'ആ ബൗളര്‍ക്ക് ഒരു ദയയും ഇല്ല!'- ഗ്രൗണ്ടിലെ പ്രിയപ്പെട്ട നിമിഷം, ഓര്‍മയില്‍ സൂക്ഷിക്കുന്ന ഇന്നിങ്‌സ്... മനസ് തുറന്ന് വാര്‍ണര്‍

2014ലെ കേപ് ടൗണ്‍ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കക്കെതിരെ നേടിയ ത്രില്ലര്‍ വിജയമാണ് ഏറ്റവും മികച്ച നിമിഷമെന്നു വാര്‍ണര്‍ പറഞ്ഞു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

സിഡ്‌നി: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചതിന്റെ പിന്നാലെ ഏകദിനവും മതിയാക്കുകയാണെന്നു വ്യക്തമാക്കി ഡേവിഡ് വാര്‍ണര്‍. മൂന്ന് ഫോര്‍മാറ്റിലും ദീര്‍ഘ നാളായി ഓസ്‌ട്രേലിയന്‍ ഓപ്പണിങിന്റെ ഒരു വശത്ത് വാര്‍ണറുണ്ട്. ഈ മാസം മൂന്ന് മുതല്‍ ആരംഭിക്കുന്ന പാകിസ്ഥാനെതിരായ മൂന്നാം ടെസ്റ്റ് താരത്തിന്റെ അവസാന ടെസ്റ്റ് പോരാട്ടമാണ്. കരിയറിലെ മികച്ച ഇന്നിങ്‌സ്, ഗ്രൗണ്ടിലെ മികച്ച നിമിഷം, പന്തെറിഞ്ഞ് കഷ്ടപ്പെടുത്തിയ ബൗളര്‍ തുടങ്ങി നിരവധി ഓര്‍മകള്‍ പങ്കിടുകയാണ് വാര്‍ണര്‍. 

2014ലെ കേപ് ടൗണ്‍ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കക്കെതിരെ നേടിയ ത്രില്ലര്‍ വിജയമാണ് ഏറ്റവും മികച്ച നിമിഷമെന്നു വാര്‍ണര്‍ പറഞ്ഞു. റ്യാന്‍ ഹാരിസ് അവസാന രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയാണ് ഓസീസിനു വിജയം സമ്മാനിച്ചത്. 245 റണ്‍സിനാണ് അന്ന് ഓസീസ് വിജയിച്ചത്. ഇതോടെ പരമ്പര 1-1നു സമനിലയില്‍ ആക്കാനും അവര്‍ക്കായി. രണ്ട് ഇന്നിങ്‌സിലും വാര്‍ണര്‍ സെഞ്ച്വറി നേടിയിരുന്നു. 135, 145 റണ്‍സുകളാണ് താരം നേടിയത്. റ്യാന്‍ ഹാരിസ് ഏഴ് വിക്കറ്റുകളും വീഴ്ത്തി. 

'നിരവധി ഓര്‍മകളുണ്ട്. വ്യക്തിപരമായി പല അനുഭവങ്ങള്‍. ഒരു ടീമെന്ന നിലയില്‍ നോക്കിയാല്‍ തീര്‍ച്ചയായും ആഷസ് വിജയങ്ങളാണ് ഏറ്റവും പ്രിയപ്പെട്ടത്. എന്നാല്‍ വ്യക്തിപരമായി പറഞ്ഞാല്‍ 2014ലെ ദക്ഷിണാഫ്രിക്കക്കെതിരായ വിജയം വേറിട്ടതാണ്. ഞാന്‍ നേരിട്ട ഏറ്റവും കാഠിന്യമേറിയ പോരാട്ടമായിരുന്നു അത്. റ്യാന്‍ ഹാരിസ് അവസാന രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി വിജയം ഉറപ്പിച്ച ആ നിമിഷം സവിശേഷമായി തന്നെ നില്‍ക്കുന്നു.' 

'2019ല്‍ പാകിസ്ഥാനെതിരെ നേടിയ ട്രിപ്പിള്‍ സെഞ്ച്വറിയാണ് (335 നോട്ടൗട്ട്) ആണ് പ്രിയപ്പെട്ട ഇന്നിങ്‌സ്. ഒരു പക്ഷേ ഞാന്‍ ഏറ്റവും കൂടുതല്‍ ക്ഷമ കാണിച്ച് ബാറ്റ് ചെയ്ത ഇന്നിങ്‌സായിരിക്കും അത്. മണിക്കൂറുകളോളം ക്രീസില്‍ നില്‍ക്കുക. ഒരോ ദിവസവും എഴുന്നേറ്റ് ഒരേ മനോനില നിലനിര്‍ത്തുക എന്നതെല്ലാം വലിയ മാനസിക വെല്ലുവിളിയായിരുന്നു. മുന്‍പൊരിക്കലും ഞാന്‍ ഇത്രയും മണിക്കൂര്‍ ക്രീസില്‍ നിന്നിട്ടില്ല.' 

കരിയറിലെ തന്നെ ഏറ്റവും അധികം പരീക്ഷിച്ച ബൗളര്‍ ദക്ഷിണാഫ്രിക്കയുടെ പേസ് ഇതിഹാസം ഡെയ്ല്‍ സ്റ്റെയിനാണെന്നു വാര്‍ണര്‍ വ്യക്തമാക്കി. അദ്ദേഹത്തിന്റെ പന്തുകള്‍ വളരെ തീക്ഷ്ണമായിരുന്നുവെന്നു വാര്‍ണര്‍ ഓര്‍ക്കുന്നു. 

'ഏറെ ബുദ്ധിമുട്ടിച്ച ബൗളര്‍ ഒരു സംശയവും വേണ്ട, അത് ഡെയ്ല്‍ സ്റ്റെയിനാണ്. ഇടംകൈ കൊണ്ടു പന്ത് സ്വിങ് ചെയ്യിക്കുന്ന സ്റ്റെയിന്‍ നിങ്ങളോടു ഒരു ദയയും കാണിക്കില്ല. ഒരു പഴുതു പോലും അനുവദിക്കാതെ അദ്ദേഹം പന്തെറിയും.' 

കരിയറില്‍ കടപ്പെട്ടിരിക്കുന്ന ഒരാള്‍ ഗ്രെയ്ഗ് ചാപ്പലാണെന്നു വാര്‍ണര്‍ പറയുന്നു. 

'2011ലെ ഓസ്‌ട്രേലിയ എ ടീമിനൊപ്പം സിംബാബ്‌വെയില്‍ പര്യടനം നടത്തുന്നു. അന്ന് ലഞ്ചിനു പിരിയുമ്പോള്‍ ഞാന്‍ 40 റണ്‍സെടുത്തു പുറത്താകാതെ നില്‍ക്കുന്നു. അദ്ദേഹം എന്റെ സമീപത്തു വന്നു പറഞ്ഞു. നിങ്ങള്‍ ഈ കളിയില്‍ സെഞ്ച്വറിയടിച്ചാല്‍ അതു നിങ്ങളുടെ ജീവിതം തന്നെ മാറ്റും. അന്ന് ഞാന്‍ 200 റണ്‍സടിച്ചു. പിന്നീട് അദ്ദേഹം ഇക്കാര്യം എന്നെ ഓര്‍മിപ്പിക്കുകയും ചെയ്തു. അതെല്ലാം എന്നെ സംബന്ധിച്ചു പ്രിയപ്പെട്ട അനുഭവങ്ങളാണ്'- വാര്‍ണര്‍ വ്യക്തമാക്കി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com