

രാജ്‌കോട്ട്: ചരിത്രത്തിലേക്ക് ബാറ്റ് വീശി ഇന്ത്യയുടെ വെറ്ററന്‍ ക്ലാസിക്ക് ടെസ്റ്റ് ബാറ്റര്‍ ചേതേശ്വര്‍ പൂജാര. രഞ്ജി സീസണിനു മിന്നും ഇരട്ട സെഞ്ച്വറിയോടെ തുടക്കമിട്ട പൂജാര, ഫസ്റ്റ് ക്ലാസ് കരിയറിലെ 17ാം ഇരട്ട സെഞ്ച്വറി കുറിച്ച് ഇതിഹാസ പട്ടികയിലേക്ക് തന്റെ പേരും എഴുതി ചേര്‍ത്തു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഏറ്റവും കുടുതല്‍ ഡബിള്‍ സെഞ്ച്വറികള്‍ സ്വന്തമാക്കുന്ന ഇതിഹാസ പട്ടികയിലാണ് പൂജിയും അംഗമായത്.
ഝാര്‍ഖണ്ഡിനെതിരായ സീസണിലെ ആദ്യ രഞ്ജി പോരാട്ടത്തില്‍ പൂജാര 243 റണ്‍സുമായി പുറത്താകാതെ നിന്നു. 356 പന്തുകള്‍ നേരിട്ട് 30 ഫോറുകള്‍ സഹിതമാണ് താരത്തിന്റെ മാസ്മരിക ഇന്നിങ്‌സ്.
സര്‍ ഡോണ്‍ ബ്രാഡ്മാനാണ് പട്ടികയില്‍ ഒന്നാമന്‍. 37 ഇരട്ട സെഞ്ച്വറികള്‍. 36 ഡബിളുകളുമായി വാലി ഹാമണ്ട് രണ്ടാമത്. 22 ഇരട്ട ശതകങ്ങള്‍ കുറിച്ച് പാറ്റ്‌സി ഹെന്‍ഡ്രന്‍ മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു. 17 ഇരട്ട ശതകങ്ങളുമായി ഹെര്‍ബര്‍ട് സറ്റ്ക്ലിഫ്, മാര്‍ക് രാംപ്രകാശ് എന്നിവര്‍ക്കൊപ്പമാണ് പൂജാര ഈ പട്ടികയില്‍ ഇടംപിടിച്ചത്.
മൂന്ന് ട്രിപ്പിള്‍ സെഞ്ച്വറികളും പൂജാരയ്ക്ക് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലുണ്ട്. 17ാം ഇരട്ട സെഞ്ച്വറിയ്‌ക്കൊപ്പം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ താരം 19,700 റണ്‍സും സ്വന്തമാക്കി. രഞ്ജിയിൽ പൂജാരയുടെ എട്ടാം ഡബിൾ സെഞ്ച്വറിയാണിത്.
2023 ജൂലൈയ്ക്ക് ശേഷം ഇന്ത്യക്കായി ടെസ്റ്റ് കളിച്ചിട്ടില്ല പൂജാര. രഞ്ജി സീസണിലെ തുടക്കത്തില്‍ തന്നെ ഇരട്ട സെഞ്ച്വറി നേടിയ പൂജാര ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര നടക്കാനിരിക്കെ ദേശീയ ടീമിലേക്കുള്ള മടങ്ങി വരവിന് ശക്തമായ അവകാശവും താരം ഉന്നയിക്കുന്നു.
പൂജാരയുടെ ബലത്തില്‍ സൗരാഷ്ട്ര നാല് വിക്കറ്റ് നഷ്ടത്തില്‍ 578 റണ്‍സെടുത്തു ഒന്നാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. ആദ്യ ഇന്നിങ്‌സില്‍ ഝാര്‍ഖണ്ഡിന്റെ പോരാട്ടം 142 റണ്‍സില്‍ ഒതുക്കിയ സൗരാഷ്ട്രയ്ക്ക് ഇതോടെ 436 റണ്‍സിന്റെ കൂറ്റന്‍ ലീഡ്.
പൂജാരയ്ക്ക് പ്രേരക് മങ്കാദ് സെഞ്ച്വറി (104) യുമായി പുറത്താകാതെ കൂട്ടായി. ഹര്‍വിക് ദേശായ് (85), ഷെല്‍ഡന്‍ ജാക്‌സന്‍ (54), അര്‍പിത് വാസവദ (68) എന്നിവരും സൗരാഷ്ട്രയ്ക്കായി തിളങ്ങി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates