ചാംപ്യന്‍സ് ലീഗ് പോരാട്ടങ്ങള്‍ക്കായി വമ്പന്‍മാര്‍ ഇന്ന് കളത്തില്‍. ആഴ്‌സണല്‍- പിഎസ്ജി, ബയര്‍ ലെവര്‍കൂസന്‍- എസി മിലാന്‍ പോരാട്ടങ്ങളാണ് ആരാധകര്‍ കാത്തിരിക്കുന്ന വമ്പന്‍ മത്സരങ്ങള്‍. മത്സരങ്ങള്‍ രാത്രി 12.30 മുതല്‍ സോണി ലിവില്‍.
ആദ്യ മത്സരത്തില്‍ അറ്റ്‌ലാന്‍ഡയുമായി ഗോളില്ലാ സമനില വഴങ്ങിയതിന്റെ ക്ഷീണം മാറ്റാനാണ് സ്വന്തം തട്ടകത്തില്‍ ആഴ്‌സണല്‍ ഇറങ്ങുന്നത്. എതിരാളികള്‍ ഫ്രഞ്ച് ചാംപ്യന്‍മാരായ പാരിസ് സെന്റ് ജെര്‍മെയ്ന്‍ (പിഎസ്ജി). പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലും ഫ്രഞ്ച് ലീഗില്‍ പിഎസ്ജിയും മിന്നും ഫോമിലാണ്. പിഎസ്ജി ചാംപ്യന്‍സ് ലീഗിലെ ആദ്യ മത്സരത്തില്‍ ജിറോണയെ വീഴ്ത്തിയതിന്റെ ആത്മവിശ്വാസത്തിലാണ്. ജയം തുടരുകയാണ് അവര്‍ ലക്ഷ്യമിടുന്നത്. ആഴ്‌സണല്‍ ആദ്യ ജയവും.
ഇറ്റാലിയന്‍ സീരി എയില്‍ മികച്ച മുന്നേറ്റമാണ് നിലവില്‍ മിലാന്‍ നടത്തുന്നത്. നാട്ടങ്കത്തില്‍ നീണ്ട കാലത്തിനു ശേഷം ഇന്റര്‍ മിലാനെ വീഴ്ത്തിയതും അവര്‍ക്ക് ബലം നല്‍കുന്നു. ചാംപ്യന്‍സ് ലീഗിലെ ആദ്യ പോരാട്ടത്തില്‍ ലിവര്‍പൂളിനോടു തോറ്റ മിലാന് ജയ വഴിയിലെത്താനുള്ള ആഗ്രഹമാണ്. ചാംപ്യന്‍സ് ലീഗിലെ ആദ്യ മത്സരത്തില്‍ ഫെയനൂര്‍ദിനെ 4-0ത്തിനു തകര്‍ത്തെറിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് സ്വന്തം തട്ടകത്തില്‍ ഷാബി അലോണ്‍സോയും പിള്ളേരും ഇറങ്ങുന്നത്. ബുണ്ടസ് ലീഗയില്‍ ബയേണ്‍ മ്യൂണിക്കിനെ തന്ത്രപരമായി സമനിലയില്‍ കുരുക്കാനും ലെവര്‍കൂസനു സാധിച്ചിരുന്നു.
ചാംപ്യന്‍സ് ലീഗിലെ ആദ്യ മത്സരത്തില്‍ മൊണാക്കോയോടു 2-1നു പരാജയപ്പെട്ടതിന്റെ നിരാശ മായ്ച്ച് വിജയം തേടിയാണ് മുന്‍ ചാംപ്യന്‍മാരായ ബാഴ്‌സലോണ ഇറങ്ങുന്നത്. ചാംപ്യന്‍സ് ലീഗിനു പിന്നാലെ ലാ ലിഗയില്‍ ഒസാസുനയോടു 4-2നു ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങിയതും അവര്‍ക്ക് നിരാശ നല്‍കിയിരുന്നു. ഒപ്പം സുപ്രധാന താരങ്ങളുടെ പരിക്കും അവരെ വേട്ടയാടുന്നു. ഗോള്‍ കീപ്പര്‍ ആന്ദ്രെ ടെര്‍ സ്റ്റിഗനാണ് അവസാനം പരിക്കേറ്റ് പുറത്തായ താരം. മുന്നില്‍ ഒട്ടേറെ പ്രതിസന്ധികള്‍ നില്‍ക്കെ സ്വന്തം തട്ടകത്തില്‍ അതിനെ മറികടക്കാനുള്ള മിന്നും ജയമാണ് അവര്‍ ലക്ഷ്യമിടുന്നത്.
മുന്‍ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയും ആദ്യ ജയം തേടിയാണ് ഇന്ന് ഇറങ്ങുന്നത്. ആദ്യ പോരാട്ടത്തില്‍ ഇന്റര്‍ മിലാനുമായി അവര്‍ ഗോള്‍രഹിത സമനിലയില്‍ കുരുങ്ങിയിരുന്നു. ജയത്തോടെ തിരിച്ചെത്താനാണ് എവേ പോരിനായി സിറ്റി ഇറങ്ങുന്നത്. പ്രീമിയര്‍ ലീഗില്‍ ന്യൂകാസില്‍ യുനൈറ്റഡുമായി സിറ്റി സമനിലയില്‍ പിരിഞ്ഞിരുന്നു.
ഇന്റര്‍ മിലാന്‍ ആദ്യ ജയം തേടി സ്വന്തം തട്ടകത്തില്‍ ഇറങ്ങുന്നു. എതിരാളികള്‍ ക്രവെന സ്വെസ്ദ. ജയം തുടരുകയാണ് ജര്‍മന്‍ കരുത്തരായ ബൊറൂസിയ ഡോര്‍ട്മുണ്ടിന്റെ ലക്ഷ്യം. രണ്ടാം പോരില്‍ സ്വന്തം തട്ടകത്തില്‍ അവര്‍ സെല്‍റ്റിക്കിനെ നേരിടും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക