ജൊഹാനസ്ബര്‍ഗ്: ജീവിതത്തില്‍ താന്‍ ഒട്ടേറെ പരാജയങ്ങള്‍ അഭിമുഖീകരിച്ചിട്ടുണ്ടെന്നും അപ്പോഴൊന്നും ആത്മവിശ്വാസം കൈവിട്ടിരുന്നില്ലെന്നും സെഞ്ച്വറി നേട്ടത്തിന് പിന്നാലെ പ്രതികരിച്ച് സഞ്ജു സാംസണ്‍. എന്നാല്‍ നേട്ടത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്ന് പറഞ്ഞ താരം കഴിഞ്ഞ തവണ സെഞ്ചറി നേടിയശേഷം കൂടുതല്‍ സംസാരിച്ചെന്നും അതിനു പിന്നാലെ രണ്ടു മത്സരങ്ങളില്‍ ഡക്കായെന്നും പറഞ്ഞു.
പരമ്പരയിലെ ആദ്യ മത്സരത്തില്‍ സെഞ്ച്വറി നേടിയ സഞ്ജു, പിന്നീട് തുടര്‍ച്ചയായി രണ്ടു മത്സരങ്ങളില്‍ പൂജ്യത്തിനു പുറത്തായിരുന്നു. ഇതിനു പിന്നാലെയാണ് നാലാം മത്സരത്തില്‍ വീണ്ടും സെഞ്ചറി നേടിയത്. കഴിഞ്ഞ തവണ കുറേയധികം സംസാരിച്ചെന്നും അതിന് പിന്നാലെ രണ്ട് മത്സരങ്ങളില്‍ ഡക്കിന് പുറത്തായെന്നും തമാശ കലര്‍ത്തി സഞ്ജു കൂട്ടിച്ചേര്‍ത്തു.
'അതിവേഗം ശ്വാസമെടുക്കുന്നതിനാല്‍ സംസാരിക്കുമ്പോള്‍ അല്‍പം ബുദ്ധിമുട്ടുണ്ട്. ജീവിതത്തില്‍ ഞാന്‍ ഒട്ടേറെ പരാജയങ്ങളെ അഭിമുഖീകരിച്ചിട്ടുണ്ട്. തുടര്‍ച്ചയായി രണ്ടു സെഞ്ചറികള്‍ നേടിയതിനു പിന്നാലെ രണ്ടു ഡക്കുകള്‍. അപ്പോഴും ഞാന്‍ ആത്മവിശ്വാസം കൈവിട്ടിരുന്നില്ല. എന്നില്‍ത്തന്നെ അടിയുറച്ചു വിശ്വസിച്ചു. കഠിനമായി അധ്വാനിച്ചു, അതിന്റെ ഫലമാണ് ഇന്നു ലഭിച്ചത്. ഒന്നു രണ്ടു തവണ തുടര്‍ച്ചയായി പരാജയപ്പെട്ടതോടെ എന്റെ ചിന്തയില്‍ ഒട്ടേറെ കാര്യങ്ങള്‍ മിന്നിമറഞ്ഞു. കഠിനപ്രയത്നം നടത്തി. അതിന്റെ ഫലമാണ് ഇന്ന് ലഭിച്ചത്.' സഞ്ജു പറഞ്ഞു.
'ഇന്നത്തെ ഇന്നിങ്‌സിന്റെ തുടക്കത്തില്‍ അഭിഷേകും (ശര്‍മ) പിന്നീട് തിലകും (വര്‍മ) കാര്യമായിത്തന്നെ സഹായിച്ചു. തിലക് വര്‍മയുമായി ഒട്ടേറെ കൂട്ടുകെട്ടുകളില്‍ ഞാന്‍ പങ്കാളിയായിട്ടുണ്ട്. തിലക് തീരെ ചെറുപ്പമാണ്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി താരമാണെന്നു നിസംശയം പറയാം. അദ്ദേഹത്തോടൊപ്പം ഇത്തരമൊരു കൂട്ടുകെട്ടു സൃഷ്ടിക്കാനായതില്‍ സന്തോഷം' സഞ്ജു പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക