
ലഖ്‌നൗ: ശ്രേയസ് അയ്യരിന്റെ ക്യാപ്റ്റന്‍സിയിലും റിക്കി പോണ്ടിങിന്റെ തന്ത്രത്തിലും ഇതുവരെ കാണാത്ത ഒരു പഞ്ചാബ് കിങ്‌സ് ടീം. ഐപിഎല്ലില്‍ തുടരെ രണ്ടാം പോരാട്ടത്തില്‍ അനായാസ വിജയവുമായി പഞ്ചാബിന്റെ മുന്നേറ്റം. എവേ പോരാട്ടത്തില്‍ അവര്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ 8 വിക്കറ്റിനു തകര്‍ത്തു. തുടരെ രണ്ടാം മത്സരത്തിലും ശ്രേയസ് അയ്യര്‍ അര്‍ധ സെഞ്ച്വറിയുമായി ശ്രേയസ് മികവോടെ ടീമിനെ നയിച്ചു. സിക്‌സടിച്ച് ടീമിന്റെ വിജയവും ശ്രേയസ് ഉറപ്പാക്കി.
ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്തു. പഞ്ചാബ് 16.2 ഓവറില്‍ 2 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 177 റണ്‍സെടുത്തു.
34 പന്തില്‍ 9 ഫോറും 3 സിക്‌സും സഹിതം 69 റണ്‍സെടുത്ത ഓപ്പണര്‍ പ്രഭ്‌സിമ്രാന്‍ സിങാണ് ടീമിന്റെ ടോപ് സ്‌കോറര്‍. ശ്രേയസ് 30 പന്തില്‍ 3 ഫോറും 4 സിക്‌സും സഹിതം 52 റണ്‍സെടുത്തു പുറത്താകാതെ നിന്നു. ഒപ്പം ഇംപ്കാട് പ്ലെയറായി ഇറങ്ങിയ നേഹല്‍ വധേര 25 പന്തില്‍ 3 ഫോറും 4 സിക്‌സും തൂക്കി 43 റണ്‍സുമായി ശ്രേയസിനൊപ്പം പാഞ്ചാബ് ജയം അതിവേഗം പൂര്‍ത്തിയാക്കി.
ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യ മാത്രമാണ് നിരാശപ്പെടുത്തിയത്. താരം 8 റണ്‍സുമായി മടങ്ങി. പഞ്ചാബിനു നഷ്ടമായ 2 വിക്കറ്റുകളും ദിഗ്വേഷ് രതി സ്വന്തമാക്കി.
ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗവിന് ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ മിച്ചല്‍ മാര്‍ഷിനെ ഗോള്‍ഡന്‍ ഡക്കില്‍ നഷ്ടമായി. സ്ഥിരതയോടെ ബാറ്റിങ് തുടരുന്ന നിക്കോളാസ് പൂരാനാണ് ടീമിനെ ട്രാക്കിലാക്കിയത്. 35 റണ്‍സ് ചേര്‍ക്കുന്നതിനിടെ ലഖ്‌നൗവിനു 3 വിക്കറ്റുകള്‍ നഷ്ടമായിരുന്നു.
ക്യാപ്റ്റന്‍ ഋഷഭ് പന്ത് വീണ്ടും പരാജയമായി. താരം 5പന്തില്‍ 2 റണ്‍സുമായി മടങ്ങി.
പൂരാനാണ് ടീമിന്റെ ടോപ് സ്‌കോറര്‍. താരം 30 പന്തില്‍ 5 ഫോറും 2 സിക്‌സും സഹിതം 44 റണ്‍സെടുത്തു. ആയുഷ് ബദോനിയാണ് പൊരുതി നിന്ന മറ്റൊരു താരം. ബദോനി 3 സിക്‌സും ഒരു ഫോറും സഹിതം 33 പന്തില്‍ 41 റണ്‍സെടുത്തു.
ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രം ഒരു സിക്‌സും 4 ഫോറും സഹിതം 28 റണ്‍സ് കണ്ടെത്തി. വാലറ്റത്ത് അബ്ദുല്‍ സമദ് 12 പന്തില്‍ 2 വീതം സിക്‌സും ഫോറും സഹിതം 27 റണ്‍സും അടിച്ചു. ഡേവിഡ് മില്ലര്‍ 18 റണ്‍സെടുത്തു.
പഞ്ചാബിനായി അര്‍ഷ്ദീപ് സിങ് 3 വിക്കറ്റുകള്‍ വീഴ്ത്തി. ലോക്കി ഫെര്‍ഗൂസന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, മാര്‍ക്കോ യാന്‍സന്‍, യുസ്‌വേന്ദ്ര ചഹല്‍ എന്നിവര്‍ ഒരോ വിക്കറ്റെടുത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക