍, രവി ബിഷ്‌ണോയി, ആയുഷ് ബദോനി, മൊഹ്‌സിന്‍ ഖാന്‍ എന്നിവരെയാണ് ലക്‌നൗ അടുത്ത സീസണിലേക്കു നിലനിര്‍ത്തിയിട്ടുള്ളത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക