വിജയ റണ്‍ മലയാളി താരം സജനയുടെ ഫോറിലൂടെ! ത്രില്ലറില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യന്‍ വനിതകള്‍

വനിതാ ടി20 ലോകകപ്പില്‍ പാകിസ്ഥാനെ 6 വിക്കറ്റിന് പരാജയപ്പെടുത്തി ടീം ഇന്ത്യ വിജയ വഴിയില്‍ തിരിച്ചെത്തി
India Beat Pakistan
ഹര്‍മന്‍പ്രീത് കൗര്‍, ഷെഫാലി വര്‍മഎക്സ്
Published on
Updated on

ദുബായ്: വനിതാ ടി20 ലോകകപ്പിലെ ത്രില്ലര്‍ പോരാട്ടത്തില്‍ ചിര വൈരികളായ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യന്‍ ടീം വിജയ വഴിയില്‍. ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനോടു അപ്രതീക്ഷിത തോല്‍വി വഴങ്ങിയ ഇന്ത്യന്‍ ടീം രണ്ടാം പോരാട്ടത്തില്‍ പാകിസ്ഥാനെ 6 വിക്കറ്റിനു തകര്‍ത്തെറിഞ്ഞു.

ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സെടുത്തു. വിജയം തേടിയിറങ്ങിയ ഇന്ത്യന്‍ വനിതകള്‍ 7 പന്തുകള്‍ ശേഷിക്കെ നാല് വിക്കറ്റ് നഷ്ടത്തില്‍ 108 റണ്‍സെടുത്താണ് വിജയം സ്വന്തമാക്കിയത്.

ഓപ്പണര്‍ സ്മൃതി മന്ധാന രണ്ടാം പോരിലും പരാജയപ്പെട്ടു. താരമാണ് ആദ്യം മടങ്ങിയത്. 7 റണ്‍സ് മാത്രമാണ് സ്മൃതി കണ്ടെത്തിയത്. എന്നാല്‍ മറുഭാഗത്ത് ഷെഫാലി വര്‍മ തകര്‍പ്പന്‍ ബാറ്റിങ് പുറത്തെടുത്തു. 3 ഫോറുകള്‍ സഹിതം ഷെഫാലി 32 റണ്‍സ് സമ്മാനിച്ച് മടങ്ങി. രണ്ടാം വിക്കറ്റില്‍ ജെമിമ റോഡ്രിഗസിനെ കൂട്ടുപിടിച്ച് ഷെഫാലി 45 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്താണ് മടങ്ങിയത്. പിന്നീട് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ് ജെമിമയ്ക്ക് മികച്ച പിന്തുണ നല്‍കി. അതിനിടെ ജെമിമ (23) റണ്‍സെടുത്തു മടങ്ങി.

ജെമിമയ്ക്ക് പിന്നാലെ എത്തിയ റിച്ച ഘോഷ് ഗോള്‍ഡന്‍ ഡക്കായി പുറത്തായതോടെ ഇന്ത്യ ഞെട്ടി. എന്നാല്‍ ഒരറ്റത്ത്

ഹര്‍മന്‍പ്രീത് ഉറച്ചു നിന്നതോടെ ഇന്ത്യ ജയം കൈവിട്ടില്ല. ഹര്‍മന്‍പ്രീത് 24 പന്തില്‍ 29 റണ്‍സുമായി നില്‍ക്കെ താരം റിട്ടയേര്‍ട് ഹര്‍ട്ടായി മടങ്ങി.

ഹര്‍മന്‍പ്രീത് കൗര്‍ മടങ്ങിയതിനു പിന്നാലെ മലയാളി താരം സജന സജീവനാണ് ക്രീസിലെത്തിയത്. താരം നേരിട്ട ആദ്യ പന്തില്‍ തന്നെ വിജയിക്കാന്‍ ആവശ്യമായ 2 റണ്‍സ് ഫോറടിച്ച് നേടി. 1 പന്തില്‍ 4 റണ്‍സുമായി സജന പുറത്താകാതെ നിന്നു. ടീം വിജയം പിടിക്കുമ്പോള്‍ ദീപ്തി ശര്‍മയായിരുന്നു ശോഭനയ്‌ക്കൊപ്പം ക്രീസില്‍. താരം 7 റണ്‍സുമായി നിന്നു.

പാക് ക്യാപ്റ്റന്‍ ഫാത്തിമ സനയാണ് ഇന്ത്യയെ കുഴക്കിയ പാക് ബൗളര്‍. താരം 2 വിക്കറ്റുകള്‍ സ്വന്തമാക്കി. ജെമിമയേയും റിച്ചയേയും താരം അടുത്തടുത്ത പന്തുകളില്‍ പുറത്താക്കി.

ടോസ് നേടി പാകിസ്ഥാന്‍ ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. 1 റണ്ണില്‍ നില്‍ക്കെ പാകിസ്ഥാന് ആദ്യ വിക്കറ്റ് നഷ്ടമായി. ഒന്നാം ഓവറിലെ ആറാം പന്തില്‍ രേണുക സിങ് പാക് ഓപ്പണര്‍ ഗുല്‍ ഫെറോസയെ (0) മടക്കി. പിന്നീട് കൃത്യമായ ഇടവേളകളില്‍ അവര്‍ക്ക് വിക്കറ്റുകള്‍ നഷ്ടമായി.

മറ്റൊരു ഓപ്പണര്‍ മുനീബ അലി (17) പൊരുതി നിന്നെങ്കിലും അധികം നീണ്ടില്ല. പിന്നീട് എട്ടാം വിക്കറ്റില്‍ ഒന്നിച്ച പരിചയ സമ്പന്നയായ നിദ ദര്‍ (28), സയ്ദ അരൂബ് ഷാ ( പുറത്താകാതെ 14) എന്നിവരുടെ ബാറ്റിങാണ് അവരെ വന്‍ തകര്‍ച്ചയില്‍ നിന്നു രക്ഷിച്ചത്. ക്യാപ്റ്റന്‍ ഫാത്തിമ സന 8 പന്തില്‍ 13 റണ്‍സുമായി മികച്ച തുടക്കമിട്ടെങ്കിലും അതും അധികം നീണ്ടില്ല. ഒന്‍പതാം താരമായി ക്രീസിലെത്തിയ നസ്ര സന്ധു 2 പന്തില്‍ 6 റണ്‍സെടുത്ത് സ്‌കോര്‍ 105ല്‍ എത്തിച്ചു.

ഇന്ത്യക്കായി അരുന്ധതി റെഡ്ഡി മിന്നും ബൗളിങുമായി കളം വാണു. താരം 4 ഓവറില്‍ 19 റണ്‍സ് വഴങ്ങി 3 വിക്കറ്റുകള്‍ സ്വന്തമാക്കി. ശ്രേയങ്ക പാട്ടീലും തിളങ്ങി. 4 ഓവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി ശ്രേയങ്ക 2 വിക്കറ്റുകള്‍ വീഴ്ത്തി. മലയാളി താരം ആശ ശോഭന 4 ഓവറില്‍ 24 റണ്‍സ് വഴങ്ങി 1 വിക്കറ്റെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com