ന്യൂഡല്‍ഹി: ഓസ്‌ട്രേലിയന്‍ പര്യടനത്തിന് മുന്‍പ് ആത്മവിശ്വാസം വീണ്ടെടുക്കാന്‍ ആശ്വാസ വിജയം തേടി വെള്ളിയാഴ്ച ന്യൂസിലന്‍ഡിനെതിരായ അവസാന ടെസ്റ്റില്‍ ഇറങ്ങുന്ന ഇന്ത്യന്‍ ടീമില്‍ ജസ്പ്രീത് ബുംറ ഉണ്ടായേക്കില്ലെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയ്‌ക്കെതിരെ മൂന്ന് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങിയ പരമ്പര ഇതിനോടകം തന്നെ ന്യൂസിലന്‍ഡ് സ്വന്തമാക്കി കഴിഞ്ഞു. മുംബൈയില്‍ നടക്കുന്ന അവസാന ടെസ്റ്റില്‍ ആശ്വാസ ജയം തേടി കളിക്കളത്തില്‍ ഇറങ്ങുന്ന ഇന്ത്യന്‍ ടീമിന് ബുംറയുടെ അഭാവം തിരിച്ചടിയായേക്കും.
അഞ്ച് മത്സരങ്ങളുടെ പരമ്പരയ്ക്കായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നവംബര്‍ 10ന് ഓസ്ട്രേലിയയിലേക്ക് പറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആ സമയത്ത് ബുംറ ടീമിനൊപ്പം ചേരും. അദ്ദേഹം ഇതിനകം അഹമ്മദാബാദിലേക്ക് തിരിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ബുംറയുടെ അഭാവത്തില്‍ ന്യൂസിലന്‍ഡിനെതിരായ അവസാന ടെസ്റ്റില്‍ മുഹമ്മദ് സിറാജ് കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
'ബുംറ മുംബൈ ടെസ്റ്റ് കളിക്കില്ല. നാട്ടിലേക്ക് തിരിച്ചു. ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ അല്‍പ്പം വിശ്രമിക്കണമെന്നാണ് ഇന്ത്യന്‍ ടീം മാനേജ്മെന്റിന്റെ ആവശ്യം. ടീം ഓസ്ട്രേലിയയിലേക്ക് പോകുമ്പോള്‍ അദ്ദേഹം ഇന്ത്യന്‍ ടീമിനൊപ്പം ചേരും'- ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക