ലണ്ടന്‍: പുതിയ സീസണിലും കാര്യമായ മുന്നേറ്റം നടത്താന്‍ സാധിക്കാതെ വന്നതോടെ പരിശീലകന്‍ എറിക് ടെന്‍ ഹാഗിനെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പുറത്താക്കി. വെസ്റ്റ്ഹാമിനെതിരായ പോരാട്ടത്തില്‍ 2-1ന്റെ പരാജയം ഏറ്റുവാങ്ങിയതിനു പിന്നാലെയാണ് ക്ലബിന്റെ നടപടി. ഏതാണ്ട് മൂന്ന് സീസണുകളിലായി ക്ലബിന്റെ പരിശീലക കസേരയില്‍ ഇരുന്ന എറിക്ക് ടെന്‍ ഹാഗിനും മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ മികവിലേക്ക് എത്തിക്കാന്‍ കഴിഞ്ഞില്ല.
ടെന്‍ ഹാഗിന്റെ സഹ പരിശീലകനായി ടീമിനൊപ്പമുണ്ടായിരുന്നു മുന്‍ ഇതിഹാസ താരം റൂഡ് വാന്‍ നിസ്റ്റല്‍റൂയ് ടീമിന്റെ താത്കാലിക ചുമതല ഏറ്റെടുത്തിട്ടുണ്ട്. പുതിയ പരിശീലകനെ എത്തിക്കാനുള്ള ശ്രമവും ക്ലബ് തുടങ്ങിയിട്ടുണ്ട്.
1989-90 കാലഘട്ടത്തിനു ശേഷമാണ് ഇത്രയും പരിതാപകരമായ പ്രീമിയര്‍ ലീഗ് തുടക്കം മാഞ്ചസ്റ്ററിനുണ്ടായിരിക്കുന്നത്. നിലവില്‍ അവര്‍ 14ാം സ്ഥാനത്താണ്. കഴിഞ്ഞ സീസണിലും കാര്യമായ മുന്നേറ്റം പ്രീമിയര്‍ ലീഗില്‍ ടീമിനുണ്ടായിരുന്നില്ല. ആ ഘട്ടത്തിലും ടെന്‍ ഹാഗിന്റെ കസേര ഇളകിയിരുന്നു. എന്നാല്‍ എഫ്എ കപ്പില്‍ നാട്ടു വൈരികളായ മാഞ്ചസ്റ്റര്‍ സിറ്റിയെ വീഴ്ത്തി കിരീടം നേടാന്‍ യുനൈറ്റഡിനു സാധിച്ചതോടെ ഈ സീസണിലും ടെന്‍ ഹാഗിനെ നിലനിര്‍ത്തുകയായിരുന്നു.
2013ല്‍ ഇതിഹാസ പരിശീലകന്‍ സര്‍ അലക്‌സ് ഫെര്‍ഗൂസന്‍ 27 വര്‍ഷം നീണ്ട പരിശീലക കാലത്തിനു വിരാമമിട്ട് ക്ലബിന്റെ പടിയറിങ്ങിയ ശേഷം മാഞ്ചസ്റ്ററിനു നല്ല കാലമുണ്ടായില്ല. അതിനിടെ നിരവധി പരിശീലകര്‍ ആ കസേരയില്‍ എത്തിയെങ്കിലും കഴിഞ്ഞ 11 വര്‍ഷമായി പ്രീമിയര്‍ ലീഗ് കിരീടം അവര്‍ക്ക് കിട്ടാക്കനിയായി നില്‍ക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക